'ചെഗുവേരയെ കൊണ്ടുനടക്കുന്നവരാണ് 300 കോടിക്ക് വേണ്ടി മാവോയിസ്റ്റുകളെ കൊന്നത്'
Kerala News
'ചെഗുവേരയെ കൊണ്ടുനടക്കുന്നവരാണ് 300 കോടിക്ക് വേണ്ടി മാവോയിസ്റ്റുകളെ കൊന്നത്'
സഫ്‌വാന്‍ കാളികാവ്
Wednesday, 13th September 2023, 5:35 pm

കോഴിക്കോട്: 46 ദിവസത്തെ തടവിന് ശേഷം മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസു ജയില്‍ മോചിതനായി. തമസ്‌കരിക്കപ്പെട്ട പശ്ചിമഘട്ടത്തിലെ വ്യാജ ഏറ്റുമുട്ടല്‍ മുഖ്യധാരയിലേക്ക് എത്തിക്കാന്‍ വേണ്ടിയായിരുന്നു തന്റെ പോരാട്ടമെന്നും അതിന് സഹായിച്ച എല്ലാവര്‍ക്കും നന്ദിയറിയിക്കുന്നതായും ജയില്‍ മോചിതനായ ശേഷം ഗ്രോ വാസു മാധ്യമങ്ങളോട് പറഞ്ഞു.

ഏഴ് കൊല്ലം ഈ സംഭവത്തെ തമസ്‌കരിക്കാന്‍ സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞെന്നും,
കേന്ദ്രത്തിലെ ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെയും സംസ്ഥാനത്തെ റിവിഷനിസ്റ്റ് ഭരണകൂടത്തിനെതിരെയുമുള്ള തന്റെ സമരം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജയില്‍ മോചിതനായ ശേഷം ഗ്രോ വാസു മാധ്യമങ്ങളോട് സംസാരിച്ചതിന്റെ പൂര്‍ണ രൂപം

സഖാക്കളെ,

വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടയിലും നിങ്ങളോട് രണ്ട് വാക്ക് സംസാരിക്കാന്‍ ബാധ്യസ്ഥാനായത് കൊണ്ടാണിപ്പോള്‍ സംസാരിക്കുന്നത്. നമ്മുടെ കേരളത്തിലെ ജനങ്ങള്‍ക്ക് അപമാനകരമായ ഒരു സംഭവമാണ് പശ്ചിമഘട്ട ഏറ്റുമുട്ടല്‍. വ്യാജ ഏറ്റുമുട്ടലാണ് പശ്ചിമ ഘട്ടത്തില്‍ നടന്നത്. എട്ട് മനുഷ്യരെ കാട്ടുമുയലിനെ കൊന്നത് പോലെയാണ് വെടിവെച്ചുകൊന്നത്. ചെഗുവേരയുടെ കൊടി ഉയര്‍ത്തുന്ന വിപ്ലവത്തെക്കുറിച്ച് നിരന്തരം പറയുന്ന നമ്മുടെ കമ്മ്യൂണിസ്റ്റ്, മാര്‍ക്‌സിസ്റ്റ്, പിണറായി സര്‍ക്കാരാണ് അത് ചെയ്തത്.

ഏഴ് കൊല്ലം ഈ സംഭവത്തെ തമസ്‌കരിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. ആ തമസ്‌കരണത്തിനെതിരെ പ്രകാശരശ്മിയുടെ ഒരു പ്രതിഷേധമെങ്കിലും ഉണ്ടാകണമെന്നതിനാലാണ് ഈ വയസുകാലത്തും ഞാന്‍ ജയിലില്‍ കിടന്നത്.

വിഷയത്തില്‍ എനിക്ക് പിന്തുണ നല്‍കിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നന്ദി. ഈ കാലയളവില്‍ എന്റെയും മാവോയിസ്റ്റ് പ്രസ്ഥാനങ്ങളുടെയും സന്ദേശം ജനങ്ങളിലേക്കെത്തിച്ച യുവാക്കളായ മാധ്യമപ്രവര്‍ത്തകര്‍ക്ക് എന്റെ അഭിവാദ്യങ്ങള്‍.

എനിക്ക് പന്തുണ പ്രഖ്യാപിച്ച് വലിയ സ്പിരിറ്റ് നല്‍കിയത് കെ.കെ. രമ എം.എല്‍.എയാണ്. അവര്‍ ജയിലില്‍ വന്നിരുന്നു. അവരുടെ ഭര്‍ത്താവ് എങ്ങനെയാണ് മരിച്ചതെന്ന് നിങ്ങള്‍ക്കറിയാം. അത്ര ചെറുപ്പത്തിലവര്‍ വിധവയായി. അതിന്റെ കാരണക്കാര്‍ ആരാണെന്നും നിങ്ങള്‍ക്ക് അറിയാം. ഇങ്ങനെ കാശുണ്ടാക്കാന്‍ വേണ്ടി നടത്തുന്ന ഈ വ്യവസ്ഥ ഇല്ലാതാകണം. ചെഗുവേരയെ ഉയര്‍ത്തിപ്പിടിക്കുന്നവര്‍ വെറും 300 കോടിക്ക് വേണ്ടിയാണ് ഈ എട്ട് കൊലപാതകങ്ങള്‍ നടത്തിയത്.

