| Tuesday, 17th June 2025, 2:35 pm

എന്തുകൊണ്ട് ഈ വീഡിയോ ഇത്ര വൈറലായെന്ന് സ്വയം ചോദിച്ചു; ഉത്തരം ഞാന്‍ തന്നെ പറയട്ടെ: ജി.എസ്.പ്രദീപ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കഴിഞ്ഞ ദിവസങ്ങളിലായി സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുന്നത് ബേസില്‍ ജോസഫിന്റെ ഒരു പഴയ ഒരു വീഡിയോയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കൈരളി ടി.വി.യുടെ അശ്വമേധം എന്ന പരിപാടിയില്‍ പങ്കെടുത്തപ്പോഴുള്ള കൊച്ചു കുട്ടിയായ ബേസിലിന്റെ ആ വീഡിയോ നിമിഷങ്ങള്‍ക്കകം തന്നെ ആരാധകര്‍ ഏറ്റെടുത്തിരുന്നു.

വയനാട്ടില്‍ വെച്ച് നടന്ന അശ്വമേധം മെഗാ ഷോയിലാണ് ബേസില്‍ പങ്കെടുത്തത്. വീഡീയോയ്ക്ക് പിന്നാലെ ഇപ്പോള്‍ ഇതാ അശ്വമേധം അവതാരകനായിരുന്ന ജി. എസ് പ്രദീപും ബേസിലിനെ കുറിച്ചുള്ള പോസ്റ്റ് എഫ്.ബിയില്‍ പങ്കുവെച്ചിരിക്കുന്നു.

കാസര്‍ഗോടും തലശ്ശേരിയും മഞ്ചേരിയുമൊക്കെ അടങ്ങുന്ന അശ്വമേധം പരിപാടിയില്‍ ആഘോഷമാക്കിയ ദിനങ്ങളില്‍ തന്റെ അടുത്ത വേദി ബത്തേരിയില്‍ ആയിരുന്നുവെന്നും അവിടെ വെച്ചാണ് താന്‍ ആ കുട്ടിയെ ആദ്യമായി കാണുന്നതെന്നും ജി. എസ് പ്രദീപ് പോസ്റ്റില്‍ പറയുന്നു.

എണ്ണ തേച്ചു കോതിയ തലമുടിയും, നിറഞ്ഞ ചിരിയും, ആകാംക്ഷ കൊണ്ട് വിടര്‍ന്ന കണ്ണുകളും ഉള്ള മിടുക്കനായ ബാലന്‍ ആയിരുന്നു അവന്‍. പിന്നീട് വെള്ളിത്തിരയിലെ അയത്‌നലാളിത്യത്തിന്റെയും അടങ്ങാത്ത നര്‍മബോധത്തിന്റെയും ആള്‍ രൂപമായി മാറിയെന്നും വിപരീത അഭിപ്രായങ്ങള്‍ ആര്‍ക്കുമില്ലാത്ത മികച്ച മനുഷ്യന്‍ കൂടിയാണ് ബേസില്‍ ജോസഫ് എന്ന കലാകാരനെന്നും അദ്ദേഹം പറയുന്നു.

ആരാധകഹൃദയങ്ങളില്‍ ആഴത്തില്‍ ഇടംപിടിച്ച പ്രിയപ്പെട്ട ബേസില്‍ ജോസഫ്, ഇന്ന് നമ്മുടെ പഴയ നല്ല നിമിഷങ്ങള്‍ വീണ്ടും വന്നിരിക്കുന്നുവെന്നും ദശലക്ഷക്കണക്കിന് പ്രേക്ഷകര്‍ ആസ്വദിക്കുമ്പോള്‍ താനും വ്യക്തിപരമായി അതില്‍ ആഹ്ലാദിക്കുന്നുവെന്നും ജി. എസ് പ്രദീപ് കൂട്ടിച്ചേര്‍ത്തു.

ജി. എസ് പ്രദീപ് പങ്കുവെച്ച പോസ്റ്റിന്റെ പൂര്‍ണരൂപം

മൂന്നു സംസ്ഥാനങ്ങള്‍ അതിര്‍ത്തി പങ്കിടുന്ന ഒരേയൊരു താലൂക്ക് ഏതാണ് എന്ന ചോദ്യത്തിന് മലയാളിക്ക് ഒരൊറ്റ ഉത്തരമേയുള്ളൂ. അത്, ടിപ്പുസുല്‍ത്താന്റെ സൈനിക താവളമായി ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട സുല്‍ത്താന്‍ബത്തേരി ആണ്. രണ്ടു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് അടച്ചിട്ട സ്റ്റുഡിയോയുടെ പരിമിതികളെ അതിജീവിച്ച് മുന്നില്‍ നിറഞ്ഞിരിക്കുന്ന ആയിരങ്ങളുടെ മനസ്സില്‍ ഒളിച്ചുവെച്ച പേരുകള്‍ കണ്ടെത്തി അശ്വമേധം തുറന്ന വേദികളിലേക്ക് സഞ്ചരിച്ചു.

