തിരുവനന്തപുരം: കേരളത്തെ വര്‍ഗീയമായി ചിത്രീകരിച്ച ‘ദി കേരള സ്റ്റോറി’ എന്ന സിനിമയുടെ രണ്ടാം ഭാഗത്തിനെതിരെ സംസ്ഥാന സാംസ്‌കാരിക വകുപ്പുമന്ത്രി സജി ചെറിയാന്‍. വസ്തുതകളുമായി യാതൊരു ബന്ധവുമില്ലാത്ത, നുണകള്‍ മാത്രം ഉത്പാദിപ്പിക്കുന്ന സംഘപരിവാര്‍ ഫാക്ടറിയുടെ മറ്റൊരു ഉത്പന്നമാണ് കേരള സ്റ്റോറിയെന്ന് മന്ത്രി പറഞ്ഞു.
ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് മന്ത്രിയുടെ പ്രതികരണം. കഴിഞ്ഞ ദിവസം സിനിമയുടെ ടീസര്‍ പുറത്തുവന്നിരുന്നു. ഇന്ത്യയിലെ 80 ശതമാനം വരുന്ന ഹിന്ദു സ്ത്രീകള്‍ മതപരിവര്‍ത്തനം നടത്താന്‍ നിര്‍ബന്ധിക്കപ്പെടുന്നുവെന്നാണ് ദി കേരള സ്റ്റോറിയുടെ ടീസര്‍ അവകാശപ്പെടുന്നത്.
ഇതിനുപിന്നാലെയാണ് സംസ്ഥാനത്തെ മന്ത്രി തന്നെ സിനിമക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഈ സിനിമ വര്‍ഗീയ ധ്രുവീകരണത്തിലൂടെ കേരളത്തിന്റെ മതനിരപേക്ഷ മനസിനെ മുറിവേല്‍പ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നും മന്ത്രി പറഞ്ഞു.
മതേതരത്വത്തിന്റെ മാതൃകയായ കേരളത്തെ മതതീവ്രവാദത്തിന്റെ പ്രഭവകേന്ദ്രമായി ചിത്രീകരിച്ച് ലോകത്തിന് മുന്നില്‍ അപമാനിക്കാനാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ വീണ്ടും ശ്രമിക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ലവ് ജിഹാദ് പോലുള്ള വ്യാജ ആരോപണങ്ങള്‍ ആവര്‍ത്തിച്ചും വിദ്വേഷം പടര്‍ത്തുന്ന സംഭാഷണങ്ങളിലൂടെയും കേരളത്തിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ഈ നീക്കം ആസൂത്രിതമാണ്. ആവിഷ്‌കാര സ്വാതന്ത്ര്യം എന്നത് നാടിനെ ധ്രുവീകരിക്കാനോ ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാനോ ഉള്ള ലൈസന്‍സല്ലെന്നും മന്ത്രി പറഞ്ഞു.
അന്വേഷണ ഏജന്‍സികളും കോടതികളും തള്ളിക്കളഞ്ഞ വാദങ്ങളെ സത്യമെന്നോണം എഴുന്നള്ളിക്കുന്നത് രാഷ്ട്രീയ ലാഭം മാത്രം ലക്ഷ്യമിട്ടാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വര്‍ഗീയ വിഷവിത്തുകള്‍ വിതച്ച് നേട്ടം കൊയ്യാനുള്ള ഇത്തരം ശ്രമങ്ങളെ കേരളം ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സിനിമയുടെ ടീസര്‍ റിലീസായതിന് പിന്നാലെ യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലുമായി ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. ബിയോണ്ട് ദികേരള സ്റ്റോറി എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്.
കാമാഖ്യ നാരായണ്‍ സിങ്ങാണ് ചിത്രത്തിന്റെ സംവിധായകന്‍. സിനിമയുടെ ആദ്യഭാഗവും ഇപ്പോഴത്തേതിന് സമാനമായ വിമര്‍ശനം നേരിട്ടിരുന്നു.
Content Highlight: Freedom of expression is not a license to polarize the country; Saji Cherian against ‘The Kerala Story’ 2 part