| Monday, 19th May 2025, 1:03 pm

ആദ്യം ഒന്നിച്ചപ്പോള്‍ നാഷണല്‍ അവാര്‍ഡ് തൂക്കിയ കോമ്പോ, സൂര്യ- മമിത ബൈജു പ്രൊജക്ടില്‍ സംഗീതമൊരുക്കുന്നത് കിടിലന്‍ മ്യൂസിക് ഡയറക്ടര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴ് സിനിമയിലെ മികച്ച നടന്മാരിലൊരാളാണ് സൂര്യ. കരിയറിന്റെ തുടക്കത്തില്‍ അഭിനയത്തിന്റെ പേരില്‍ കേട്ട വിമര്‍ശനങ്ങള്‍ക്കെല്ലാം പെര്‍ഫോമന്‍സിലൂടെ മറുപടി നല്‍കിയ സൂര്യ തമിഴിലെ മുന്‍നിരയില്‍ ഇടംപിടിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി ബോക്‌സ് ഓഫീസ് പ്രകടനത്തില്‍ കാര്യമായി ശോഭിക്കാന്‍ സാധിക്കുന്നില്ലെങ്കിലും വ്യത്യസ്തമായ കഥകള്‍ തെരഞ്ഞെടുക്കുന്നതില്‍ സൂര്യ വിട്ടുവീഴ്ച കാണിക്കുന്നില്ല.

കങ്കുവയുടെ പരാജയത്തിന് പിന്നാലെ വലിയ പ്രൊജക്ടുകള്‍ ഉപേക്ഷിച്ച് വര്‍ഷത്തില്‍ രണ്ട് സിനിമ എന്ന നിലയില്‍ കരിയര്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സൂര്യ തീരുമാനിച്ചിരുന്നു. കാര്‍ത്തിക് സുബ്ബരാജിനൊപ്പം ഒന്നിച്ച റെട്രോയും ആര്‍.ജെ. ബാലാജി സംവിധാനം ചെയ്യുന്ന സൂര്യ 45ഉം ആണ് ഈ വര്‍ഷത്തെ സൂര്യയുടെ പ്രൊജക്ടുകള്‍.

തെലുങ്കിലെ മികച്ച സംവിധായകരിലൊരാളായ വെങ്കി അട്‌ലൂരിയോടൊപ്പമാണ് സൂര്യയുടെ അടുത്ത പ്രൊജക്ട്. റെട്രോയുടെ പ്രൊമോഷന്‍ വേളയിലാണ് ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് നടത്തിയത്. കിങ് ഓഫ് കൊത്തയുടെ പരാജയത്തിന് ശേഷം ദുല്‍ഖറിന് ലക്കി ഭാസ്‌കറിലൂടെ വമ്പന്‍ തിരിച്ചുവരവ് സമ്മാനിച്ച വെങ്കി അട്‌ലൂരിക്കൊപ്പമുള്ള പ്രൊജക്ട് ആകാംക്ഷയോടെയാണ് ആരാധകര്‍ നോക്കി കാണുന്നത്.

മലയാളി താരം മമിത ബൈജുവാണ് ചിത്രത്തില്‍ നായിക. എന്നാല്‍ സൂര്യയോടൊപ്പം തുല്യ പ്രാധാന്യമുള്ള വേഷമാണ് മമിത ബൈജുവിന്റേതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ ചിത്രത്തിന്റെ സംഗീത സംവിധായകനായി ജി.വി. പ്രകാശ് കുമാര്‍ സൂര്യ 46ന്റെ ഭാഗമായിരിക്കുകയാണ്. സംവിധായകന്‍ വെങ്കി അട്‌ലൂരിയാണ് ഇക്കാര്യം അറിയിച്ചത്.

വെങ്കിയോടൊപ്പം മൂന്നാം തവണയും സൂര്യയോടൊപ്പം രണ്ടാം തവണയുമാണ് ജി.വി.പി ഒന്നിക്കുന്നത്. സൂര്യയുടെ കൂടെ ആദ്യമായി ഒന്നിച്ച സൂരറൈ പോട്ര് ഇരുവരുടെയും കരിയറിലെ നാഴികക്കല്ലായി മാറിയിരുന്നു. മികച്ച നടനുള്ള ദേശീയ അവാര്‍ഡ് സൂര്യക്കും മികച്ച സംഗീതസംവിധായകനുള്ള ദേശീയ അവാര്‍ഡ് ജി.വി. പ്രകാശിനും സൂരറൈ പോട്രിലൂടെ ലഭിച്ചു.

ഇതേ കോമ്പോ വീണ്ടും ഒന്നിക്കുമ്പോള്‍ പ്രതീക്ഷകളേറെയാണ്. സൂര്യക്കും മമിത ബൈജുവിനും പുറമെ ബോളിവുഡ് താരം രവീണ ടണ്ടനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. കെ.ജി.എഫ് ചാപ്റ്റര്‍ 2വിന് ശേഷം രവീണയുടെ ശക്തമായ വേഷമായിരിക്കും സൂര്യ 46ലേതെന്നാണ് പലരും പ്രതീക്ഷിക്കുന്നത്. 2026ല്‍ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആര്‍.ജെ. ബാലാജി സംവിധാനം ചെയ്യുന്ന സൂര്യ 45 അവസാനഘട്ട ചിത്രീകരണത്തിലാണ്. തൃഷയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. മലയാളി താരങ്ങളായ സ്വാസിക, ഇന്ദ്രന്‍സ് എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. തമിഴിലെ പുത്തന്‍ സെന്‍സേഷനായ സായ് അഭ്യങ്കറാണ് ചിത്രത്തിന്റെ സംഗീതം. ദീപാവലി റിലീസായി ചിത്രം തിയേറ്ററുകളിലെത്തുമെന്ന് കരുതുന്നു.

Content Highlight: G V Prakashkumar onboard for Suriya Venky Atluri project

We use cookies to give you the best possible experience. Learn more