സൗത്ത് ആഫ്രിക്കക്ക് എതിരെയുള്ള ടെസ്റ്റ് പരമ്പര കൈവിട്ടതില്‍ തന്നെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ പ്രതികരിച്ച് ഇന്ത്യന്‍ ടീം കോച്ച് ഗൗതം ഗംഭീര്‍. തന്റെ കീഴില്‍ ഇന്ത്യന്‍ ടീം ചാമ്പ്യന്‍സ് ട്രോഫിയും ഏഷ്യാ കപ്പും നേടിയിട്ടുണ്ടെന്നും ആളുകള്‍ അത് പെട്ടെന്ന് മറക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇത് ഒരു ടീമാണെന്നും അവര്‍ക്ക് പഠിക്കാന്‍ സമയം വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരമ്പരയ്ക്ക് ശേഷമുള്ള വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഗംഭീര്‍.
‘ആളുകള്‍ എല്ലാം പെട്ടെന്ന് മറക്കുന്നു. ഇംഗ്ലണ്ടില്‍ ഒരു യുവ ടീമിനെ കൊണ്ട് മികച്ച പ്രകടനം നടത്തിച്ച അതേ വ്യക്തി തന്നെയാണ് ഞാന്‍. എല്ലാവരും ന്യൂസിലന്ഡിനെതിരെയുള്ള തോല്‍വികള്‍ മാത്രമാണ് പറയുന്നത്. എന്റെ കീഴിലാണ് ചാമ്പ്യന്‍സ് ട്രോഫിയും ഏഷ്യാ കപ്പും ഇന്ത്യന്‍ ടീം സ്വന്തമാക്കിയത്.
ഇതൊരു യുവടീമാണ്. ഞാന്‍ നേരത്തെ പറഞ്ഞ പോലെ അവര്‍ക്ക് കാര്യങ്ങള്‍ പഠിക്കാനും മികവിലേക്ക് ഉയരാനും സമയം ആവശ്യമാണ്. തങ്ങളാല്‍ കഴിയുന്നതെല്ലാം അവര്‍ ചെയ്യുന്നുണ്ട്,’ ഗംഭീര്‍ പറഞ്ഞു.
ഇന്ത്യന്‍ ടീമിന്റെ മുഖ്യപരിശീലക സ്ഥാനത്ത് താന്‍ തുടരണോ എന്നതില്‍ തീരുമാനമെടുക്കേണ്ടത് ബി.സി.സി.ഐയാണെന്നും താനല്ല ഇന്ത്യന്‍ ക്രിക്കറ്റാണ് പ്രധാനമെന്നും ഗംഭീര്‍ പറഞ്ഞു. പരമ്പരയിലെ ടീമിന്റെ തോല്‍വിയുടെ ഉത്തരവാദിത്തം ഞാന്‍ മുതലുള്ള എല്ലാവര്‍ക്കുമുണ്ട്. ഈ മത്സരത്തില്‍ ഒരു ഘട്ടത്തില്‍ ഒരു വിക്കറ്റിന് 95 എന്ന നിലയിലായിരുന്നു.
ഇന്ത്യൻ ക്രിക്കറ്റ് ടീം കടപ്പാട്: ബി.സി.സി.ഐ/എക്സ്
പിന്നീട് അത് മാറി. ഏഴു വിക്കറ്റിന് 120 റണ്‍സ് എന്ന നിലയിലേക്ക് കളി വന്നു. ഒരു ഫാസ്റ്റ് ബൗളര്‍ സ്പിന്നിങ് അനുകൂല പിച്ചിലാണ് വിക്കറ്റുകള്‍ വീഴ്ത്തിയത്. അതിനെതിരെ കളിക്കാന്‍ ഇന്ത്യന്‍ ടീമില്‍ ആളുകളുണ്ടായിരുന്നില്ല. വിക്കറ്റുകള്‍ തുടര്‍ച്ചയായി വീണ മുതലാണ് ഇന്ത്യയ്ക്ക് മത്സരം നഷ്ടമായതെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യക്കെതിരെയുള്ള ടെസ്റ്റ് പരമ്പര സൗത്ത് ആഫ്രിക്ക തൂത്തുവാരിയിരുന്നു. അവസാന മത്സരത്തില്‍ 408 റണ്‍സിന്റെ കൂറ്റന്‍ തോല്‍വി വഴങ്ങിയതോടെ ഇന്ത്യയില്‍ ഇന്ത്യന്‍ ടീമിന് പ്രോട്ടിയാസിന് മേലുണ്ടായിരുന്ന 25 വര്‍ഷത്തിന്റെ ആധിപത്യത്തിന് കൂടിയാണ് വിരാമമായത്. ഇതിന് പിന്നാലെ ഗംഭീറിന് നേരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്.
Content Highlight: Gautam Gambhir says people easily forgot he led Indian Cricket team to Champions Trophy and Asia Cup