ഇന്ത്യന്‍ ടീമിന്റെ ടി-20 ഫോര്‍മാറ്റിനെക്കുറിച്ച് സംസാരിക്കുകയാണ് ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍. ടി-20യില്‍ ഓപ്പണര്‍മാര്‍ ഒഴികെയുള്ള ബാറ്റിങ് പൊസിഷനുകള്‍ക്ക് നന്നായി വിലയിരുത്തപ്പെടുമെന്നും റണ്‍സ് നേടുന്നത് മാത്രമല്ല പ്രധാനമെന്നും ബാറ്റര്‍ സൃഷ്ടിക്കുന്ന ആഘാതവും വലുതാണെന്ന് ഗംഭീര്‍ പറഞ്ഞു. 120 പന്തുകളുള്ള ഒരു മത്സരത്തില്‍ ഓരോ ഡെലിവറിയും ഒരു അവസരമാണ് ഓരോ ഷോട്ടും പരമാവധി ഫലം സൃഷ്ടിക്കണമെന്നും ഗംഭീര്‍ പറഞ്ഞു.
‘ടി-20യില്‍ ഓപ്പണര്‍മാര്‍ ഒഴികെയുള്ള ബാറ്റിങ് പൊസിഷനുകള്‍ നന്നായി വിലയിരുത്തപ്പെടും. റണ്‍സ് മാത്രമല്ല, നിങ്ങള്‍ ഉണ്ടാക്കുന്ന ആഘാതവുമാണ് പ്രധാനമാണ്, അതിനാല്‍ ഓര്‍ഡര്‍ മാറിയേക്കാം. 120 പന്തുകളുള്ള ഒരു മത്സരത്തില്‍ ഓരോ ഡെലിവറിയും ഒരു അവസരമാണ്, ഓരോ ഷോട്ടും പരമാവധി ഫലം സൃഷ്ടിക്കണം. അതുകൊണ്ടാണ് ഞങ്ങള്‍ ആദ്യ ദിവസം മുതല്‍ വഴക്കമുള്ള ബാറ്റിങ് ഓര്‍ഡര്‍ നിലനിര്‍ത്തുന്നത്, അതാണ് ഞങ്ങള്‍ പിന്തുടരാന്‍ ആഗ്രഹിക്കുന്ന സമീപനം,’ ഗംഭീര്‍ പറഞ്ഞു.
അടുത്തിടെ ഓസ്‌ട്രേലിയയുമായുള്ള ടി-20 പരമ്പര ഇന്ത്യ 2-1 എന്ന നിലയില്‍ വിജയിച്ചിരുന്നു. എന്നിരുന്നാലും ടീമിന്റെ ബാറ്റിങ് ഓര്‍ഡര്‍ മാറ്റിയുള്ള ഗംഭീറിന്റെ സമീപനത്തെ മുന്‍ താരങ്ങള്‍ ഏറെ വിമര്‍ശിച്ചിരുന്നു.
ശുഭ്മന്‍ ഗില്ലിന്റെ വരവോടെ സഞ്ജു സാംസണെ ഓപ്പണിങ് പൊസിഷനില്‍ നിന്ന് അഞ്ചാം നമ്പറിലേക്ക് മാറ്റിയതും പിന്നീട് മൂന്നാം നമ്പറില്‍ ഇറക്കിയതും ചൂണ്ടിക്കാണിച്ച് ഏറെ പേര്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. മാത്രമല്ല ശിവം ദുബെ, ഹര്‍ഷിത് റാണ തുടങ്ങിയവരുടെ ബാറ്റിങ് ഓര്‍ഡറും ഗംഭീര്‍ മാറ്റിയിരുന്നു.
ടി-20യില്‍ ഗംഭീര്‍ പരിശീലക സ്ഥാനം ഏറ്റെടുത്ത ശേഷം ഒരു ടി-20 പരമ്പരയും പരാജയപ്പെട്ടിട്ടില്ല. ശ്രീലങ്കയോട് 3-0, ബംഗ്ലാദേശിനോട് 3-0, ഓസ്‌ട്രേലിയയോട് 2-1 എന്ന നിലയിലാണ് ഇന്ത്യ പരമ്പകള്‍ വിജയിച്ചത്. ടി-20യില്‍ അഗ്രസീവ് ശൈലിയാണ് ഇന്ത്യ പിന്തുടരുന്നത്.