| Wednesday, 12th February 2025, 7:30 pm

ഡബ്ബിങ്ങിനോട് മമ്മൂക്കക്ക് ഇപ്പോള്‍ താത്പര്യമില്ലെന്ന് പറയുന്നത് ശരിയാണ്, അതിന് അദ്ദേഹം പറയുന്ന കാരണം... ഗൗതം വാസുദേവ് മേനോന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടിക്കമ്പനി നിര്‍മിച്ച് ഈ വര്‍ഷം പുറത്തിറങ്ങിയ ചിത്രമാണ് ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്‌സ്. ഗൗതം വാസുദേവ് മേനോന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന മലയാളചിത്രമാണിത്. കോമഡി ഇന്‍വെസ്റ്റിഗേഷന്‍ ഴോണറില്‍ പുറത്തിറങ്ങിയ ചിത്രം മികച്ച പ്രതികരണം നേടിയെങ്കിലും തിയേറ്ററില്‍ അര്‍ഹിച്ച വിജയം സ്വന്തമാക്കിയിരുന്നില്ല.

മമ്മൂട്ടിയുടെ മുന്‍ ചിത്രങ്ങളിലേതുപോലെ സിങ്ക് സൗണ്ട് ഫോര്‍മാറ്റിലാണ് ഡൊമിനിക്കും അണിയിച്ചൊരുക്കിയത്. മമ്മൂട്ടി സിങ്ക് സൗണ്ടിന് പ്രാധാന്യം കൊടുക്കുന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്‍. ഡബ്ബിങ്ങിനോട് മമ്മൂട്ടിക്ക് ഇപ്പോള്‍ താത്പര്യമില്ലെന്ന് പറയുന്നത് സത്യമാണെന്ന് ഗൗതം മേനോന്‍ പറഞ്ഞു.

ഡൊമിനിക്കിലെ നായികയായ സുഷ്മിത ഭട്ടിന് മലയാളം ശരിയായി സംസാരിക്കാന്‍ അറിയില്ലെന്നും അവര്‍ക്ക് ഡബ്ബിങ് ചെയ്യാമോ എന്ന് ചോദിച്ചപ്പോള്‍ അതും വേണ്ടെന്ന് മമ്മൂട്ടി തന്നോട് പറഞ്ഞെന്നും ജി.വി.എം. കൂട്ടിച്ചേര്‍ത്തു. എന്നിരുന്നാലും സുഷ്മിതയുടെ ചില പോര്‍ഷന്‍സ് ഡബ് ചെയ്‌തെന്നും ബാക്കിയെല്ലാം സിങ്ക് സൗണ്ടില്‍ ചിത്രീകരിച്ചെന്നും ഗൗതം മേനോന്‍ പറഞ്ഞു.

ഒരു ആക്ടര്‍ അയാളുടെ സ്വന്തം ശബ്ദത്തില്‍ സിനിമയിലേക്ക് വരുന്നതാണ് മമ്മൂട്ടിക്കിഷ്ടമെന്നും ജി.വി.എം. കൂട്ടിച്ചേര്‍ത്തു. എല്ലാം ഷൂട്ട് ചെയ്ത ശേഷം ഡബ്ബിങ് സ്റ്റുഡിയോയില്‍ വീണ്ടും റീക്രിയേറ്റ് ചെയ്യുന്നത് ശരിയല്ലെന്നാണ് മമ്മൂട്ടിയുടെ അഭിപ്രായമെന്ന് ഗൗതം മേനോന്‍ പറഞ്ഞു. ഡബ്ബിങ് പ്രോസസ്സില്‍ ഫേക്കായി വീണ്ടും ശബ്ദം കൊടുക്കുന്നത് ശരിയല്ലെന്ന് മമ്മൂട്ടി പറഞ്ഞെന്നും ജി.വി.എം. കൂട്ടിച്ചേര്‍ത്തു. സിനി ഉലകത്തോട് സംസാരിക്കുകയായിരുന്നു ഗൗതം വാസുദേവ് മേനോന്‍.

‘ഡബ്ബിങ്ങിനോട് മമ്മൂട്ടി സാറിന് ഇപ്പോള്‍ താത്പര്യമില്ലെന്ന് പറയുന്നത് ശരിയാണ്. ഈ സിനിമയില്‍ സുഷ്മിതക്ക് മലയാളം ശരിയായി വരില്ലെന്നും അവര്‍ക്ക് ഡബ് ചെയ്താലോ എന്ന് സാറിനോട് ചോദിച്ചു. പക്ഷേ, അതു വേണ്ടെന്നായിരുന്നു സാറിന്റെ അഭിപ്രായം. എന്നിരുന്നാലും അവരുടെ ചില പോര്‍ഷന്‍സ് ഡബ് ചെയ്യേണ്ടി വന്നു. അതുപോലെ മമ്മൂട്ടി സാറിന്റെ ചില പോര്‍ഷനില്‍ നോയിസ് വന്നതുകൊണ്ട് ആ ഭാഗങ്ങളിലും കറക്ഷന്‍ ചെയ്തു.

ഒരു ആക്ടര്‍ സ്വന്തം ശബ്ദത്തില്‍ സിനിമയിലേക്ക് വരുന്നതാണ് മമ്മൂട്ടി സാറിന് ഇഷ്ടം. എല്ലാം ഷൂട്ട് ചെയ്ത ശേഷം ആ ഡയലോഗ് മുഴുവന്‍ ഡബ്ബിങ് സ്റ്റുഡിയോയില്‍ റീക്രിയേറ്റ് ചെയ്യുന്നത് ശരിയല്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഡബ്ബിങ് പ്രോസസ്സില്‍ വീണ്ടും അതെല്ലാം പറയുമ്പോള്‍ അത് ഫേക്കായി തോന്നുമെന്നും അത് ശരിയല്ലെന്നുമാണ് സാര്‍ പറയുന്നത്. ഇതാണ് ആ നടന്റെ യഥാര്‍ത്ഥ ശബ്ദമെന്ന് പ്രേക്ഷകര്‍ അറിയണമെന്നാണ് സാര്‍ പറയുന്നത്,’ ഗൗതം വാസുദേവ് മേനോന്‍ പറഞ്ഞു.

Content Highlight: Gautham Vasudev Menon Saying Mammootty prefer for sync sound in his most movie

We use cookies to give you the best possible experience. Learn more