കൊല്ലാന്‍ വേണ്ടി നെഞ്ചിന് തന്നെ വെടിവെച്ചു. നിയമപ്രകാരം അരക്ക് താഴെയാണ് വെടിവെക്കേണ്ടത്. കൊല്ലാന്‍ വേണ്ടി മാത്രമാണ് അവര് വെടിവെച്ചത്. ഇവരാണ് കമ്മ്യൂണിസ്റ്റുകാരാണെന്ന് പറഞ്ഞുനടക്കുന്നത്.

നമ്മുടെ ജനതക്ക് ഇത് മനസിലാകുന്നില്ല. അവര്‍ ഉണരണം. പ്രതികരണശേഷി ഇല്ലാത്തവരാണ് കേരള ജനത എന്നല്ല ഞാന്‍ പറയുന്നത്. പക്ഷേ ആവശ്യമായ സന്ദര്‍ഭങ്ങളില്‍ അവരുടെ ശബ്ദമുയരണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അതുകൊണ്ട് ഈ കാര്യങ്ങള്‍ക്ക് വേണ്ടി എന്നെ സഹായിച്ച മുഴുവന്‍ ആളുകള്‍ക്കും ഒരിക്കല്‍ കൂടി എന്റെ അഭിവാദ്യം.

നിങ്ങള്‍ എസ്.ഡി.പി.ഐയുടെ തൊഴിലാളി സംഘടനയുടെ തലപ്പത്ത് ഇരിക്കുന്നു എന്നതില്‍ വിമര്‍ശനമുണ്ട്?

ആ കാര്യത്തില്‍ വിമര്‍ശിക്കുന്നവരോട് ഒരു വാക്കേ പറയാനുള്ളു. ലോകതൊഴിലാളികളോട് മാര്‍ക്‌സിന്റെ ഒരു ആഹ്വാനമുണ്ട്. അത് ആദ്യമൊന്ന് അവര് വായിക്കട്ടെ.

ലോക തൊഴിലാളികളെ ഒന്നിക്കുവിന്‍, നിങ്ങള്‍ക്ക് നഷ്ടപ്പെടാനുള്ളത് കൈച്ചങ്ങലമാത്രം. നിങ്ങള്‍ക്ക് കിട്ടാനുള്ളതോ, ലോകം മുഴുവന്‍..

കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ ആദ്യ രണ്ട് വരികളാണിത്. അതില്‍ മുസ്‌ലിം തൊഴിലാളികളെന്നോ, ഹന്ദു തൊഴിലാളികളെന്നോ, കോണ്‍ഗ്രസ് ഐ.എന്‍.ടി.യു.സി തൊഴിലാളികളെന്നോ, സി.ഐ.ടി.യു തൊഴിലാളികളെന്നോ പറയുന്നില്ല. അങ്ങനെ ഞാന്‍ അതിനെ കണക്കാക്കിയിട്ടില്ല.

നിങ്ങള്‍ക്ക് എന്റെ പ്രവര്‍ത്തനം മുഴുവന്‍ നോക്കാം. ബി.ജെ.പിക്കാര്‍, കമ്മ്യൂണിസ്റ്റുകാര്‍, കോണ്‍ഗ്രസുകാര്‍ ഇവരെല്ലാം സ്വന്തം നിലക്ക് ഗ്രോ യൂണിയന്‍ ഉണ്ടാക്കിയിട്ടാണ് എന്നെ അതിലേക്ക് വിളിച്ചത്. അവസാന നിമിഷം വരെ ബി.ജെ.പി ആദര്‍ശത്തില്‍ വിശ്വസിച്ച തൊഴിലാളികള്‍ എന്റെ കൂടെ അവസാനം വരെ നിന്നിരുന്നു എന്ന കാര്യം നിങ്ങള്‍ക്ക് മാവൂരില്‍ അന്വേഷിച്ചാല്‍ മനസിലാകും. ഈ കാര്യത്തില്‍ താത്വികമായി തന്നെ എനിക്ക് ഇനിയും പറയാനുണ്ട്.

