ഒമ്പതാം വയസ്സില്‍ അച്ഛന്റെ തോളില്‍ക്കയറിയിരുന്ന് 'സച്ചിന്‍, സച്ചിന്‍' എന്ന് ആര്‍പ്പുവിളിച്ചവള്‍; ക്രിക്കറ്റ് ഇതിഹാസത്തെ മറികടന്ന ആ പതിനഞ്ചുകാരി ഇവളാണ്
Cricket
ഒമ്പതാം വയസ്സില്‍ അച്ഛന്റെ തോളില്‍ക്കയറിയിരുന്ന് 'സച്ചിന്‍, സച്ചിന്‍' എന്ന് ആര്‍പ്പുവിളിച്ചവള്‍; ക്രിക്കറ്റ് ഇതിഹാസത്തെ മറികടന്ന ആ പതിനഞ്ചുകാരി ഇവളാണ്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 11th November 2019, 2:20 pm

ചണ്ഡീഗഢ്: ആറുവര്‍ഷം മുന്‍പ് സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്ന പ്രതിഭാസം തന്റെ അവസാന രഞ്ജി ട്രോഫി മത്സരത്തിനായി ഹരിയാനയിലെ ബന്‍സിലാല്‍ ലാല്‍ സ്റ്റേഡിയത്തില്‍ ഇറങ്ങുന്നു. ആര്‍ത്തിരമ്പിയ കാണികള്‍ക്കിടയില്‍ നിന്ന് അച്ഛന്റെ തോളില്‍ക്കയറിയിരുന്നു ‘സച്ചിന്‍, സച്ചിന്‍’ എന്ന് ആര്‍പ്പുവിളിച്ച ഒരു ഒമ്പതു വയസ്സുകാരിയെ അന്നാരും ശ്രദ്ധിച്ചിട്ടു പോലുമുണ്ടാകില്ല. എന്നാല്‍ ഇന്ന് ആ പെണ്‍കുട്ടിയിലേക്കാണ് ക്രിക്കറ്റ് ലോകം കണ്ണിമ ചിമ്മാതെ നോക്കിനില്‍ക്കുന്നത്.

താനെന്നും ആരാധനയോടെ മാത്രം നോക്കിക്കണ്ട ഇതിഹാസത്തിന്റെ റെക്കോഡ് വെറും 15 വര്‍ഷവും 285 ദിവസവും മാത്രം പ്രായമുള്ളപ്പോള്‍ തകര്‍ത്തതിന്റെ ആശ്ചര്യം ഷഫാലി ശര്‍മയെ വിട്ടുമാറിയിട്ടുണ്ടാവില്ല.

ശനിയാഴ്ച വെസ്റ്റ് ഇന്‍ഡീസിനെതിരെ സെന്റ് ലൂസിയയില്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ഒരു ട്വന്റി20 മത്സരം കളിക്കാനിറങ്ങിയപ്പോള്‍ ആരെങ്കിലും വിചാരിച്ചിട്ടുണ്ടാകുമോ അവിടെ തകരാന്‍ പോകുന്നത് സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്ന പ്രതിഭാസം പടുത്തുയര്‍ത്തിയ റെക്കോഡുകളില്‍ ഒന്നായിരിക്കുമെന്ന്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

16 വര്‍ഷവും 214 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു സച്ചിന്‍ തന്റെ ആദ്യ അര്‍ധസെഞ്ചുറി നേടിയത്, 1989-ല്‍ ഫൈസലാബാദില്‍ പാകിസ്താനിതിരെ 59. കൃത്യമായി പറഞ്ഞാല്‍ 30 വര്‍ഷം.

മൂന്നു ദശാബ്ദങ്ങള്‍ പഴക്കമുള്ള ഈ റെക്കോഡ് തകര്‍ത്താണ് ഒരു അന്താരാഷ്ട്ര അര്‍ധസെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ ക്രിക്കറ്റ് താരമായി ഷഫാലി മാറിയത്.

പെണ്ണായതിന്റെ പേരില്‍ മാത്രം ചണ്ഡീഗഢിലെ പല ക്രിക്കറ്റ് അക്കാദമികളിലും പ്രവേശനം നിഷേധിക്കപ്പെട്ടിടത്തു നിന്നാണ് ഷഫാലി കരിയര്‍ പടുത്തുയര്‍ത്താന്‍ തുടങ്ങിയത്.

എന്നാല്‍ കഴിഞ്ഞ മാസം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 33 പന്തുകളില്‍ നിന്ന് 46 റണ്‍സ് അടിച്ചെടുത്തതോടെ ഈ കൗമാരക്കാരി അത്ര നിസ്സാരക്കാരിയല്ലെന്നു ലോകം തിരിച്ചറിഞ്ഞു. അന്ന് ഷഫാലിയുടെ രണ്ടാമത്തെ മാത്രം മത്സരമായിരുന്നു.

സ്മൃതി മന്ദാനയ്‌ക്കൊപ്പം 143 റണ്‍സാണ് ഓപ്പണിങ്ങില്‍ ഷഫാലി അടിച്ചത്. ഇന്ത്യയെ 84 റണ്‍സിന്റെ വിജയത്തിലേക്കു നയിച്ചതും മറ്റൊന്നുമല്ല. 49 പന്തില്‍ 73 റണ്‍സാണ് ഷഫാലിയെടുത്തത്. വലംകൈയില്‍ ബാറ്റേന്തിയ ഷഫാലി, ഇതുവരെ ആറ് ട്വന്റി20 മത്സരങ്ങളില്‍ നിന്നായി 206 റണ്‍സ് നേടിയിട്ടുണ്ട്.

ഷഫാലിയുടെ കരിയര്‍ ആരംഭിച്ചതിനെക്കുറിച്ച് കഴിഞ്ഞ നാലുവര്‍ഷമായി അവരുടെ പരിശീലകനായ അശ്വനി കുമാര്‍ പറയുന്നതിങ്ങനെ- ‘ഞങ്ങളുടെ രാം നരെയ്ന്‍ അക്കാദമിയിലേക്കു വരുമ്പോള്‍ അവള്‍ക്കു പ്രായം ഒമ്പതായിരുന്നു. ആ സമയത്ത് കളിക്കാന്‍ പെണ്‍കുട്ടികളുടെ ടീമില്ലായിരുന്നു.

അതുകൊണ്ട് അവളെ അണ്ടര്‍-19-ലെ ആണ്‍കുട്ടികളുടെ ടീമിനൊപ്പമാണു കളിപ്പിച്ചത്. അവളുടെ പേടിയില്ലാത്ത സമീപനത്തില്‍ എല്ലാവരും ഞെട്ടിയിട്ടുണ്ടാവും. നാലുവര്‍ഷങ്ങള്‍ക്കു മുന്‍പ് അവള്‍ ബാറ്റ് ചെയ്യുന്നതു കണ്ടപ്പോള്‍ ഞാന്‍ ഞെട്ടിത്തരിച്ചുനിന്നു. നിങ്ങള്‍ മത്സരം കണ്ടിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും അവള്‍ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യുന്നതു ശ്രദ്ധിച്ചിട്ടുണ്ടാവും.

ഈ പ്രായത്തില്‍ അവള്‍ക്ക് ആശങ്കകളില്ല. അവള്‍ ശാന്തയാണ്. അതേസമയം കണക്കുകൂട്ടിയാണ് അവള്‍ കളിക്കുന്നത്. സച്ചിന്‍ എങ്ങനെയായിരുന്നോ അതുപോലെ തന്നെയാണ് അവളും.’