| Tuesday, 5th November 2024, 6:04 pm

ഏകപ്പെട്ട ഓപ്പറേഷന്‍ മുതല്‍ യമ്മാടി വരെ, വ്യത്യസ്തത നിറഞ്ഞ ഗാനാ പാട്ടുകള്‍

അമര്‍നാഥ് എം.

ഇന്‍സ്റ്റഗ്രാമില്‍ ഇപ്പോള്‍ നിരവധി റീലുകളില്‍ കേള്‍ക്കുന്ന പാട്ടാണ് ഡീസല്‍ എന്ന ചിത്രത്തിലെ ബീയര്‍ സോങ്. സ്വല്പം ഫോക്ക് ടച്ചുള്ള പാട്ട് ഒരുക്കിയിരിക്കുന്നത് ദിബു നൈനാന്‍ തോമസാണ്. വ്യത്യസ്തമായ ആലാപന ശൈലിയും ഡോല്‍, തപ്പട്ട പോലുള്ള ഉപകരണങ്ങളുമാണ് ഈ പാട്ടിന്റെ സംഗീതത്തിലുള്ളത്. ചെന്നൈയുടെ തനത് സംഗീതരൂപമായ ഗാനാ ശൈലിയിലാണ് ദിബു ഈ പാട്ട് അണിയിച്ചൊരുക്കിയിരിക്കുന്നത്.

എന്താണ് ഗാനാ പാട്ടുകള്‍?

നോര്‍ത്ത് ചെന്നൈയിലെ സാധാരണക്കാര്‍ അവരുടെ മിക്ക പരിപാടികളിലും പാടുന്ന പാട്ടാണ് ഗാനാ പാട്ടുകള്‍. പക്കാ ചെന്നൈ സ്ലാങ്ങില്‍ പാടുന്ന പാട്ട് ആര് കേട്ടാലും അറിയാതെ ചുവടുവെക്കും. പണ്ടുമുതല്‍ക്കേ ചെന്നൈ നിവാസികള്‍ അവരുടെ മുഖമുദ്രയായി കൊണ്ടുനടക്കുന്ന ഗാനാ പാട്ടിനോട് മുഖ്യധാരാ സംഗീതപ്രേമികള്‍ക്ക് വിമുഖതയുണ്ടായിരുന്നു.

തമിഴ് സൂപ്പര്‍താരം അജിത്തിന്റെ പിറന്നാള്‍ ദിനത്തില്‍ ഗാനാ സുധാകര്‍ എന്ന പാട്ടുകാരന്‍ ഒരുക്കിയ ഏകപ്പെട്ട ഓപ്പറേഷന്‍ എന്ന പാട്ടാണ് മലയാളികള്‍ ആദ്യം കേള്‍ക്കുന്ന ഗാനാ പാട്ട്. ഒരുപാട് ട്രോള്‍ പേജുകളില്‍ ഈ പാട്ട് ചര്‍ച്ചയായി.

എന്നാല്‍ കഴിഞ്ഞ കുറച്ചുകാലമായി സോഷ്യല്‍ മീഡിയയില്‍ ഗാനാ പാട്ടുകള്‍ക്ക് കിട്ടുന്ന സ്വീകാര്യത വളരെ വലുതാണ്. ഇന്ന് തമിഴ് സിനിമയില്‍ നിരവധി ഗാനാ പാട്ടുകാര്‍ നിറസാന്നിധ്യമാണ്. ഗാനാ ബാല, ഗാനാ മുത്തു, ഇസൈവാണി, സരവെടി സരണ്‍, മരണ ഗാനാ വിജി തുടങ്ങിയവര്‍ ഗാനാ പാട്ടുകള്‍ക്ക് തമിഴ് സിനിമക്ക് പരിചയപ്പെടുത്തിക്കൊടുത്തവരാണ്.