റിവിഷനിസം എന്ന് പറഞ്ഞാല്‍ ഫാസിസമാണെന്ന് മഹാനായ ലെനിന്‍ പറഞ്ഞിട്ടുണ്ട്. ഈ റിവിഷനിസ്റ്റുകളുടെയും(സംസ്ഥാന സര്‍ക്കാര്‍) സംഘപരിവാര്‍ എന്ന ഫാസിസ്റ്റുകളുടെയും കൂട്ടായ പ്രവര്‍ത്തിയാണ് പശ്ചിമഘട്ടത്തിലെ കൊലപാതകങ്ങള്‍. ഒരുത്തര്‍ കാശ് കൊടുക്കുമ്പോള്‍, മറ്റുകൂട്ടര്‍ അത് വാങ്ങി നക്കുകയാണ്. അങ്ങനെ അവരുടെ കൂട്ടായ പ്രവര്‍ത്തനമാണ് ഈ എട്ട് കൊലപാതകങ്ങള്‍. അതുകൊണ്ടാണിത് തമസ്‌കരിക്കപ്പെട്ടത്. പക്ഷെ ഞാന്‍ ഒരു മെഴുകുതിരി കത്തിച്ചപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ പെട്രോള്‍മാക്‌സ് കത്തിച്ച് അത് ശക്തമായ പ്രകാശമാക്കി മാറ്റി.

ഇനിയെന്താണ് അങ്ങയുടെ ആവശ്യം?

ഈ കൊലപാതകത്തെ സംബന്ധിച്ച് ഒരു ജുഡീഷ്യന്‍ അന്വേഷണം വേണം. കൊലയാളികളെ ശിക്ഷിക്കണം, അവരാരായാലും. സഖാവ് വര്‍ഗീസിനെ സംബന്ധിച്ച് നിങ്ങള്‍ക്കറിയാം, വര്‍ഗീസിന്റെ കൊലയാളികളെ ശിക്ഷിക്കാന്‍ വേണ്ടി ഞങ്ങള്‍ അഹോരാത്രം പണിയെടുത്തു. അവരെ ജീവപര്യന്തം ശിക്ഷിച്ചു. എന്നിട്ട് രണ്ട് കൊല്ലം കഴിഞ്ഞ് വിട്ടു.
രണ്ട് ദിവസം കഴിഞ്ഞ് വിട്ടയച്ചാലും എനിക്ക് പ്രശ്‌നം ഇല്ല. അവര്‍ കൊലയാളികളാണെന്ന് സ്ഥാപിക്കലാണ് കാര്യം. ഈ ജനത അവരെ മനസിലാക്കലാണ് കാര്യം.

പ്രതിഷേധവുമായി മുന്നോട്ടുപോകുമോ?

തീര്‍ച്ചയായും, ഇപ്പോള്‍ 94 വയസായി. 100 വയസുവരെ ജീവിച്ചിരുന്നാലും രാജ്യത്തെ വിമോചനത്തെ സംബന്ധിച്ച മുദ്രാവാക്യം വിളിച്ചുകൊണ്ടേയിരിക്കും. നമ്മുടെ രാജ്യത്ത് 3000 കുഞ്ഞുങ്ങള്‍ പോഷകാഹാരക്കുറവ് കൊണ്ട് മരിച്ചുവീഴുന്നിടത്തോളം കാലം, ഈ രാജ്യത്തെ ജനതയിലെ 70 ശതമാനത്തോളം ദാരിദ്ര്യരേഖക്ക് താഴെ ആകുന്നിടത്തോളം കാലം ഞാന്‍ മുദ്രാവാക്യം വിളിക്കും.

സൂപ്പര്‍ പവറാണ്, മറിച്ചതാണെന്നൊക്കെയുള്ള മോദിയുടെ അവകാശവാദങ്ങള്‍ എല്ലാം നിങ്ങള്‍ക്ക് അറിയാമല്ലോ. യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയെക്കുറിച്ചും മറ്റ് രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയെക്കുറിച്ചും ജി.ഡി.പിയെ സംബന്ധിച്ചും നിങ്ങള്‍ പഠിക്കൂ. ഈ അവകാശവാദങ്ങള്‍ വൃത്തികേടാണെന്ന് മനസിലാകും.

ഒരു കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഇങ്ങനെയൊക്കെ ചെയ്യുമോ?

ലോകത്തിന്റെ പല ഭാഗങ്ങളില്‍ വിപ്ലവകാരികള്‍ വെടികൊണ്ട് മരിക്കുന്നുണ്ട്. ലാറ്റിനമേരിക്കയിലുടനീളം അത് കാണാം. യൂറോപ്പില്‍ റഷ്യന്‍ വിപ്ലവത്തിന്റെ മുന്നേതന്നെ ജര്‍മനിയിലും ഇറ്റലിയിലും ഫ്രാന്‍സിലുമൊക്കൊ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുണ്ട്, അധികാരത്തിലും അവരുടെ സന്നിധ്യമുണ്ട്. അവരൊക്കെ ഇപ്പോള്‍ എവിടെ, ഈ ഭൂര്‍ഷപാത പിന്‍തുടര്‍ന്നതിനാല്‍ പറ്റിയ അപചയമാണത്.

