ഇന്ത്യന്‍ ടീമിന്റെ ആദ്യ ഇലവനില്‍ വരാന്‍ അവന് ഒരു അര്‍ഹതയുമില്ല, പുറത്താക്കണം; ആഞ്ഞടിച്ച് ഗൗതം ഗംഭീര്‍
Cricket
ഇന്ത്യന്‍ ടീമിന്റെ ആദ്യ ഇലവനില്‍ വരാന്‍ അവന് ഒരു അര്‍ഹതയുമില്ല, പുറത്താക്കണം; ആഞ്ഞടിച്ച് ഗൗതം ഗംഭീര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 18th September 2022, 8:56 am

അടുത്തമാസം ഓസ്ട്രേലിയയില്‍ നടക്കാനിരിക്കുന്ന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ഏഷ്യാകപ്പ് ടൂര്‍ണമെന്റില്‍ നിന്ന് സാരമായ മാറ്റങ്ങളില്ലാതെയാണ് ടീമിനെ തെരഞ്ഞെടുത്തിരിക്കുന്നത്. ടി-20 യിലേക്കുള്ള ടീമിനെ പ്രഖ്യാപിച്ചത് മുതല്‍ സ്‌ക്വാഡിലെ അംഗങ്ങളുടെ കാര്യത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് മുന്‍ ഇന്ത്യന്‍ താരങ്ങളടക്കം നിരവധിയാളുകള്‍ രംഗത്തെത്തിയിരുന്നു.

ടീമിന്റെ പ്ലെയിങ് 11-ല്‍ ഇറങ്ങാന്‍ ദിനേഷ് കാര്‍ത്തികിന് അര്‍ഹതയില്ലെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഗൗതം ഗംഭീര്‍. ടോപ് ഫൈവില്‍ ബാറ്റ് ചെയ്യാന്‍ കാര്‍ത്തിക് താത്പര്യം പ്രകടിപ്പിക്കാത്തതാണ് അതിന് കാരണമെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

‘റിഷഭ് പന്തിനെയാണോ ദിനേഷ് കാര്‍ത്തിക്കിനെയാണോ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തേണ്ടത് എന്ന വിഷയം ആളുകള്‍ ചര്‍ച്ച ചെയ്യുന്നത് കണ്ടു. കുറെ പേര്‍ ഡി.കെ. ക്ക് വോട്ട് ചെയ്തു, പന്തിന്റെ ആരാധകരും കുറവല്ല. ഞാന്‍ റിഷഭ് പന്തിനെയാണ് തെരഞ്ഞെടുക്കുക. 10,12 ബോളുകള്‍ കളിച്ചെന്ന കാരണത്താല്‍ ഒരു കളിക്കാരന്റെ പുറകെ പോകാന്‍ പറ്റില്ല.

എല്ലായ്‌പ്പോഴും അതങ്ങനെ ആയിക്കൊള്ളണമെന്നില്ല. കാര്‍ത്തിക്ക് ടോപ് ഫൈവില്‍ ബാറ്റ് ചെയ്യാന്‍ താത്പര്യം കാണിച്ചിരുന്നില്ല. അതുക്കൊണ്ട് ഞാന്‍ പന്തില്‍ നിന്ന് തുടങ്ങും. അദ്ദേഹം ഒരു മാച്ച് വിന്നറാണ്, കൂടാതെ ഒരും ഇടം കൈയ്യന്‍ ബാറ്ററെ മധ്യനിരയിലേക്ക് ആവശ്യമുണ്ട്.,’ ഗംഭീര്‍ വ്യക്തമാക്കി.

 

ഏഷ്യാ കപ്പില്‍ കളിച്ച ഇന്ത്യന്‍ താരങ്ങളില്‍ ഭൂരിഭാഗവും ലോകകപ്പ് കളിക്കും. ബൗളിങ് നിരയിലേക്ക് ജസ്പ്രീത് ബുംറയുടെയും ഹര്‍ഷല്‍ പട്ടേലിന്റെയും മടങ്ങിവരവും രവീന്ദ്ര ജഡേജ പരിക്ക് കാരണം പുറത്തായതുമാണ് എടുത്തു പറയാവുന്ന മാറ്റങ്ങള്‍.

രോഹിത് ശര്‍മക്കൊപ്പം ആര് ഓപ്പണിങ് നടത്തും എന്ന തര്‍ക്കം അപ്പോഴും നില നില്‍ക്കുന്നു. ഏഷ്യാ കപ്പില്‍ സെഞ്ച്വറി നേടാനായത് വിരാടിന് മുതല്‍ക്കൂട്ടായെങ്കിലും രോഹിത്-രാഹുല്‍ സഖ്യം കളത്തിലിറങ്ങണം എന്ന പക്ഷക്കാരും അനവധിയാണ്.

അതേസമയം കോഹ്ലി ഓപ്പണിങ് നടത്തിയാല്‍ ശരിയാകില്ലെന്നും അദ്ദേഹം മൂന്നാമത്തെ ബാറ്ററായി ഇറങ്ങുന്നതാണ് ടീമിന് ഗുണം ചെയ്യുക എന്ന അഭിപ്രായക്കാരുമുണ്ട്. മറുവശത്ത് രോഹിത്-രാഹുല്‍ പെയറിന്റെ ഓപ്പണിങ് ക്ലിക്ക് ആകുന്നില്ലെന്നും ഒരു മാറ്റമാകാമെന്ന അഭിപ്രായും ശക്തമാകുന്നുണ്ട്.

ഓസീസിനെതിരായ പരമ്പരയെ വളരെ പ്രാധാന്യത്തോടെയാണ് ഇന്ത്യ കാണുന്നത്. കഴിഞ്ഞ ദിവസമാണ് ഓസ്‌ട്രേലിയക്കെതിരെയുള്ള ടീമിനെ ഇന്ത്യ പ്രഖ്യാപിച്ചത്.

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ.എല്‍.രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ദിനേഷ് കാര്‍ത്തിക്ക് (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക്ക് പാണ്ഡ്യ, രവിചന്ദ്രന്‍ അശ്വിന്‍, യുസ്‌വേന്ദ്ര ചഹല്‍, അക്‌സര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍ ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ് എന്നിവരാണ് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലുള്ളത്.

Content Highlights: Gautham Gambhir Says Dinesh Karthik doesn’t deserve a place in Indian playing eleven