ഗാനാ പാട്ടുകളും രാഷ്ട്രീയവും

വെറും പാട്ട് മാത്രമല്ല ഗാനാ. പലപ്പോഴും ശക്തമായ രാഷ്ട്രീയവും ഗാനാ പാട്ടുകളിലൂടെ സംസാരിക്കപ്പെടാറുണ്ട്. ദളിത് രാഷ്ട്രീയത്തിന്റെ ശബ്ദമായി പലപ്പോഴും ഗാനാ പാട്ടുകള്‍ മാറാറുണ്ട്. തമിഴിലെ മികച്ച സംവിധായകരിലൊരാളായ പാ. രഞ്ജിത് തന്റെ ആദ്യ ചിത്രത്തില്‍ തന്നെ ഗാനാ പാട്ടുകാരെ കൊണ്ടുവന്നത് അത്തരം രാഷ്ട്രീയ പ്രസ്താവനയുടെ ഭാഗമാണ്. ഗാനാ പാട്ടുകാരെ ഉള്‍പ്പെടുത്തിക്കൊണ്ട് 2017ല്‍ ദി കാസ്റ്റ്‌ലെസ്സ് കളക്ടീവ് എന്ന പേരില്‍ ആരംഭിച്ച മ്യൂസിക് ബാന്‍ഡും രഞ്ജിത്തിന്റെ ശക്തമായ രാഷ്ട്രീയ പ്രസ്താവനയായി കണക്കാക്കാം.

സന്തോഷ് നാരായണന്‍ മുതല്‍ എ.ആര്‍. റഹ്‌മാന്‍ വരെ

ഗാനാ പാട്ടുകളെ തന്റെ സിനിമകളില്‍ സ്ഥിരം സാന്നിധ്യമാക്കിയ സംഗീതസംവിധായകനാണ് സന്തോഷ് നാരായണന്‍. ആട്ടക്കത്തി, ഇരൈവി, കാലാ, വട ചെന്നൈ തുടങ്ങിയ സിനിമകളില്‍ ഗാനാ പാട്ടുകളുടെ ഇന്‍ഫ്‌ളുവന്‍സ് കാണാന്‍ സാധിക്കും. ഏറ്റവുമൊടുവില്‍ ഇന്ത്യന്‍ സിനിമയിലെ സംഗീത ഇതിഹാസമായ എ.ആര്‍ റഹ്‌മാനും അദ്ദേഹത്തിന്റെ സിനിമയില്ഡ ഗാനാ പാട്ട് കൊണ്ടുവന്നത് സിനിമാലോകത്ത് വലിയ ചര്‍ച്ചയായിരുന്നു.

ധനുഷ് സംവിധാനം ചെയ്ത രായനിലെ വാട്ടര്‍ പാക്കറ്റ് എന്ന പാട്ട് അതുവരെയുള്ള റഹ്‌മാന്‍ ഗാനങ്ങളില്‍ നിന്ന് വേറിട്ടുനില്‍ക്കുന്ന ഒന്നായിരുന്നു. ചിത്രത്തില്‍ പാട്ടിന്റെ വിഷ്വലൈസേഷനും അഭിനേതാക്കളുടെ പെര്‍ഫോമന്‍സിനും മുകളില്‍ അതിന്റെ വരികള്‍ ചര്‍ച്ചചെയ്യപ്പെട്ടു.

പ്രണയവും, വിരഹവും, ദേഷ്യവും, രാഷ്ട്രീയവും എല്ലാം അടങ്ങിയ ഴോണറാണ് ഗാനാ പാട്ടുകള്‍. ആര്‍ക്കും എപ്പോഴും പാടാം എന്നതുതന്നെയാണ് ഗാനാ പാട്ടിന്റെ പ്രത്യേകതകളിലൊന്ന്. ഒരുകാലത്ത് പലരും നാലാംകിട സംഗീതമെന്ന് പറഞ്ഞ് മാറ്റിനിര്‍ത്തപ്പെട്ട ഗാനാ ഇന്ന് സിനിമയിലെ മുന്‍നിരയിലേക്ക് എത്തുമ്പോള്‍ അത് വളരെയധികം സന്തോഷം നല്‍കുന്ന കാര്യമാണ്.

Content Highlight: Gana songs becomes popular in Tamil cinema

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more