ഓസ്ട്രേലിയന്‍ പര്യടനത്തിലെ ടി – 20 പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഓസീസിന് എതിരെ 2 – 1ന്റെ വിജയമാണ് ഗംഭീറിന്റെ കുട്ടികള്‍ നേടിയത്. കഴിഞ്ഞ ദിവസം ഗാബ സ്റ്റേഡിയത്തില്‍ നടന്ന അവസാനത്തെയും അഞ്ചാമത്തേയും മത്സരം മഴ മൂലം ഉപേക്ഷിച്ചതോടെയാണ് മെന്‍ ഇന്‍ ബ്ലൂവിന്റെ ഈ നേട്ടം.
അഞ്ച് മത്സരങ്ങളുളള പരമ്പരയില്‍ ആകെ മൂന്ന് മത്സരങ്ങള്‍ മാത്രമാണ് നടന്നത്. അവസാന മത്സരം പോലെ ആദ്യ മത്സരവും മഴ കാരണം ഉപേക്ഷിക്കേണ്ടി വന്നിരുന്നു. വിജയ പ്രതീക്ഷയോടെ ഇറങ്ങിയ അടുത്ത മത്സരത്തില്‍ കങ്കാരുപ്പട വിജയിച്ചു. ഏകദിന പരമ്പര പോലെ ഇതും കൈവിടുമോയെന്ന് ഭയന്ന ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കി ഇന്ത്യന്‍ സംഘം അടുത്ത മത്സരത്തില്‍ വിജയം നേടി.
നാലാം മത്സരത്തില്‍ ജയിച്ച് പരമ്പരയില്‍ ലീഡും സ്വന്തമാക്കി. അഞ്ചാം മത്സരത്തില്‍ മഴ തടസം സൃഷിച്ചതോടെ ഇന്ത്യ പരമ്പര ജേതാക്കളായി. ഈ വിജയത്തോടെ ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറിന്റെ തന്റെ വിജയ സ്ട്രീക് നിലനിര്‍ത്താന്‍ സാധിച്ചു.
ഇതുവരെ ഗംഭീറിന് കീഴില്‍ കളിച്ച ദ്വിരാഷ്ട്ര ടി – 20 പരമ്പരയില്‍ കളിച്ച ഇന്ത്യ ഒന്നുപോലും തോറ്റിട്ടില്ല. 2024ല്‍ രാഹുല്‍ ദ്രാവിഡില്‍ നിന്ന് പരിശീലക കുപ്പായമേറ്റെടുത്തതിന് ശേഷം ഇറങ്ങിയ അഞ്ച് പരമ്പരകളും വിജയിച്ചാണ് കയറിയത്. അതായത് 100 ശതമാനം വിജയം.
ഗംഭീറിന് കീഴില്‍ ഇന്ത്യ ആദ്യം ശ്രീലങ്കയെ അവരുടെ നാട്ടിലാണ് നേരിട്ടത്. ഇതിലെ മൂന്ന് മത്സരങ്ങളും ജയിച്ചാണ് മെന്‍ ഇന്‍ ബ്ലൂ പരമ്പര സ്വന്തമാക്കിയത്. പിന്നാലെ ബംഗ്ലാദേശിനെയും സൗത്ത് ആഫ്രിക്കയെയും നേരിട്ടു. ഈ പരമ്പരകളില്‍ എല്ലാ മത്സരങ്ങളും സ്വന്തമാക്കി പരമ്പര തൂത്തുവാരി.
പിന്നീട് ഇംഗ്ലണ്ടിനെതിരെയാണ് ഗംഭീറിന് കീഴില്‍ ഒരു ടി – 20 പരമ്പര ഇന്ത്യ കളിച്ചത്. ഇന്ത്യയില്‍ നടന്ന പരമ്പരയില്‍ ഒരു മത്സരത്തില്‍ തോറ്റെങ്കിലും സൂര്യയും സംഘവും തന്നെ ജേതാക്കളായി. ഇപ്പോള്‍ ഇതാ കങ്കാരുപ്പടയെയും തോല്‍പ്പിച്ചിരിക്കുന്നു. അതോടെ തന്റെ ഈ അപൂര്‍വ സ്ട്രീക് ഗംഭീറിന് നിലനിര്‍ത്താനായി.