| Monday, 21st April 2025, 4:54 pm

ഡൊമിനിക്കില്‍ മമ്മൂക്ക ചെയ്ത എന്റെ ഫേവറെറ്റ് ഷോട്ട്, റിലീസിന് രണ്ട് ദിവസമുള്ളപ്പോള്‍ അത് സിനിമയില്‍ നിന്ന് മാറ്റാന്‍ മമ്മൂക്ക ആവശ്യപ്പെട്ടു: ഗൗതം വാസുദേവ് മേനോന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടി- ഗൗതം വാസുദേവ് മേനോന്‍ കോമ്പോ ആദ്യമായി ഒന്നിച്ച ചിത്രമായിരുന്നു ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്സ്. അടുത്ത കാലത്തായി മമ്മൂട്ടിയെ ഏറ്റവും സ്‌റ്റൈലിഷായി അവതരിപ്പിച്ച ചിത്രമായിരുന്നു ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്സ്. കോമഡിയുടെ ട്രാക്കില്‍ കഥ പറഞ്ഞ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറിന് എല്ലായിടത്തും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.

എന്നാല്‍ തിയേറ്ററില്‍ മികച്ച കളക്ഷന്‍ നേടാന്‍ ചിത്രത്തിന് സാധിച്ചിരുന്നില്ല. മമ്മൂട്ടിക്കമ്പനിയുടെ ഹിറ്റ് സ്ട്രീക്കിന് താത്കാലിക വിരാമമിട്ട ചിത്രമായിരുന്നു ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്‌സ്. ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്‍. ചിത്രത്തില്‍ മമ്മൂട്ടിയുടെ ഒരു പ്രത്യേക ഷോട്ട് താന്‍ എടുത്തിരുന്നെന്ന് ഗൗതം മേനോന്‍ പറഞ്ഞു.

ഇതുവരെ കാണാത്ത തരത്തിലായിരുന്നു ആ ഷോട്ടില്‍ മമ്മൂട്ടിയെ അവതരിപ്പിച്ചതെന്നും തനിക്ക് ഏറെ ഇഷ്ടപ്പെട്ട ഷോട്ടായിരുന്നു അതെന്നും ജി.വി.എം കൂട്ടിച്ചേര്‍ത്തു. ചിത്രത്തിന്റെ ഷൂട്ട് കഴിഞ്ഞ് സെന്‍സറിങ് പൂര്‍ത്തിയായ സമയത്ത് മമ്മൂട്ടി തന്നെ വിളിച്ച് ആ സീന്‍ ഒഴിവാക്കാമോ എന്ന് ചോദിച്ചിരുന്നെന്ന് ഗൗതം മേനോന്‍ പറഞ്ഞു.

എന്താണ് കാരണമെന്ന് ചോദിച്ചപ്പോള്‍ അതേ ഷോട്ട് താന്‍ ബസൂക്കയിലും ചെയ്തിട്ടുണ്ടായിരുന്നെന്നായിരുന്നു മറുപടിയെന്ന് ഗൗതം വാസുദേവ് മേനോന്‍ കൂട്ടിച്ചേര്‍ത്തു. ബസൂക്ക കാണുമ്പോള്‍ ആളുകള്‍ക്ക് ആ ഷോട്ടില്‍ പുതുമ തോന്നില്ലെന്നും പറ്റുമെങ്കില്‍ അത് ഒഴിവാക്കുമോ എന്ന് മമ്മൂട്ടി ആവശ്യപ്പെട്ടെന്നും ജി.വി.എം പറഞ്ഞു. താന്‍ ആ ഷോട്ട് ഒഴിവാക്കിയെന്നും ഗൗതം മേനോന്‍ പറഞ്ഞു. റെഡ് എഫ്.എം. മലയാളത്തോട് സംസാരിക്കുകയായിരുന്നു ഗൗതം വാസുദേവ് മേനോന്‍.

‘ഡൊമിനിക്കില്‍ മമ്മൂക്കയുടെ ഒരു ഷോട്ടുണ്ട്. അദ്ദേഹം ഇതുവരെ ചെയ്യാത്ത തരത്തിലുള്ള ഒരു സ്‌പെഷ്യല്‍ ആക്ടിങ്ങായിരുന്നു ആ ഷോട്ടില്‍. സിനിമയില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഷോട്ടായിരുന്നു അത്. പടത്തിന്റെ ഷൂട്ട് കഴിഞ്ഞ് സെന്‍സര്‍ ചെയ്തു. റിലീസിന് രണ്ട് ദിവസം ബാക്കിയുള്ളപ്പോള്‍ മമ്മൂട്ടി സാര്‍ എന്നെ വിളിച്ചിട്ട് ആ ഷോട്ട് ഒഴിവാക്കാമോ എന്ന് ചോദിച്ചു.

എന്താണ് കാരണമെന്ന് അദ്ദേഹത്തോട് ചോദിച്ചു. ‘അതേ മാനറിസം ഞാന്‍ ബസൂക്കയിലും ചെയ്തിട്ടുണ്ട്. ആ സിനിമയുടെ ഷൂട്ട് ആദ്യമേ കഴിഞ്ഞതായിരുന്നു’ എന്ന് അദ്ദേഹം പറഞ്ഞു. ബസൂക്കയില്‍ അദ്ദേഹം ഇതുവരെ കാണാത്ത ഗെറ്റപ്പില്‍ വരുന്നുണ്ട്. ഈ സീന്‍ ഞാന്‍ സിനിമയില്‍ വെച്ചാല്‍ ബസൂക്ക കാണുന്ന പ്രേക്ഷകര്‍ക്ക് ആ ആകര്‍ഷണം പോകും. അതുകൊണ്ട് ഡൊമിനിക്കിലെ ആ ഷോട്ട് ഞാന്‍ ഒഴിവാക്കി,’ ഗൗതം വാസുദേവ് മേനോന്‍ പറയുന്നു.

Content Highlight: Gautham Vasudev Menon saying he removed his favorite shot from Dominic and the Ladies Purse

We use cookies to give you the best possible experience. Learn more