ആരാധകര്‍ക്ക് ആവേശവും പുതിയ ചാമ്പ്യനെയും സമ്മാനിച്ച് ഐ.പി.എല്‍ കൊടിയിറങ്ങിയിരിക്കുന്നു. ഇനി ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനായാണ് ഏവരും കാത്തിരിക്കുന്നത്. ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫി എന്ന് പുനര്‍നാമകരണം ചെയ്ത പരമ്പരയില്‍ ഇന്ത്യ പുതിയ ക്യാപ്റ്റന് കീഴിലാണ് കളത്തിലിറങ്ങുന്നത്.
ഈ പരമ്പരയില്‍ മലയാളികള്‍ ഏറെ ആവേശത്തോടെ നോക്കികാണുന്നത് മറുനാടന്‍ മലയാളിയായ കരുണ്‍ നായരുടെ ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ച് വരവിനെയാണ്. ഏഴ് വര്‍ഷത്തിന് ശേഷമാണ് താരത്തിന് ഇന്ത്യന്‍ കുപ്പായത്തില്‍ മറ്റൊരു അവസരം ലഭിക്കുന്നത്.
ആഭ്യന്തര ക്രിക്കറ്റിലെ കരുണിന്റെ മികവാണ് ദേശീയ ടീമിലേക്ക് തിരിച്ച് വരവിന് വഴി തെളിയിച്ചത്. വിദര്‍ഭക്കായി രഞ്ജി ട്രോഫിയിലും വിജയ് ഹസാരെയിലും മിന്നും പ്രകടനമായിരുന്നു താരം നടത്തിയിരുന്നത്.
ഇപ്പോള്‍ താരത്തിന്റെ മടങ്ങിവരവിനെ കുറിച്ച് സംസാരിക്കുകയാണ് ഇന്ത്യന്‍ ഹെഡ് കോച്ച് ഗൗതം ഗംഭീര്‍. കരുണിന്റെ തിരിച്ച് വരവ് ആഭ്യന്തര ക്രിക്കറ്റിന് വലിയൊരു വാര്‍ത്തയാണെന്നും ആരെയും ഒന്നോ രണ്ടോ മത്സരങ്ങളിലെ പ്രകടനം കൊണ്ട് വിലയിരുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
കരുണ്‍ ഇംഗ്ലണ്ടിനെതിരെ മികച്ച രീതിയില്‍ പെര്‍ഫോം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പരിശീലകന്‍ കൂട്ടിച്ചേര്‍ത്തു. ഇംഗ്ലണ്ട് പരമ്പരയ്ക്ക് മുന്നോടിയായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഗൗതം ഗംഭീര്‍.
‘കരുണിന്റെ തിരിച്ച് വരവ് ആഭ്യന്തര ക്രിക്കറ്റിന് വലിയൊരു വാര്‍ത്തയാണ്. നിങ്ങള്‍ നല്ല പ്രകടനങ്ങള്‍ തുടര്‍ന്നാല്‍ വാതിലുകള്‍ ആര്‍ക്ക് മുമ്പിലും കൊട്ടിയടക്കപ്പെടില്ല.
ഞങ്ങള്‍ ഒരിക്കലും ഒന്നോ രണ്ടോ മത്സരങ്ങള്‍ കൊണ്ട് താരങ്ങളെ വിലയിരുത്തില്ല. അവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കും. കരുണ്‍ ഇംഗ്ലണ്ടിനെതിരെ മികച്ച രീതിയില്‍ പെര്‍ഫോം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു,’ ഗംഭീര്‍ പറഞ്ഞു.
ആഭ്യന്തര ക്രിക്കറ്റിലും ഐ.പി.എല്ലിലും മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടും ഇംഗ്ലണ്ട് പര്യടനത്തില്‍ ഇടം ലഭിക്കാതിരുന്ന ശ്രേയസ് അയ്യരിനെ കുറിച്ചും ഗംഭീറിനോട് ചോദ്യങ്ങള്‍ ഉയര്‍ന്നു. താരത്തിന് ഇന്ത്യന്‍ ടീമിലേക്ക് അവസരം കിട്ടുമോയെന്ന ചോദ്യത്തിന് ഫോമിലാണെങ്കില്‍ ആര്‍ക്കും അവസരം ലഭിക്കുമെന്നായിരുന്നു മറുപടി.