മലയാളത്തില്‍ അടുത്തിടെ റിലീസായ ഹാല്‍ മുതല്‍ രാജ്യത്തെ ഏറ്റവും കൂടുതല്‍ ആരാധകപിന്തുണയുള്ള ദളപതിയുടെ അവസാന ചിത്രം ജന നായകന്‍ വരെ സെന്‍സര്‍ ബോര്‍ഡിന്റെ കത്രികയുടെ ചൂടറിഞ്ഞിരുന്നു. ഈ ലിസ്റ്റ് ദിനംപ്രതി വര്‍ദ്ധിച്ച് വരികയാണ്. കേന്ദ്രത്തിലിരിക്കുന്ന ബി.ജെ.പി സര്‍ക്കാരിന്റെ തീവ്രവലതുപക്ഷ ആശയങ്ങള്‍ക്ക് കോട്ടം തട്ടുന്ന യാതൊരുവിധത്തിലുള്ള കണ്ടന്റുകളും സമീപകാലത്ത് പ്രേക്ഷകരിലേക്കെത്തുന്നില്ലെന്ന് സെന്‍സര്‍ ബോര്‍ഡ് ഉറപ്പുവരുത്തി കൊണ്ടിരിക്കുകയാണ്.
ഇത്തരം സംഭവങ്ങള്‍ തുടര്‍ക്കഥയാകുന്ന സാഹചര്യത്തിലാണ് പഴയകാല ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളിലടക്കം ചര്‍ച്ച ചെയ്യപ്പെടുന്നത്. കഴിഞ്ഞ ദിവസം നടന്ന പൊതുപരിപാടിയില്‍ കേരള ഗതാഗതവകുപ്പ് മന്ത്രിയും അഭിനേതാവുമായ കെ.ബി.ഗണേഷ് കുമാര്‍ ഇത്തരത്തില്‍ ഒരു ചിത്രത്തെക്കുറിച്ച് സംസാരിച്ചിരുന്നു. പ്രിയദര്‍ശന്‍ തിരക്കഥയെുതി സംവിധാനം ചെയ്ത് 1986 ല്‍ പുറത്തിറങ്ങിയ ധീം തരികിട തോമിനെക്കുറിച്ചാണ് ഗണേഷ്‌കുമാര്‍ ചര്‍ച്ച ചെയ്തത്.
‘പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ധീം തരികിട തോം എന്ന ചിത്രമുണ്ട്, സെറ്റിലിരുന്നുകൊണ്ടാണ് ആ ചിത്രത്തിന്റെ കഥയെഴുതി തീര്‍ത്തത്. അതില്‍ ഒരു രംഗത്തില്‍ ഹനുമാനിരുന്ന് ബീഡി വലിക്കുന്നുണ്ട്, തൊട്ടപ്പുറത്ത് ശ്രീരാമനിരുന്ന് ചീട്ടുകളിക്കുന്നതും കാണാം. ഇന്നത്തെ കാലഘട്ടത്തില്‍ അത്തരത്തില്‍ ക്രിയേറ്റീവ് ആയി എഴുതാന്‍ ആര്‍ക്കെങ്കിലും കഴിയുമോ, എഴുതിയാല്‍ തന്നെ സെന്‍സര്‍ ബോര്‍ഡ് ആ രംഗത്തിന് അനുമതി തരുമോ? അത്തരത്തിലൊരു രംഗം പ്രദര്‍ശിപ്പിച്ചാല്‍ നമ്മുടെ രാജ്യത്തുണ്ടാവുന്ന കോലാഹലങ്ങള്‍ ഒന്ന് ആലോചിച്ച് നോക്കിയേ’ ഗണേഷ് കുമാര്‍ പറഞ്ഞു.
യാതൊരു വിധ സെന്‍സര്‍ കട്ടുകളെയും ഭയപ്പെടാതെ ആവിഷ്‌കാര സ്വാതന്ത്ര്യം അതിന്റെ പൂര്‍ണ്ണതോതില്‍ ഉപയോഗപ്പെടുത്തിയിരുന്ന കാലഘട്ടത്തില്‍ നിന്നും ചിത്രത്തിലെ കഥാപാത്രങ്ങളുടെ പേരുകള്‍ക്ക് വരെ വിലക്ക് നേരിടേണ്ടി വരുന്ന കാലഘട്ടത്തിലൂടെയാണ് ഇന്ന് സിനിമാ മേഖല സഞ്ചരിക്കുന്നത്. കേന്ദ്ര സഹമന്ത്രി സുരേഷ്‌ഗോപി കേന്ദ്രകഥാപാത്രമായെത്തിയ ജാനകി.വി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരളയില്‍ സീത ദേവിയുടെ പേരായ ജാനകി ഉപയോഗിക്കരുതെന്ന വിചിത്ര വാദവുമായി സെന്‍സര്‍ ബോര്‍ഡ് രംഗത്തെത്തിയത് വിഷയത്തിന്റെ തീവ്രത വെളിപ്പെടുത്തുന്നു.
Content Highlight: Ganesh Kumar talks about priyadarshan’s old movie scene in view of censor board issues
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.