പാരീസ്: ഈജിപ്ഷ്യന്‍-ഫലസ്തീനിയന്‍ മനുഷ്യാവകാശ പ്രവര്‍ത്തകനും അക്കാദമിഷ്യനുമായ റാമി ഷാത്തിനെ ഫ്രാന്‍സില്‍ നിന്ന് നാടുകടത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ഫ്രഞ്ച് കമ്മീഷന്‍.
ഹൗട്ട്‌സ്-ഡി-സീന്‍ (Hauts-de-Seine) ഡിപ്പാര്‍ട്ട്മെന്റല്‍ ഡിപ്പോര്‍ട്ടേഷന്‍ കമ്മീഷനാണ് വ്യാഴാഴ്ച ഈ നിര്‍ണായക വിധി പുറപ്പെടുവിച്ചത്. ഷാത്തിനെ നാടുകടത്തുന്നത് അദ്ദേഹത്തിന്റെ സ്വകാര്യതയ്ക്കും അഭിപ്രായസ്വാതന്ത്ര്യത്തിനുമുള്ള അവകാശങ്ങളുടെ ലംഘനമാകുമെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു.
അദ്ദേഹത്തിന് ഫ്രഞ്ച് പൗരയായ ഭാര്യയും കുട്ടിയുമുണ്ട്. ഈ സാഹചര്യത്തില്‍ മറ്റൊരു രാജ്യത്തേക്ക് അദ്ദേഹത്തെ നാടുകടത്തുന്നത് വ്യക്തിജീവിതത്തിനും കുടുംബജീവിതത്തിനുമുള്ള അവകാശത്തിന്മേലുള്ള ആനുപാതികമല്ലാത്ത കടന്നുകയറ്റമാകുമെന്ന് കമ്മീഷന്‍ വ്യക്തമാക്കി.
റാമി ഷാത്ത്
ഈ വിധി ഫ്രഞ്ച് സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണെന്നും ഫ്രാന്‍സിലെ ഫലസ്തീന്‍ അനുകൂല പ്രസ്ഥാനങ്ങളുടെയും അഭിപ്രായസ്വാതന്ത്ര്യത്തിന്റെയും വിജയമാണെന്നും റാമി ഷാത്ത് മിഡില്‍ ഈസ്റ്റ് ഐയോട് പ്രതികരിച്ചു.
ഫലസ്തീന്‍ അനുകൂല പ്രകടനങ്ങളിലെ പ്രസംഗങ്ങളും സന്നദ്ധ സംഘടനകളിലെ പ്രവര്‍ത്തനങ്ങളും ചൂണ്ടിക്കാട്ടി ഷാത്ത് ‘പൊതു ക്രമത്തിന് ഗുരുതരമായ ഭീഷണി’ ആണെന്ന് ആരോപിച്ചാണ് ഫ്രഞ്ച് അധികൃതര്‍ നേരത്തെ അദ്ദേഹത്തെ നാടുകടത്താന്‍ തീരുമാനിച്ചത്.
അതേസമയം, കമ്മീഷന്റെ ഈ വിധി ഷാത്തിന് വലിയ ആശ്വാസം നല്‍കുന്നതാണെങ്കിലും, ഇത് ഒരു ഉപദേശക സ്വഭാവമുള്ള (advisory) വിധി മാത്രമാണ്. അതായത്, ഫ്രഞ്ച് സര്‍ക്കാരിന് വേണമെങ്കില്‍ ഈ വിധി അവഗണിക്കാനും ഷാത്തിനെതിരെ നാടുകടത്താനുള്ള അന്തിമ ഉത്തരവ് പുറപ്പെടുവിക്കാനും നിയമപരമായി സാധിക്കും.
വിസ പുതുക്കി നല്‍കണമെന്നാവശ്യപ്പെട്ട് ഷാത്ത് പത്ത് തവണ അപേക്ഷകള്‍ നല്‍കിയെങ്കിലും അധികൃതര്‍ ഇതുവരെ അതിന് തയ്യാറായിട്ടില്ല. ഏപ്രില്‍ 30നാണ് നാടുകടത്തല്‍ നടപടികള്‍ ആരംഭിച്ചുകൊണ്ടുള്ള നോട്ടീസ് അദ്ദേഹത്തിന് ലഭിച്ചത്.
2011ലെ ഈജിപ്ഷ്യന്‍ വിപ്ലവത്തിലെ പ്രമുഖ വ്യക്തിത്വമായ അദ്ദേഹം 2019 മുതല്‍ 2022 വരെ 900 ദിവസം ഈജിപ്ഷ്യന്‍ തടവറയിലായിരുന്നു. തടവില്‍ നിന്ന് മോചിതനായതിന് പിന്നാലെ അദ്ദേഹത്തിന്റെ ഈജിപ്ഷ്യന്‍ പൗരത്വം റദ്ദാക്കിയിരുന്നു. നിലവില്‍ ഗസയില്‍ യുദ്ധം തുടരുന്നതിനാല്‍ അദ്ദേഹത്തെ അവിടേക്കും നാടുകടത്താന്‍ സാധിക്കില്ല.
ഫലസ്തീന്‍ അതോറിറ്റിയുടെ മുന്‍ പ്രധാനമന്ത്രി നബീല്‍ ഷാത്തിന്റെ മകനാണ് റാമി ഷാത്ത്. യാസര്‍ അറഫാത്തിന്റെ ഉപദേശകനായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഫ്രാന്‍സിലെത്തിയ ശേഷം ‘അര്‍ജന്‍സ് ഫലസ്തീന്‍’ (Urgence Palestine) എന്ന കൂട്ടായ്മയ്ക്ക് അദ്ദേഹം രൂപം നല്‍കിയിരുന്നു. ഹമാസിനെ മഹത്വവത്കരിക്കുന്നു എന്ന് ആരോപിച്ച് ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയം ഈ സംഘടന നിരോധിക്കാന്‍ ശ്രമിച്ചിരുന്നു.
എന്നാല്‍ ഫലസ്തീന്‍ അനുകൂല നിലപാടുകള്‍ പറയുന്നത് അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുന്നതാണെന്നും അതിനെ ക്രിമിനല്‍ കുറ്റമായി കാണാന്‍ കഴിയില്ലെന്നുമാണ് ഷാത്ത് പ്രതികരിച്ചത്.
Content Highlight: French commission opposes government move to deport Rami Shaath from France.