പ്രതികാരം വീട്ടാനല്ല ഇന്ത്യ പാകിസ്ഥാനോട് ക്രിക്കറ്റ് കളിക്കുന്നത്; അവരുടെ ബൗളിങ് നിര അത്യുഗ്രനാണ്: ഗംഭീര്‍
Sports
പ്രതികാരം വീട്ടാനല്ല ഇന്ത്യ പാകിസ്ഥാനോട് ക്രിക്കറ്റ് കളിക്കുന്നത്; അവരുടെ ബൗളിങ് നിര അത്യുഗ്രനാണ്: ഗംഭീര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 23rd October 2022, 1:13 am

ടി-20 ലോകകപ്പിലെ പാകിസ്ഥാന്‍-ഇന്ത്യ മാച്ചിനെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകള്‍ പങ്കുവെക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍.

കഴിഞ്ഞ ലോകകപ്പിലും ഏഷ്യാ കപ്പിലും പാകിസ്ഥാനില്‍ നിന്നും ഏറ്റുവാങ്ങിയ പരാജയത്തിന് പ്രതികാരം വീട്ടാന്‍ വേണ്ടിയാകില്ല ഇന്ത്യ ഇക്കുറി മത്സരത്തിനിറങ്ങുകയെന്നാണ് ഗംഭീര്‍ പറഞ്ഞത്.

‘പ്രതികാരം വീട്ടുക എന്ന നിലയിലൊന്നും ഇന്ത്യ ഒരിക്കലും ചിന്തിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. പക വീട്ടാന്‍ വേണ്ടിയല്ല ആരും ഒരു കായികമത്സരവും കളിക്കുന്നത്. ഒരു കളി ജയിക്കാന്‍ വേണ്ടി മാത്രമാണ് മത്സരിക്കുന്നത്. പകയും പ്രതികാരവുമൊന്നും ഇവിടെയില്ല.

ഇന്ത്യ മൂന്ന് മാച്ചുകളും ജയിച്ചെങ്കിലും നാളത്തെ കളിയില്‍ അവര്‍ക്ക് കുറച്ച് ആശങ്കകള്‍ കാണും. പാകിസ്ഥാനും കുറച്ച് നെര്‍വസായിരിക്കും. ആ ആശങ്കകളെയും പേടികളെയും ആര്‍ക്കാണോ നിയന്ത്രിക്കാന്‍ കഴിയുന്നത് അവര്‍ ജയിക്കും.

നാളെ നടക്കാന്‍ പോകുന്നത് ഒരു നല്ല ഗെയിമായിരിക്കുമെന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്. പ്രതികാരവും അത്തരം കാര്യങ്ങളുമൊക്കെ മറന്നേക്ക്. കുറെ ആളുകളാണ് ഈ ഹൈപ്പൊക്കെ ഉണ്ടാക്കുന്നത്.

ഗ്രൗണ്ടില്‍ ബാറ്റും ബോളും തമ്മില്‍ മാത്രമാണ് കളി. ഇന്ത്യയുടെ ടോപ് 4 അത്യുഗ്രനാണ്. ഒരുപക്ഷെ ടൂര്‍ണമെന്റിലെ ഏറ്റവും മികച്ചവരും അവര്‍ തന്നെയായിരിക്കും. പക്ഷെ ഫീല്‍ഡിലിറങ്ങി നന്നായി കളിക്കാന്‍ പറ്റണം. അതിലാണ് എല്ലാമിരിക്കുന്നത്.

അതേസമയം ഇതൊരിക്കലും ഒരു വണ്‍ സൈഡഡ് ഗെയിമായിരിക്കില്ല. കാരണം പാകിസ്ഥാന്റെ ബൗളിങ് ലൈന്‍ അപ്പ് അതിശക്തമാണ്.

സീമേഴ്‌സിന്റെ കാര്യത്തില്‍ ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ബൗളിങ് ടീം അവരുടേതാണ്. 140 വേഗതിയില്‍ പന്തെറിയാന്‍ കഴിവുള്ള മൂന്ന് ബൗളര്‍മാര്‍ അവര്‍ക്കുണ്ട്,’ ഗംഭീര്‍ പറയുന്നു. സ്റ്റാര്‍ സ്‌പോര്‍ട്‌സിനോടായിരുന്നു ഗംഭീറിന്റെ പ്രതികരണം.

അതേസമയം ഞായറാഴ്ച നടക്കാനിരിക്കുന്ന ഇന്ത്യ-പാക് മത്സരത്തിന് മഴ വില്ലാനാവുമെന്ന ആശങ്കയുണ്ട്. കാലാവസ്ഥ മാറിമറിഞ്ഞാല്‍ മാച്ച് തന്നെ ഒഴിവാക്കാനോ ഓവറുകള്‍ വെട്ടിച്ചുരുക്കനോ സാധ്യതയുണ്ട്.

Content Highlight: Gautam Gambir says India is not thinking about revenge when playing against Pakistan