കെ.എസ്.ആര്‍.ടിസി സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്ര; ആദ്യ നൂറ് ദിനം ഓര്‍ഡിനറിയില്‍ മാത്രം
Kerala
കെ.എസ്.ആര്‍.ടിസി സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്ര; ആദ്യ നൂറ് ദിനം ഓര്‍ഡിനറിയില്‍ മാത്രം
നിഷാന. വി.വി
Monday, 8th June 2026, 11:23 am

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്ര പദ്ധതി ആദ്യ ഘട്ടത്തില്‍ ഓര്‍ഡിനറി ബസുകളില്‍ മാത്രം. ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍ വരുത്താനാണ് തീരുമാനം.

പരീക്ഷണാടിസ്ഥാനത്തില്‍ 100 ദിവസം ഓര്‍ഡിനറി ബസുകളില്‍ നടപ്പാക്കാനും പിന്നീട് മറ്റ് ബസുകളിലേക്കും വ്യാപിപ്പിക്കാനുമാണ് നിലവിലെ തീരുമാനം.

മുഖ്യമന്ത്രി വി.ഡി സതീശനും ഗതാഗത മന്ത്രി സി.പി ജോണും അടക്കം നടത്തിയ ഉന്നതതല യോഗത്തിലാണ് തീരുമാനമെടുത്തിരിക്കുന്നത്. ഫാസ്റ്റ് പാസഞ്ചര്‍ ഉള്‍പ്പെടെയുള്ള ഉയര്‍ന്ന ശ്രേണിയിലുള്ള ബസുകളിലും ദീര്‍ഘദൂര സര്‍വീസുകളിലും തുടക്കത്തിലേ സൗജന്യ യാത്ര അനുവദിക്കുന്നത് വലിയ പ്രായോഗിക ബുദ്ധിമുട്ടുകള്‍ക്കും വരുമാന നഷ്ടത്തിനും കാരണമാകുമെന്ന് കെ.എസ്.ആര്‍.ടി.സി വിദഗ്ധ സമിതി വിലയിരുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതിയുടെ ആദ്യ 100 ദിവസങ്ങളില്‍ ഓര്‍ഡിനറി ബസുകളില്‍ മാത്രം സൗജന്യ യാത്ര പരിമിതപ്പെടുത്താന്‍ തീരുമാനിച്ചത്.

ഓര്‍ഡിനറി ബസുകളില്‍ മാത്രം സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിച്ചാല്‍ കെ.എസ്.ആര്‍.ടി.സിക്ക് പ്രതിമാസം 57 കോടി രൂപ ചെലവ് വരുമെന്നാണ് കണക്കുകൂട്ടല്‍. സിറ്റി ഫാസ്റ്റിന് കൂടി അനുവദിച്ചാല്‍ ഇത് 65 കോടിയായി ഉയരും.

ഓര്‍ഡിനറി, ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ ഫാസ്റ്റ് ബസുകളില്‍ സൗജന്യം അനുവദിച്ചാല്‍ ചെലവ് വീണ്ടും കൂടി പ്രതിമാസം 90 കോടി രൂപ അധികം കണ്ടെത്തേണ്ടി വരുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എല്ലാ ക്ലാസിലും സൗജന്യം അനുവദിച്ചാല്‍ 112 കോടി രൂപയാണ് വേണ്ടി വരിക.

അങ്ങനെ വരുമ്പോള്‍ നിലവിലെ സാമ്പത്തിക സ്ഥിതി അനുസരിച്ച് കെ.എസ്.ആര്‍.ടി.സിക്ക് ഇത് താങ്ങാന്‍ സാധിക്കില്ല. ചെലവ് മുഴുവന്‍ സര്‍ക്കാര്‍ വഹിക്കേണ്ടി വരും. നിലവില്‍ കെ.എസ്. ആര്‍.ടി.സി.യിലെ പെന്‍ഷന്‍ തുക സഹകരണ ബാങ്കുകള്‍ വഴിയാണ് നല്‍കുന്നത്.

സര്‍ക്കാര്‍ പിന്നീട് പലിശസഹിതം നല്‍കുന്ന തരത്തിലാണ് ഇതിന് ക്രമീകരണം ഒരുക്കിയിരിക്കുന്നത്. സമാനമായ നിലയില്‍ സര്‍ക്കാര്‍ ഏജന്‍സി സൗജന്യയാത്രയുടെ ചെലവ് ഏറ്റെടുത്ത ശേഷം സര്‍ക്കാര്‍ പിന്നീട് പലിശ സഹിതം നല്‍കുന്ന രീതിയാണ് ആലോചിക്കുന്നത്. ഇതിനായി കെ.എഫ്.സിയെയാണ് സമീപിച്ചിരിക്കുന്നത്. ഇതിന് വ്യക്തമായ ക്രമീകരണം ഒരുക്കുന്നതിന് ധനകാര്യസെക്രട്ടറിയെ ചുമതലപ്പെടുത്താനും ഇന്ന് ചേര്‍ന്ന യോഗം തീരുമാനിച്ചു.

Content Highlight: Free travel for KSRTC women; First 100 days only in ordinary mode

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.