യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നടന്ന മത്സരത്തില്‍ ആഴ്സണല്‍ തകര്‍പ്പന്‍ വിജയം നേടിയിരുന്നു. ക്ലബ്ബ് ബ്രഗിനെയാണ് ടീം തങ്ങളുടെ ആറാം മത്സരത്തില്‍ ഇംഗ്ലീഷ് വമ്പന്മാര്‍ തകര്‍ത്തത്. ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കായിരുന്നു ഗണ്ണേഴ്‌സിന്റെ വിജയം. വിജയത്തോടെ ലീഗിലെ ഒന്നാം സ്ഥാനം ആഴ്സണല്‍ അരക്കിട്ടുറപ്പിക്കുകയും ചെയ്തു.
മത്സരത്തില്‍ ടീമിനായി ബ്രസീലിയന്‍ താരം ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി ഗോള്‍ അടിച്ചിരുന്നു. ടീമിന്റെ മൂന്നാമത്തെ ഗോളാണ് മാര്‍ട്ടിനെല്ലി സ്‌കോര്‍ ചെയ്തത്. 56ാം മിനിട്ടിലായിരുന്നു താരത്തിന്റെ ഗോള്‍ നേട്ടം.
ഗബ്രിയേൽ മാർട്ടിനെല്ലി. Photo: Olayinka/x.com
ഇതിനൊപ്പം തന്നെ ഒരു സൂപ്പര്‍ നേട്ടവും മാര്‍ട്ടിനെല്ലി സ്വന്തമാക്കി. ചാമ്പ്യന്‍സ് ലീഗില്‍ തുടര്‍ച്ചയായ അഞ്ച് മത്സരങ്ങളില്‍ ഗോള്‍ അടിക്കുന്ന ആദ്യ ആഴ്സണല്‍ താരമെന്ന നേട്ടമാണ് ബ്രസീലിയന്‍ ഫോര്‍വാഡ് അക്കൗണ്ടിലാക്കിയത്. ആഴ്‌സണലിനായി ഈ സീസണില്‍ താരം കളിക്കാന്‍ ഇറങ്ങിയ എല്ലാ മത്സരത്തിലും ഗോള്‍ നേടിയിരുന്നു. ഈ മത്സരങ്ങളില്‍ താരം അഞ്ച് തവണയാണ് വല കുലുക്കിയത്.
മാര്‍ട്ടിനെല്ലി ഈ സീസണിലെ ആദ്യ ഗോള്‍ നേടിയത് അത്ലറ്റികോ ബില്‍ബാവോയ്ക്ക് എതിരെയായിരുന്നു. സെപ്റ്റംബര്‍ അവസാനത്തില്‍ ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ നടന്ന മത്സരത്തില്‍ ഗണ്ണേഴ്സ് രണ്ട് ഗോളിന് ജയിച്ചപ്പോള്‍ താരമാണ് ക്ലബ്ബിന്റെ രണ്ടാം ഗോള്‍ വലയിലെത്തിച്ചത്.
പിന്നാലെ, ഒക്ടോബറില്‍ ഒളിമ്പിക്കോസിന് എതിരെ ഇറങ്ങിയപ്പോഴും മാര്‍ട്ടിനെല്ലി ടീമിനായി ഗോള്‍ നേടി. ആ മാസം അവസാനം അത്ലറ്റിക് മാഡ്രിഡിനോട് ഏറ്റുമുട്ടിയപ്പോഴും താരം തന്റെ പതിവ് തെറ്റിച്ചില്ല.
ഗബ്രിയേൽ മാർട്ടിനെല്ലി. Photo: themounerveil/x.com
അതിന് ശേഷം ചാമ്പ്യന്‍സ് ലീഗില്‍ ആഴ്സണല്‍ സ്ലാവിയ പ്രാഹയെ നേരിട്ടപ്പോള്‍ മാര്‍ട്ടിനെല്ലിക്ക് പരിക്ക് കാരണം പുറത്തിരിക്കേണ്ടി വന്നു. എന്നാല്‍, പരിക്കില്‍ നിന്ന് മുക്തനായി തിരിച്ചെത്തിയതിന് ശേഷവും ബ്രസീലിയന്‍ താരം ഗോളടി തുടര്‍ന്നു.
ചാമ്പ്യന്‍സ് ലീഗില്‍ പിന്നീട് നവംബര്‍ 26ന് ബയേണ്‍ മ്യൂണിക്കിനോടും കഴിഞ്ഞ ദിവസം ക്ലബ്ബ് ബ്രഗിനോടുമായിരുന്നു ആഴ്സണല്‍ ഏറ്റുമുട്ടിയത്. ഈ രണ്ട് മത്സരങ്ങളില്‍ താരം ഓരോ ഗോള്‍ വീതം എതിരാളികളുടെ വലയിലെത്തിച്ചു. ഇതോടെ ഗണ്ണേഴ്‌സിനായി ഈ സുവര്‍ണനേട്ടവും താരം സ്വന്തം പേരിലാക്കി.
Content Highlight: Gabriel Martinelli became the first Arsenal player ever to score in 5 Straight UEFA Champions League matches