ഗുരു ഇരുന്ന കസേരയിലാണ് ഇരിക്കുന്നതെന്ന് ഓര്‍മയുണ്ടാകണം; വെള്ളാപ്പള്ളിയെ വിമര്‍ശിച്ച് ഗണേഷ് കുമാര്‍
Kerala
ഗുരു ഇരുന്ന കസേരയിലാണ് ഇരിക്കുന്നതെന്ന് ഓര്‍മയുണ്ടാകണം; വെള്ളാപ്പള്ളിയെ വിമര്‍ശിച്ച് ഗണേഷ് കുമാര്‍
രാഗേന്ദു. പി.ആര്‍
Sunday, 4th January 2026, 8:49 pm

പത്തനാപുരം: വിദ്വേഷ പരാമര്‍ശത്തില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ വിമര്‍ശനവുമായി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍.

വകതിരിവ് അവനവനാണ് കാണിക്കേണ്ടതെന്നും മറ്റൊരാളെ ആര്‍ക്കും തിരുത്താനാകില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. മാതൃഭൂമി ന്യൂസിനോട് സംസാരിക്കുന്നതിനിടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

‘ജാതി ചോദിക്കരുത്, പറയരുത്’ എന്ന് പറഞ്ഞ ശ്രീനാരായണ ഗുരു ഇരുന്ന കസേരയിലിരിക്കുന്ന ആളാണെന്ന് സ്വയം ഓര്‍ത്താല്‍ മതിയെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ഈ വിഷയത്തില്‍ തനിക്ക് മറ്റൊരു അഭിപ്രായവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകത്ത് ആര്‍ക്കും ആരെയും തിരുത്താനാകില്ല. സ്വയം തിരിച്ചറിയുകയാണ് വേണ്ടത്. എങ്ങനെ ജീവിക്കണമെന്നത് ഓരോ വ്യക്തികളുടെയും തീരുമാനമാണ്. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്ന വാക്കാണ് മലയാളികളെ തിരുത്തിയത്. അത് മാത്രമാണ് ഓര്‍മിപ്പിക്കാനുള്ളതെന്നും ഗണേഷ് കുമാര്‍ പ്രതികരിച്ചു.

മലപ്പുറം പരാമര്‍ശത്തില്‍ ചോദ്യങ്ങള്‍ ഉന്നയിച്ച് ഉത്തരം മുട്ടിച്ച റിപ്പോട്ടര്‍ ടി.വി മാധ്യമപ്രവര്‍ത്തകന്‍ റഹീസ് റഷീദിനെ വെള്ളാപ്പള്ളി നടേശന്‍ തീവ്രവാദിയായി മുദ്രകുത്തിയതിന് പിന്നാലെയാണ് ഗണേഷ് കുമാറിന്റെ പ്രതികരണം.

തന്റെ അനുഭവത്തില്‍ നിന്നാണ് മാധ്യമപ്രവര്‍ത്തകനെ തീവ്രവാദിയെന്ന് വിളിച്ചതെന്നും അതിനുള്ള തെളിവുകള്‍ കൈവശമുണ്ടെന്നും വെള്ളാപ്പള്ളി അവകാശപ്പെട്ടിരുന്നു. മാത്രമല്ല റഹീഷ് റഷീദ് എം.എസ്.എഫ് പ്രവര്‍ത്തകനായിരുന്നുവെന്നും മുസ്‌ലിങ്ങളുടെ വക്താവാണെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

പിന്നാലെ ഇതേ പരാമര്‍ശം വെള്ളാപ്പളളി മറ്റൊരു വേദിയില്‍ വെച്ച് ആവര്‍ത്തിക്കുകയും ചെയ്തു. മതതീവ്രവാദിയെന്ന് വിളിക്കാതിരുന്നത് അബദ്ധമായെന്നും തീവ്രവാദിയെന്ന് ഇനിയും വിളിക്കുമെന്നുമാണ് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞത്.

തീവ്രവാദി ആയതുകൊണ്ടായിരിക്കാം കള്ളന്‍ പോഴന്‍ തലയില്‍ തപ്പി ഓടി പോയതെന്നും വെള്ളാപ്പള്ളി അധിക്ഷേപിച്ചിരുന്നു.

Content Highlight: Ganesh Kumar criticizes Vellappally Natesan

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.