| Wednesday, 9th April 2025, 6:05 pm

കുറച്ചുകൂടി വലിയ പ്രൊമോഷന്‍ കൊടുക്കാമായിരുന്നു, ഡൊമിനിക് റിലീസായത് പോലും കേരളത്തില്‍ പലരും അറിഞ്ഞിട്ടില്ല: ഗൗതം വാസുദേവ് മേനോന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടി- ഗൗതം വാസുദേവ് മേനോന്‍ കോമ്പോ ആദ്യമായി ഒന്നിച്ച ചിത്രമായിരുന്നു ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്‌സ്. അടുത്ത കാലത്തായി മമ്മൂട്ടിയെ ഏറ്റവും സ്റ്റൈലിഷായി അവതരിപ്പിച്ച ചിത്രമായിരുന്നു ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്‌സ്. കോമഡിയുടെ ട്രാക്കില്‍ കഥ പറഞ്ഞ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറിന് എല്ലായിടത്തും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.

എന്നാല്‍ തിയേറ്ററില്‍ വലിയ ചലനമുണ്ടാക്കാന്‍ ഡൊമിനിക്കിന് സാധിച്ചില്ല. തുടര്‍ച്ചയായി ഹിറ്റുകള്‍ സമ്മാനിച്ച മമ്മൂട്ടിക്കമ്പനിയുടെ ആദ്യ തിയേറ്റര്‍ ഫ്‌ളോപ്പായിരുന്നു ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്‌സ്. ബിസിനസില്‍ ലാഭകരമായ സ്ഥാനത്തെത്താന്‍ സാധിച്ചെങ്കിലും മമ്മൂട്ടിയുടെ ഹിറ്റ് സ്ട്രീക്കിന് താത്കാലിക വിരാമം കൂടിയായിരുന്നു ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്‌സ്.

ചിത്രത്തിന് കുറച്ചുകൂടി പ്രൊമോഷന്‍ കൊടുക്കാമായിരുന്നെന്ന് അഭിപ്രായപ്പെടുകയാണ് സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്‍. പലയാളുകള്‍ക്കും ആ സിനിമയെക്കുറിച്ച് അധികം അറിയില്ലെന്ന് ഗൗതം വാസുദേവ് മേനോന്‍ പറഞ്ഞു. ബസൂക്കയുടെ പ്രൊമോഷനായി ഒരു ജേണലിസ്റ്റിനെ കണ്ടപ്പോള്‍ അവര്‍ ആദ്യം ചോദിച്ചത് ഡൊമിനിക് എന്നാണ് റിലീസ് എന്നായിരുന്നെന്നും ജി.വി.എം. കൂട്ടിച്ചേര്‍ത്തു.

കേരളത്തിലും പലയിടങ്ങളിലും സിനിമയുടെ റിലീസിനെപ്പറ്റി ആളുകള്‍ക്ക് അത്ര അറിവില്ലായിരുന്നെന്നും ഗൗതം മേനോന്‍ പറഞ്ഞു. തിരുവനന്തപുരത്ത് ഒരു ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ പോയപ്പോള്‍ അവരും ഇതേ കാര്യം ചോദിച്ചെന്നും ജി.വി.എം. പറയുന്നു. മമ്മൂട്ടിയുടെ കൂടെയുള്ള സിനിമയും വിക്രമിന്റെ കൂടെയുള്ള ധ്രുവ നച്ചത്തിരവും റിലീസായിട്ടില്ലെന്നാണ് പലരും ധരിച്ചിരിക്കുന്നതെന്നും ഗൗതം വാസുദേവ് മേനോന്‍ പറഞ്ഞു. പേളി മാണിയോട് സംസാരിക്കുകയായിരുന്നു ഗൗതം വാസുദേവ് മേനോന്‍.

‘ഡൊമിനിക്കിന് കുറച്ചുകൂടി പ്രൊമോഷന്‍ കൊടുക്കാമായിരുന്നെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. കാരണം, ആ സിനിമയെപ്പറ്റി ഇപ്പോഴും പലര്‍ക്കും അറിവില്ല. ബസൂക്കയുടെ പ്രൊമോഷന്റെ ഭാഗമായി ആദ്യം ഒരു ഇന്റര്‍വ്യൂ കൊടുത്തിരുന്നു. ‘മമ്മൂട്ടി സാറെ വെച്ച് ഡയറക്ട് ചെയ്യുന്ന സിനിമ എപ്പോള്‍ റിലീസാകും’ എന്നായിരുന്നു അയാള്‍ ചോദിച്ചത്.

വിക്രമിനെ വെച്ച് ചെയ്യുന്ന ധ്രുവ നച്ചത്തിരവും മമ്മൂക്കയുടെ കൂടെയുള്ള ഡൊമിനിക്കുമാണ് ഇനി റിലീസ് ചെയ്യാനുള്ള സിനിമകളെന്നാണ് അയാള്‍ ധരിച്ചുവെച്ചത്. കേരളത്തില്‍ പലയിടത്തും ആ സിനിമ റിലീസായതുപോലും പലരും അറിഞ്ഞില്ല. തിരുവനന്തപുരത്ത് ഒരു ഹോട്ടലില്‍ ലഞ്ച് കഴിക്കാന്‍ കയറി. അവരും ചോദിച്ചത് ഇതേ ചോദ്യമായിരുന്നു. അവരുടെ ചിന്തയില്‍ ധ്രുവ നച്ചത്തിരത്തിന്റെ കൂടെ ഡൊമിനിക്കും റിലീസാകാതെ കിടക്കുകയാണ്,’ ഗൗതം വാസുദേവ് മേനോന്‍ പറഞ്ഞു

Content Highlight: Gautham Vasudev Menon saying Dominic and the Ladies Purse would have done more promotions

We use cookies to give you the best possible experience. Learn more