കാസര്‍ഗോടും തലശ്ശേരിയും മഞ്ചേരിയും ഒക്കെ അടങ്ങുന്ന അറിവാഹ്‌ളാദത്തില്‍ പകലിരവുകളെ ആഘോഷമാക്കിയ ആയിരക്കണക്കിനാളുകള്‍. അടുത്ത വേദി ബത്തേരിയില്‍ ആയിരുന്നു.
മൂന്ന് ദിനങ്ങളില്‍ ഇടതടവില്ലാത്ത അശ്വമേധപ്പകലുകള്‍. നിരവധി വ്യത്യസ്ത മത്സരാര്‍ത്ഥികളും മനസില്‍ ഓര്‍മിച്ച വേറിട്ട പേരുകളും. അന്നാണ് ഞാനാ കുട്ടിയെ ആദ്യമായി കാണുന്നത് എണ്ണ തേച്ചു കോതിയ തലമുടിയും, നിറഞ്ഞ ചിരിയും, ആകാംക്ഷ കൊണ്ട് വിടര്‍ന്ന കണ്ണുകളും ഉള്ള മിടുക്കനായ ഒരു ബാലന്‍.

ഭാരതീയ നൃത്ത കലയുടെ ജീവിച്ചിരുന്ന പരമശിവനായ സാക്ഷാല്‍ ഉദയശങ്കറിനെ മനസ്സില്‍ ഓര്‍മിച്ച് അന്ന് അശ്വമേധത്തില്‍ ഏര്‍പ്പെട്ട ആ കുട്ടി പിന്നീട് കേരളത്തിന്റെ സെല്ലുലോയിഡില്‍ അയത്‌നലാളിത്യത്തിന്റെയും അടങ്ങാത്ത നര്‍മ്മബോധത്തിന്റെയും ആള്‍രൂപമായി മാറി. വിപരീത അഭിപ്രായങ്ങള്‍ ആര്‍ക്കുമില്ലാത്ത
മികച്ച മനുഷ്യന്‍ കൂടിയാണ് ആ കലാകാരന്‍’..ആരാധകഹൃദയങ്ങളില്‍ ആഴത്തില്‍ ഇടംപിടിച്ച പ്രിയപ്പെട്ട ബേസില്‍ ജോസഫ്, ഇന്നിതാ നമ്മുടെ ആ പഴയ നല്ല നിമിഷങ്ങള്‍ കുത്തിപ്പൊക്കപ്പെട്ടിരിക്കുന്നു. നിമിഷ നേരം കൊണ്ട് ദശലക്ഷക്കണക്കിന് പ്രേക്ഷകര്‍ അത് ആസ്വദിക്കുകയും ചെയ്യുന്നു. വ്യക്തിപരമായി ഞാനും അതില്‍ ആഹ്ലാദിക്കുന്നു.

എന്നോട് ഞാന്‍ ചോദിച്ചു, എന്തുകൊണ്ട് ഈ വീഡിയോ ഇത്ര പെട്ടെന്ന് വൈറലായി എന്ന്. ഉത്തരവും ഞാന്‍ തന്നെ പറയട്ടെ. പ്രിയപ്പെട്ട ബേസില്‍, മലയാളി നിങ്ങളുടെ ചിത്രം വരച്ചിരിക്കുന്നത് ക്യാന്‍വാസുകളില്‍ അല്ല. അവരുടെ ഹൃദയങ്ങളിലെ ഏറ്റവും നിഷ്‌കളങ്കമായ ഫ്രെയിമുകളിലാണ്. അതിനവര്‍ ഉപയോഗിച്ചിരിക്കുന്ന മഷിക്ക് പേര് ‘നിരുപാധികമായ സ്‌നേഹം’ എന്നാണ്. നിറത്തിനാകട്ടെ ബേസില്‍ എന്ന് പേരും. സ്‌നേഹാഭിവാദ്യങ്ങളോടെ സ്വന്തം ജി. എസ്. പ്രദീപ്.

Content Highlight:   G.S. Pradeep about basil joseph

We use cookies to give you the best possible experience. Learn more