ഫാസിസത്തിന്റെ മൈതാനത്ത് 'ഒറ്റടീമായി' പോരാട്ടത്തിനിറങ്ങാന്‍ ഗാന്ധി നമ്മെ വിളിക്കുന്നു
Discourse
ഫാസിസത്തിന്റെ മൈതാനത്ത് 'ഒറ്റടീമായി' പോരാട്ടത്തിനിറങ്ങാന്‍ ഗാന്ധി നമ്മെ വിളിക്കുന്നു
എം.എം.ജാഫർ ഖാൻ
Thursday, 2nd October 2025, 3:08 pm
ഗാന്ധിജി അദ്ദേഹത്തിന്റെ ദക്ഷിണാഫ്രിക്കന്‍ ജീവിതകാലത്ത് ക്രൂരമായ വംശീയ അടിച്ചമര്‍ത്തലുകള്‍ക്കെതിരെ പോരാടാന്‍ മൂന്ന് ഫുട്‌ബോള്‍ ക്ലബ്ബുകള്‍ തുടങ്ങിയിരുന്നു. ഡര്‍ബന്‍, പ്രിട്ടോറിക്ക, ജോഹാന്നസ്ബര്‍ഗ് എന്നിവിടങ്ങളിലായിരുന്നു അവ. ഗ്രൗണ്ടില്‍ നേടുന്ന യോജിപ്പ് ജനങ്ങള്‍ ജീവിതത്തിലും പകര്‍ത്തുന്നതോടെ അത് വംശീയ വിരുദ്ധ പോരാട്ടങ്ങള്‍ക്ക് ശക്തിപകരുമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. പക്ഷെ, ആ മഹാമനുഷ്യനെ അയാളുടെ പ്രിയപ്പെട്ട മണ്ണില്‍ വെച്ച് തന്നെ കൊന്നുകളഞ്ഞു.

ഫലസ്തീനിലെ മനുഷ്യരും സംഘപരിവാറിന് എതിര് നില്‍ക്കുന്ന ഇന്ത്യന്‍ പ്രതിപക്ഷവും ആരൊക്കെയാണ് സുഹൃത്തുക്കള്‍, ആരൊക്കെയാണ് ശത്രുക്കള്‍, ആരൊക്കെയാവും ‘നാടകക്കാര്‍’ എന്ന് തിരിച്ചറിയാന്‍ പറ്റാതെ ഇഴയുമ്പോള്‍ വീണ്ടുമൊരു ഗാന്ധിജയന്തി ദിനം. അഹിംസയുടെയും നേരിന്റെയും വഴി ലോകത്തിന് ജീവിച്ചുകാണിച്ച മഹാഗാന്ധിയുടെ 156-മത് ജന്മദിനം.

”You can’t win together if you don’t work together.’ എന്ന നിക്ക് സബാനിന്റെ വാക്കുകള്‍ ഗാന്ധിജി അങ്ങേര്‍ക്കും എത്രയോ മുമ്പേ ജീവിച്ചുകാണിച്ചു. കാല്‍പന്ത് കളിയുടെ ശക്തിസൗന്ദര്യങ്ങള്‍ ലോകത്തെ മഹാനേതാക്കളെല്ലാവരും തിരിച്ചറിഞ്ഞിരുന്നു. ഗാന്ധിജിയും നെല്‍സണ്‍ മണ്ടേലയും യാസര്‍ അറഫാത്തുമെല്ലാം അവരിലുണ്ട്.

ജീവിതകാലം മുഴുവന്‍ ഫലസ്തീന്‍ വിമോചന പോരാട്ടത്തിന് ചൂട്ട് പിടിച്ച അറഫാത്ത് ഒരിക്കല്‍ പറയുന്നുണ്ട് – ‘അല്‍ വഹ്ദത്ത് ഫുട്‌ബോള്‍ ക്ലബ്, നമ്മുടെ മുദ്രാവാക്യങ്ങള്‍ എന്നെക്കാള്‍ ഉച്ചത്തില്‍ അലറിവിളിക്കുന്നു’ എന്ന്. ഒരു നാടിനെ പ്രചോദിപ്പിക്കാന്‍, ഒന്നിപ്പിക്കാന്‍ മൈതാനത്ത് നേടുന്ന വിജയത്തോളം പോന്ന മറ്റൊന്നുമില്ല. ശ്രേഷ്ഠ ചരിത്രനിര്‍മിതികളോ നിഷ്ഠകളോ പട്ടാള വിജയങ്ങളോ.. ഒന്നും തന്നെ അതിന് ഒരിക്കലും തുല്യമാവില്ലെന്ന് നെല്‍സണ്‍ മണ്ടേലയും പറഞ്ഞിട്ടുണ്ട്.

ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളും സന്ധികളും വികാരങ്ങളും പ്രതിഫലിക്കുന്ന ഗെയിമാണ് ഫുട്ബോള്‍. സന്തോഷം, സങ്കടം, നിരാശ, പ്രതീക്ഷ, വാശി, സംഘട്ടനം, നാടകീയത, ഓര്‍ക്കാപ്പുറത്തെ കീഴ്‌മേല്‍ മറിച്ചില്‍.. എല്ലാംകൊണ്ടും ഫുട്ബോളും മനുഷ്യജീവിതമെന്ന കളിയും ഒന്നുതന്നെ. അതുകൊണ്ടാണ് ജീവിതത്തിന്റെ സാമൂഹികസ്വത്വ പ്രതിസന്ധികളെ മറികടക്കാന്‍ ഫുട്‌ബോളിനോളം പോന്ന മറ്റൊരു ഉപായം വേറെയില്ലെന്ന് പറയുന്നത്.

കൊടുക്കുക, വാങ്ങുക, ഒന്നിച്ച് ആഘോഷിക്കുക അല്ലെങ്കില്‍ ഒന്നിച്ച് സഹിക്കുക എന്ന കളിയുടെ അകം പൊരുളും ഹരവും ജനങ്ങള്‍ ജീവിതത്തിലും പകര്‍ത്തുന്നതോടെ അവിടം ‘സ്വര്‍ഗം’ സൃഷ്ടിക്കപ്പെടുന്നു. അതുകൊണ്ടാണ് ‘ഫുട്‌ബോള്‍ കളിക്കുന്നത് നിങ്ങളെ സ്വര്‍ഗത്തിലേക്ക് അടുപ്പിക്കും’ എന്ന് സ്വാമി വിവേകാനന്ദന്‍ പറഞ്ഞത്.

ഗാന്ധിജി അദ്ദേഹത്തിന്റെ ദക്ഷിണാഫ്രിക്കന്‍ ജീവിതകാലത്ത് ക്രൂരമായ വംശീയ അടിച്ചമര്‍ത്തലുകള്‍ ക്കെതിരെ പോരാടാന്‍ മൂന്ന് ഫുട്‌ബോള്‍ ക്ലബ്ബുകള്‍ തുടങ്ങിയിരുന്നു. ഡര്‍ബന്‍, പ്രിട്ടോറിക്ക, ജോഹാന്നസ്ബര്‍ഗ് എന്നിവിടങ്ങളിലായിരുന്നു അവ. ഗ്രൗണ്ടില്‍ നേടുന്ന യോജിപ്പ് ജനങ്ങള്‍ ജീവിതത്തിലും പകര്‍ത്തുന്നതോടെ അത് വംശീയ വിരുദ്ധ പോരാട്ടങ്ങള്‍ക്ക് ശക്തിപകരുമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. പക്ഷെ, ആ മഹാമനുഷ്യനെ അയാളുടെ പ്രിയപ്പെട്ട മണ്ണില്‍ വെച്ച് തന്നെ കൊന്നുകളഞ്ഞു.

ഏറ്റവും ഭീകരമാംവിധം ഫാസിസത്തിന്റെ മൈതാനത്ത് ഭിന്നിപ്പിക്കലിന്റെ കളി നടക്കുന്ന ഇക്കാലത്ത് ‘ഒറ്റടീമായി’ വിരുദ്ധര്‍ക്കെതിരെ പോരാട്ടത്തിനിറങ്ങാന്‍ ഗാന്ധിജി നമ്മെ വിളിക്കുന്നുണ്ട്. വിഭജനവാദവും വര്‍ഗീയതയുമാണ് കായിക രംഗത്ത് പോലും ഇന്ന് ഇന്ത്യയിലെ ഏറ്റവും ലാഭമുള്ള ‘രാഷ്ട്രീയ കോര്‍പറേറ്റ് വില്‍പ്പനച്ചരക്ക്’. അതിനെ മറികടക്കാന്‍ ഗാന്ധിജിയുടെ വഴി മാത്രമേയുള്ളു.

ഫലസ്തീന് ഏറ്റവും വലിയ പിന്തുണ ലഭിച്ചത് അറബികളില്‍ നിന്നല്ല, ഫുട്‌ബോള്‍ ലോകത്ത് നിന്നാണ് എന്നത് ഈ കളിയുടെ രാഷ്ട്രീയം കൃത്യമായി വിശദീകരിക്കുന്നുണ്ട്.

Content Highlight: Gandhi calls us to fight ‘as one team’ on the battlefield of fascism