| Wednesday, 2nd July 2025, 11:35 am

തെലുങ്കിലെ ആ സൂപ്പര്‍താരത്തിന് വേണ്ടി എഴുതിയ കഥയാണ് വിണ്ണൈത്താണ്ടി വരുവായ, ചിരഞ്ജിവിയെ ഗസ്റ്റ് റോളില്‍ കൊണ്ടുവരാന്‍ ആലോചിച്ചിരുന്നു: ഗൗതം വാസുദേവ് മേനോന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളാണ് ഗൗതം വാസുദേവ് മേനോന്‍. 2001ല്‍ മിന്നലേ എന്ന ചിത്രത്തിലൂടെയാണ് ഗൗതം വാസുദേവ് മേനോന്‍ ഒരു സ്വതന്ത്രസംവിധായകനായി എത്തുന്നത്. പിന്നീട് കാക്ക കാക്ക, വാരണം ആയിരം, വേട്ടൈയാട് വിളൈയാട്, വിണ്ണൈത്താണ്ടി വരുവായ തുടങ്ങിയ മികച്ച ചിത്രങ്ങളിലൂടെ തമിഴിലെ മുന്‍നിര സംവിധായകരില്‍ സ്ഥാനം നേടിയെടുത്തു.

സിലമ്പരസന്‍, തൃഷ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗൗതം മേനോന്‍ സംവിധാനം ചെയ്ത് 2010ല്‍ പുറത്തിറങ്ങിയ ചിത്രമാണ് വിണ്ണൈത്താണ്ടി വരുവായ. സിനിമാപ്രേമികള്‍ക്കിടയില്‍ കള്‍ട്ട് ക്ലാസിക് ലേബല്‍ ലഭിച്ച ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്‍. ചിത്രം സിലമ്പരസന് വേണ്ടി എഴുതിയതല്ലെന്ന് അദ്ദേഹം പറയുന്നു.

തെലുങ്കിലെ സൂപ്പര്‍താരങ്ങളിലൊരാളായ മഹേഷ് ബാബു ഒരു സിനിമക്കായി തന്നെ സമീപിച്ചെന്നും അദ്ദേഹത്തിന്റെ പ്രൊഡക്ഷന്‍ ഹൗസ് ആ സിനിമ നിര്‍മിക്കാമെന്ന് തന്നോട് പറഞ്ഞെന്നും ജി.വി.എം. കൂട്ടിച്ചേര്‍ത്തു. അങ്ങനെയാണ് താന്‍ വിണ്ണൈത്താണ്ടി വരുവായയുടെ സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കിയതെന്നും എന്നാല്‍ മഹേഷ് ബാബുവിന് ആ പ്രൊജക്ടിനോട് താത്പര്യമില്ലായിരുന്നെന്നും അദ്ദേഹം പറയുന്നു. സുധീര്‍ ശ്രീനിവാസനോട് സംസാരിക്കുകയായിരുന്നു ഗൗതം മേനോന്‍.

‘വിണ്ണൈത്താണ്ടി വരുവായ സിലമ്പരസന് വേണ്ടി എഴുതിയ സിനിമയല്ല. അത് ഉണ്ടായ കഥ കുറച്ച് പേര്‍ക്കൊക്കെ അറിയാമെന്ന് തോന്നുന്നു. തെലുങ്കിലെ സൂപ്പര്‍സ്റ്റാറായ മഹേഷ് ബാബു എന്നെ സമീപിച്ചു. അദ്ദേഹവുമായി ഒരു പ്രൊജക്ട് ചെയ്യാമോ എന്ന് ചോദിച്ചു. അവരുടെ തന്നെ പ്രൊഡക്ഷന്‍ ഹൗസ് ആ സിനിമ നിര്‍മിക്കാമെന്ന് എന്നോട് പറയുകയും ചെയ്തു.

അങ്ങനെ ഞാന്‍ എഴുതിയ സിനിമയാണ് വിണ്ണൈത്താണ്ടി വരുവായ. മഹേഷ് ബാബുവും ഞാനും ചേരുമ്പോള്‍ ആക്ഷന്‍ സിനിമയാകും പലരും പ്രതീക്ഷിക്കുക. പക്ഷേ, ഞാന്‍ ഒരിക്കലും ആരുടെയും പ്രതീക്ഷക്കൊത്ത് ഒന്നും ചെയ്യാന്‍ നില്‍ക്കാറില്ല. എനിക്ക് എന്താണോ തോന്നുന്നത് അത് എഴുതുകയാണ് പതിവ്. വിണ്ണൈത്താണ്ടി വരുവായയുടെ ആദ്യ ഡ്രാഫ്റ്റ് ഇങ്ങനെയായിരുന്നില്ല. ക്ലൈമാക്‌സില്‍ നായകനും നായികയും കണ്ടുമുട്ടുന്നത് ഇങ്ങനെയായിരുന്നില്ല. കാര്‍ത്തിക് അസിസ്റ്റന്റായി വര്‍ക്ക് ചെയ്യുന്ന സിനിമയില്‍ ചിരഞ്ജീവിയാണ് ഹീറോ.

കാര്‍ത്തികിന്റെ മുഖത്തെ പരിഭ്രമം കണ്ടിട്ട് ചിരഞ്ജീവി അയാളെ അടുത്തേക്ക് വിളിച്ച് എന്താണ് കാര്യമെന്ന് ചോദിക്കുന്നു. നായകന്‍ കാര്യമെല്ലാം പറയുന്നു. നായിക വേറൊരാളെ കല്യാണം കഴിച്ചിട്ട് പോകുന്നു എന്ന രീതിയില്‍ സിനിമ അവസാനിക്കുന്നു. ഇതായിരുന്നു ഫസ്റ്റ് ഡ്രാഫ്റ്റിന്റെ ക്ലൈമാക്‌സ്. പക്ഷേ, മഹേഷ് ബാബുവിന് ഈ കഥ ഇഷ്ടമായില്ല. അദ്ദേഹം ഒരു ആക്ഷന്‍ സിനിമയായിരുന്നു ഉദ്ദേശിച്ചത്. തെലുങ്കിലെ മറ്റൊരു താരത്തെയും സമീപിച്ചു. അയാള്‍ക്കും താത്പര്യമുണ്ടായിരുന്നില്ല,’ ഗൗതം മേനോന്‍ പറഞ്ഞു.

Content Highlight: Gautham Vasudev Menon saying Vinnaithandi Varuvaya movie initially planned for Mahesh Babu

We use cookies to give you the best possible experience. Learn more