| Tuesday, 21st October 2025, 7:45 am

ധനാനുമതി ബില്‍ വീണ്ടും പാസായില്ല; യു.എസ് ഏറ്റവും വലിയ മൂന്നാമത്തെ ഷട്ട്ഡൗണിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: യു.എസില്‍ ധനാനുമതി ബില്‍ സെനറ്റില്‍ വീണ്ടും പരാജയപ്പെട്ടു. തുടര്‍ച്ചയായ 11ാം തവണയാണ് ബില്‍ തള്ളപ്പെടുന്നത്. ഇതോടെ അമേരിക്ക ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ഷട്ട്ഡൗണിലേക്ക് കടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ആരോഗ്യ ഇന്‍ഷുറന്‍സറുമായി ബന്ധപ്പെട്ട് റിപ്പബ്ലിക്കന്മാരും ഡെമോക്രാറ്റുകളും തമ്മിലുള്ള തര്‍ക്കമാണ് അടച്ചുപൂട്ടല്‍ തുടരുന്നതിന് കാരണം. 2026ന്റെ തുടക്കം വരെയുള്ള ചെലവുകള്‍ക്കായി 12ഓളം ബില്ലുകളാണ് യു.എസ് സെനറ്റ് പാസാക്കേണ്ടത്.

എന്നാല്‍ ഈ ബില്ലുകളില്‍ ആരോഗ്യ രംഗത്തേക്കുള്ള ഒബാമ കെയര്‍ സബ്‌സിഡികള്‍ അടക്കം ഉറപ്പാക്കണമെന്ന ഡെമോക്രാറ്റുകളുടെ നിര്‍ദേശം യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തള്ളിയതോടെയാണ് തര്‍ക്കം ആരംഭിച്ചത്. ബില്ലില്‍ പുതിയ ചെലവുകള്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്ന നിലപാടാണ് ട്രംപും വൈറ്റ് ഹൗസും സ്വീകരിച്ചത്.

20 ദശലക്ഷത്തിലധികം വരുന്ന ജോലി ചെയ്യുന്ന മധ്യവര്‍ഗ അമേരിക്കക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സുകള്‍ ഉറപ്പുനല്‍കണമെന്നാണ് ഡെമോക്രറ്റുകളുടെ ആവശ്യം. നിലവില്‍ അമേരിക്കയിലെ ഷട്ട്ഡൗണ്‍ 12ാം ദിവസത്തിലേക്ക് കടക്കുകയാണ്.

ഒക്ടോബര്‍ ഒന്നിനാണ് യു.എസില്‍ അടച്ചുപൂട്ടല്‍ ആരംഭിച്ചത്. കഴിഞ്ഞ ദിവസം ട്രംപിനെതിരെ വ്യാപക പ്രതിഷേധമാണ് യു.എസില്‍ നടന്നത്.

‘നിങ്ങള്‍ രാജാവല്ല, പ്രസിഡന്റാണ്’ എന്നെഴുതിയ ബാനറുകള്‍ ഉയര്‍ത്തിയാണ് യു.എസ് ജനത തെരുവിലിറങ്ങിയത്. ഇതിനുപിന്നാലെ ഷട്ട്ഡൗണില്‍ ഉള്‍പ്പെടെ മാറ്റമുണ്ടാകുമെന്ന് വൈറ്റ് ഹൗസ് പ്രതികരിച്ചിരുന്നു. പക്ഷെ ധനവിനിയോഗ ബില്‍ വീണ്ടും തള്ളപ്പെട്ടതോടെ ട്രംപ് തുടര്‍ച്ചയായി നിഴലിലായിരിക്കുകയാണ്.

യു.എസ് സെനറ്റില്‍ 53 റിപ്പബ്ലിക്കന്‍മാരും 45 ഡെമോക്രാറ്റുകളും രണ്ട് സ്വതന്ത്രരും ഉള്‍പ്പെടെ 100 അംഗങ്ങളാണ് ഉള്ളത്. 60 പേരുടെ പിന്തുണയാണ് ധനവിനിയോഗ ബില്‍ പാസാക്കാന്‍ സര്‍ക്കാരിന് ലഭിക്കേണ്ടത്. അതായത് റിപ്പബ്ലിക്കന്‍മാര്‍ക്ക് പുറമെ ഏഴ് ഡെമോക്രാറ്റുകളും ബില്ലിനെ പിന്തുണക്കണം.

ആവശ്യസാധനങ്ങള്‍ ഒഴികെ മറ്റെല്ലാ സര്‍ക്കാര്‍ സേവനങ്ങളും സ്തംഭിക്കുന്ന അവസ്ഥയെയാണ് ‘സര്‍ക്കാര്‍ ഷട്ട്ഡൗണ്‍’ എന്ന് പറയുന്നത്. യു.എസില്‍ സാമ്പത്തിക വര്‍ഷം ആരംഭിക്കുന്ന ഒക്ടോബര്‍ ഒന്നിന് മുമ്പ് ഫണ്ട് അനുവദിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചില്ലെങ്കില്‍ വകുപ്പുകളുടെ പ്രവര്‍ത്തനം തടസപ്പെടും.

വരും ദിവസങ്ങളില്‍ ഫെഡറല്‍ ജീവനക്കാർക്കും സൈനികര്‍ക്കും അടച്ചുപൂട്ടല്‍ സമയത്ത് ശമ്പളം നല്‍കാന്‍ അനുവദിക്കുന്ന നിയമനിര്‍മാണത്തില്‍ വോട്ടെടുപ്പ് നടത്താന്‍ ട്രംപ് പദ്ധതിയിടുന്നതായി പൊളിറ്റിക്കോ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ സര്‍ക്കാരിന് ഇഷ്ടമുള്ളവര്‍ക്ക് ശമ്പളം നല്‍കാനും മറ്റുള്ളവരെ പിരിച്ചുവിടാനും സാധ്യതയുള്ളതിനാല്‍ നിയമനിര്‍മാണത്തെ ഡെമോക്രാറ്റുകള്‍ തടയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Highlight: Funding bill fails again; US faces third-longest shutdown

We use cookies to give you the best possible experience. Learn more