ഇന്ത്യ – ഇംഗ്ലണ്ട് ടി-20 പരമ്പരയില്‍ ആരാധകര്‍ ഏറെ പ്രതീക്ഷയര്‍പ്പിച്ച താരമായിരുന്നു സഞ്ജു സാംസണ്‍. സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ രണ്ട് സെഞ്ച്വറിയുമായി തിളങ്ങിയ വിക്കറ്റ് കീപ്പര്‍ ഇംഗ്ലണ്ടിനെതിരെയും തന്റെ മാജിക് വ്യക്തമാക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചു.
എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ആരാധകര്‍ക്ക് സഞ്ജുവിന്റെ വെടിക്കെട്ട് കാണാനുള്ള ഭാഗ്യമുണ്ടായില്ല. സഞ്ജുവിന്റെ മികച്ച പ്രകടനങ്ങള്‍ക്കായി കാത്തിരുന്നവര്‍ക്ക് നിരാശ മാത്രമാണ് താരം സമ്മാനിച്ചത്.
അഞ്ച് മത്സരത്തില്‍ രണ്ടക്കം കണ്ടത് വെറും രണ്ട് തവണ. എല്ലാ മത്സരത്തിലും സമാനമായ രീതിയില്‍ തന്നെ പുറത്താവുകയും ചെയ്തു.
ഈ പരമ്പരയില്‍ മോശം പ്രകടനം പുറത്തെടുത്തതോടെ ഇന്ത്യന്‍ ടീമില്‍ സഞ്ജുവിന്റെ കാലം കഴിഞ്ഞെന്ന് ആരാധകര്‍ വിധിയെഴുതി.
എന്നാല്‍ സഞ്ജുവടക്കമുള്ള താരങ്ങള്‍ക്ക് കൃത്യമായ ബാക്കിങ് നല്‍കുമെന്നും അവരെ പിന്തുണയ്ക്കുമെന്നും വ്യക്തമാക്കുകയാണ് ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍. അഞ്ചാം മത്സരത്തിന് ശേഷം സംസാരിക്കുകയായിരുന്നു താരം.
‘ടി-20 ഫോര്‍മാറ്റില്‍ അഗ്രസ്സീവ് അപ്രോച്ചാണ് താരങ്ങളില്‍ നിന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നതും ആവശ്യപ്പെടുന്നതും. ഇക്കാരണം കൊണ്ടുതന്നെ ചില സമയങ്ങളില്‍ അവര്‍ക്ക് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കാതെ പോകുന്നത് നമുക്ക് കാണാനാകും.
ഈ രീതിയുമായി പൊരുത്തപ്പെടുകയും തങ്ങളുടെ നൂറ് ശതമാനവും കളിക്കളത്തില്‍ പുറത്തെടുക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതിനാല്‍ അവര്‍ക്ക് കൃത്യമായ പിന്തുണ നല്‍കേണ്ടത് അത്യാവശ്യമാണ്,’ ഗംഭീര്‍ പറഞ്ഞു.
അഞ്ച് മത്സരത്തില്‍ നിന്നും വെറും 51 റണ്‍സാണ് സഞ്ജുവിന് സ്വന്തമാക്കാന്‍ സാധിച്ചത്. 10.2 എന്ന ശരാശരിയിലും 119 സ്‌ട്രൈക്ക് റേറ്റിലുമാണ് താരം സ്‌കോര്‍ ചെയ്തത്.
തൊട്ടമുമ്പ് നടന്ന പരമ്പരയുമായി താരതമ്യം ചെയ്യുമ്പോഴാണ് സഞ്ജുവിന്റെ വീഴ്ചയുടെ കൃത്യമായ ചിത്രം ലഭിക്കുന്നത്. സൗത്ത് ആഫ്രിക്കക്കെതിരായ പരമ്പരയില്‍ നാല് മത്സരത്തില്‍ നിന്നും 216 റണ്‍സാണ് താരം സ്വന്തമാക്കിയത്. 72.0 എന്ന മികച്ച ശരാശരിയും ഇരുന്നൂറിനോട് അടുപ്പിച്ച് സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ടായിരുന്നു. പരമ്പരയില്‍ രണ്ട് സെഞ്ച്വറിയും സഞ്ജു സ്വന്തമാക്കിയിരുന്നു.