ഓസ്ട്രേലിയക്കെതിരായ അഞ്ച് ടി-20 മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ടി-20 പരമ്പര ഒക്ടോബര്‍ 29നാണ് ആരംഭിക്കുന്നത്. സൂര്യകുമാര്‍ യാദവാണ് ടി-20 ക്യാപ്റ്റന്‍. മത്സരത്തിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തില്‍ ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍ സൂര്യകുമാര്‍ യാദവിനെ കുറിച്ചും ഓപ്പണര്‍ അഭിഷേക് ശര്‍മയെക്കുറിച്ചും സംസാരിച്ചിരുന്നു.
ഏഷ്യാ കപ്പില്‍ നിറം മങ്ങിയ സൂര്യയുടെ ഫോമിനെക്കുറിച്ച് ആശങ്കയില്ലെന്നാണ് ഗംഭീര്‍ പറഞ്ഞത്. ഇന്ത്യ ആക്രമണ ക്രിക്കറ്റ് കളിക്കുന്ന ടീമാണെന്നും തോല്‍വികളും പരാജയങ്ങളും കളിയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. റണ്‍സിനായി ശ്രമിക്കുമ്പോള്‍ കളിക്കാര്‍ ചിലപ്പോള്‍ ഔട്ട് ആകാം അതെല്ലാം നമ്മള്‍ അംഗീകരിച്ചിട്ടുണ്ട്. മാത്രമല്ല അഭിഷേക് ശര്‍മ മികച്ച ഫോമിലാണെന്നും ഏഷ്യാ കപ്പില്‍ അദ്ദേഹം തന്റെ മികവ് തെളിയിച്ചെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.
‘ഞങ്ങള്‍ ആക്രമണാത്മകമായി ക്രിക്കറ്റ് കളിക്കുന്ന ഒരു ടീമാണ്. അതുകൊണ്ട് സൂര്യയുടെ ഫോം എന്നെ അലട്ടുന്നില്ല. തോല്‍വികളും പരാജയങ്ങളും കളിയുടെ ഭാഗമാണ്. സൂര്യക്ക് 30 പന്തില്‍ 40 റണ്‍സ് അടിക്കാന്‍ എളുപ്പമാണ്, പക്ഷേ കൂടുതല്‍ റണ്‍സിനായി ശ്രമിക്കുമ്പോള്‍ ചിലപ്പോള്‍ അവന്‍ ഔട്ട് ആകാം, അതെല്ലാം നമ്മള്‍ അംഗീകരിച്ചിട്ടുണ്ട്.
അഭിഷേക് ശര്‍മ മികച്ച ഫോമിലാണ്, ഏഷ്യാ കപ്പില്‍ അദ്ദേഹം തന്റെ മികവ് തെളിയിച്ചു. സൂര്യ ഫോമിലേക്ക് തിരിച്ചുവരുമ്പോള്‍ അഭിഷേക് അതേ ഫോം തുടരും. ആക്രമണാത്മക ശൈലിയില്‍ കളിക്കുമ്പോള്‍ ഞങ്ങളുടെ ബാറ്റര്‍മാര്‍ പരാജയപ്പെട്ടേക്കാം, പക്ഷേ റണ്‍സിനേക്കാള്‍ പ്രധാനം ആഘാതം സൃഷ്ടിക്കുന്നതാണ്.
മാത്രമല്ല സൂര്യ ഒരു മികച്ച ക്യാപ്റ്റനാണ്, അദ്ദേഹം കളിക്കാര്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്നു, തോല്‍വിയില്‍ ഭയപ്പെടുന്നില്ല. ഏറ്റവും വിജയകരമായ പരിശീലകനാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്റെ ടീം ഏറ്റവും ഭയമില്ലാത്ത ഒന്നായിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു,’ ഗംഭീര്‍ പറഞ്ഞു.
അതേസമയം ഇന്ത്യന്‍ സ്‌ക്വാഡില്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണും ഇടം നേടിയത് ആരാധകരെ ആവേശത്തിലാഴ്ത്തിയിരുന്നു. അഞ്ച് മത്സരങ്ങളിലും താരം ടീമിന്റെ ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പറാകും. മാത്രമല്ല കരുത്തുറ്റ ടി-20 ടീമിന്റെ മികവില്‍ പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കുമെന്നും ആരാധകര്‍ വിശ്വസിക്കുന്നു.