മാര്‍ക്‌സിസ്റ്റ് ആചാര്യന്മാര്‍ ഇതിനെക്കുറിച്ച് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കുന്നുണ്ട്, തെറ്റായപാത പന്തുടര്‍ന്നാല്‍ ഫാസിസ്റ്റാകുമെന്നത് ഇന്നോ ഇന്നലയോ പറഞ്ഞല്ല, സഖാവ് ലെനിന്‍ എത്രയോ കൊല്ലം മുമ്പ് ഇതിനെക്കുറിച്ച് പറഞ്ഞു.

റിവിഷനിസമെന്നാല്‍ ഫാസിസമാണെന്ന് ചുരുങ്ങിയ വാക്കുകളില്‍ പറഞ്ഞു. ഈ സമയത്താണ് നമ്മുടെ ജനത ഇത്തരം ഭരണകൂടങ്ങളെ വീണ്ടും വീണ്ടും അധികാരത്തിലെത്തിക്കുന്നത്.

എന്തുകൊണ്ടാണ് ജാമ്യം എടുക്കുന്നില്ലെന്ന നിലപാട് സ്വീകരിച്ചത്?

ഈ പ്രശ്‌നം രാജ്യത്തിന്റെ മുന്നിലേക്ക് കൊണ്ടുവരണം എന്നത് തന്നെയായിരുന്നു അതിനുള്ള കാരണം. ഈ എട്ടുപേരെ കൊന്നത് തമസ്‌കരിക്കാന്‍ ഇവിടുത്തെ റിവിഷനിസ്റ്റുകള്‍ക്ക് കഴിഞ്ഞില്ലേ. അജിത മരിച്ചുകിടക്കുന്നത് കണ്ടതാണ് ഞാന്‍. മോര്‍ച്ചറിയില്‍ ആ കുട്ടി മരിച്ചുകിടക്കുന്നത് ഞാന്‍ കണ്ടതാണ്. ഈ രാജ്യത്തെ ജനങ്ങളുടെ കൊടും ദുരിതങ്ങള്‍ക്കെതിരായി ഇറങ്ങിയതാണ് ആ കുട്ടി. അവര്‍ ഒന്നാംതരം വക്കീലാണ്. മദ്രാസ് ഹൈക്കോടതിയിലും കീഴ്‌ക്കോടതിയിലും പ്രാക്ടീസ് ചെയ്തിട്ടുണ്ട്.

കുപ്പു ദേവരാജിന്റെ ബോഡിയും ഞാന്‍ കണ്ടിട്ടുണ്ട്. തൃശൂരിലായാലും പാലക്കാട്ടായാലും എവിടെയൊക്കെ സഖാക്കള്‍ വെടിവെക്കപ്പെട്ടിട്ടുണ്ടോ അവിടെയൊക്കെ ഞാന്‍ പോയിട്ടുണ്ട്.

കേസിലുണ്ടായിരുന്നു ചിലര്‍ പിഴ അടച്ച് ഒഴിവായിരുന്നല്ലോ, താങ്കളുടെ അത്ര ആത്മാര്‍ത്ഥത അവര്‍ക്കില്ലാത്തത് എന്തുകൊണ്ട്?

ഇത് ആത്മാര്‍ത്ഥതയുടെ പ്രശ്‌നമല്ല. എന്റെ കൂടെ വരാവുന്നയത്ര അവര്‍ വന്നല്ലോ. തീരെ ഉറങ്ങിക്കിടക്കുന്നവരുടെ കാര്യം എന്തുകൊണ്ട് നിങ്ങള്‍ പറഞ്ഞില്ല. എന്റെ കൂടെ വന്നവര്‍ നൂറാണോ, 70 ആണോ എന്നത് ഞാന്‍ എന്തിന് പരിഗണിക്കണം. അവരുടെ കുഞ്ഞുങ്ങള്‍ക്ക് വേണ്ടി അധ്വാനിക്കുന്ന സമയത്താണവര്‍ എന്റെ കൂടെ വന്നത്, അവര് മുന്നോട്ട് വരും എന്ന കാര്യത്തില്‍ എനിക്കൊരു സംശയവുമില്ല.

മാവോയിസ്‌റ്റെന്ന് പറയാന്‍ മടിയുള്ള ഈ കാലത്ത് രക്തസാക്ഷികള്‍ക്ക് മുദ്രാവാക്യം വിളിച്ച് ജയില്‍ വരെ അവര്‍ എന്റെ കൂടെ വന്നല്ലോ. അതെന്താണ് നിങ്ങള്‍ കണക്കാക്കാത്തത്.

Content Highlight: Full transcript of Gro Vasu’s media talk after his release from Jail

സഫ്‌വാന്‍ കാളികാവ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദവും, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.