ഫ്രീ ഫ്രീ ഫലസ്തീന്‍; സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ സുന്ദര്‍ പിചൈക്ക് നേരെ പ്രതിഷേധം; ചടങ്ങ് ബഹിഷ്‌ക്കരിച്ച് വിദ്യാര്‍ത്ഥികള്‍
World
ഫ്രീ ഫ്രീ ഫലസ്തീന്‍; സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ സുന്ദര്‍ പിചൈക്ക് നേരെ പ്രതിഷേധം; ചടങ്ങ് ബഹിഷ്‌ക്കരിച്ച് വിദ്യാര്‍ത്ഥികള്‍
നിഷാന. വി.വി
Tuesday, 16th June 2026, 9:08 am

കാലിഫോര്‍ണിയ: സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ ബിരുദദാന ചടങ്ങില്‍ മുഖ്യപ്രഭാഷകനായി എത്തിയ ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചൈക്കെതിരെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. പിച്ചൈ സ്‌റ്റേജിലേക്ക് എത്തിയ ഉടന്‍ നൂിലധികം വിദ്യാര്‍ത്ഥികള്‍ പരിപാടി ബഹിഷ്‌ക്കരിച്ച് പുറത്തേക്കിറങ്ങി പോവുകയായിരുന്നു.

ഫലസ്തീന്‍ അനുകൂല വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സ്റ്റാന്‍ഫോര്‍ഡ് സ്റ്റേഡിയത്തില്‍ സുന്ദര്‍ പിച്ചൈ സംസാരിക്കാന്‍ എഴുന്നേറ്റയുടന്‍ വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ ഇരിപ്പിടങ്ങളില്‍ നിന്ന് എഴുന്നേറ്റ് ഫലസ്തീന്‍ പതാകകള്‍ വീശുകയും ‘ഫ്രീ ഫ്രീ ഫലസ്തീന്‍’ എന്ന മുദ്രാവാക്യങ്ങള്‍ ഉച്ചത്തില്‍ വിളിക്കുകയും ചെയ്തു.

ആഴ്ചകള്‍ക്ക് മുന്‍പ് തന്നെ വിദ്യാര്‍ത്ഥി കൂട്ടായ്മകള്‍ ഈ പ്രതിഷേധം ആസൂത്രണം ചെയ്തിരുന്നു. ഈ നീക്കം വ്യക്തിപരമായി സുന്ദര്‍ പിച്ചൈയെ ലക്ഷ്യം വെച്ചുള്ളതല്ലെന്നും, മറിച്ച് ഗൂഗിളിന്റെ ജനവിരുദ്ധ നയങ്ങളിലേക്ക് ലോകശ്രദ്ധ തിരിക്കാനാണെന്നും വിദ്യാര്‍ത്ഥി പ്രതിനിധികള്‍ വ്യക്തമാക്കി.

ഇസ്രഈല്‍ സര്‍ക്കാരുമായി ചേര്‍ന്ന് ഗൂഗിളും ആമസോണും സംയുക്തമായി ഒപ്പുവെച്ച കരാറിനെതിരെയായിരുന്നു വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. 1.2 ബില്യണ്‍ ഡോളറിന്റെ ‘പ്രൊജക്ട് നിംബസ്’ എന്ന ക്ലൗഡ് കമ്പ്യൂട്ടിങ്, കൃത്രിമബുദ്ധി സാങ്കേതികവിദ്യാ കരാറാണിത്.

ഗസയില്‍ തുടരുന്ന കനത്ത സംഘര്‍ഷങ്ങള്‍ക്കിടയില്‍, ഇസ്രായേല്‍ സൈന്യത്തിന് ഫലസ്തീനികളെ നിരീക്ഷിക്കാനും പീഡിപ്പിക്കാനും ഗൂഗിളിന്റെ സാങ്കേതികവിദ്യ ഉപയോഗിക്കപ്പെടുന്നുണ്ടെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആരോപണം..

എന്നാല്‍ പ്രതിഷേധത്തിനിടയിലും പിച്ചൈ തന്റെ പ്രസംഗം തുടരുകയായിരുന്നു. സദസില്‍ ബാക്കിയുണ്ടായിരുന്ന വിദ്യാര്‍ത്ഥികളോടായി അദ്ദേഹം സംസാരിക്കുകയും ബിരുദാദാന ചടങ്ങ് തുടരുകയും ചെയ്തു.

കഠിനാധ്വാനം, പ്രതിസന്ധികളെ അതിജീവിക്കല്‍, വ്യക്തിപരമായ ശരിയായ തീരുമാനങ്ങള്‍ എന്നിവയെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. എന്നാല്‍’കൃത്രിമബുദ്ധി’ എന്ന വിഷയം തന്റെ പ്രസംഗത്തില്‍ അദ്ദേഹം പൂര്‍ണമായി ഒഴിവാക്കി.

ഇന്ത്യയില്‍ നിന്നും ഒരു സാധാരണ വിദ്യാര്‍ത്ഥിയായി സ്റ്റാന്‍ഫോര്‍ഡില്‍ എത്തിയ തന്റെ പഴയകാല ഓര്‍മകളും അദ്ദേഹം പങ്കുവെച്ചു. എന്നാല്‍ ഈ പ്രതിഷേധങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ വേദിക്ക് പുറത്ത് മാധ്യമ പ്രവര്‍ത്തകര്‍ സമീപിപ്പിച്ചപ്പോള്‍ അദ്ദേഹം മുഖം തിരിച്ച് പോവുകയായിരുന്നു.

എന്നാല്‍ ബി.ജെ.പി നേതാവ് രാജീവ് ചന്ദ്രശേഖര്‍ വിദ്യാര്‍ത്ഥി പ്രതിഷേധത്തിനെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തി. നമ്മുടെ ഇന്നത്തെ യുവാക്കളില്‍ ചിലരെ പിടികൂടിയിരിക്കുന്ന അങ്ങേയറ്റത്തെ വിവരക്കേടിന്റെ ഏറ്റവും പുതിയ ഉദാഹരണമാണിതെന്നായിരുന്നു വീഡിയോ പങ്കുവെച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ പ്രതികരണം.

‘ഒരു ലോകോത്തര സര്‍വ്വകലാശാലയില്‍ പഠിക്കാനും അറിവ് നേടാനും കിട്ടിയ അവസരത്തെയും സുന്ദര്‍ പിച്ചൈയെപ്പോലെ ജീവിതത്തില്‍ വലിയ നേട്ടങ്ങള്‍ സ്വന്തമാക്കുകയും സംരംഭങ്ങള്‍ കെട്ടിപ്പടുക്കുകയും ചെയ്ത ഒരാളുടെ കാഴ്ചപ്പാടുകള്‍ നേരിട്ട് കേള്‍ക്കാനുമുള്ള ഭാഗ്യമാണ് അവര്‍ കളഞ്ഞുകുളിച്ചത്.

യുവത്വത്തിന്റെ ചോരത്തിളപ്പില്‍ വ്യവസ്ഥിതികളെ എതിര്‍ക്കാനും, ചോദ്യം ചെയ്യാനും, വെല്ലുവിളിക്കാനും, ഒരു ലക്ഷ്യത്തിനുവേണ്ടി പോരാടാനുമൊക്കെയുള്ള സ്വതസിദ്ധമായൊരു ആവേശം ഉള്ളിലുണ്ടാകും, എനിക്ക് മനസ്സിലാകും. വിദ്യാര്‍ത്ഥിക്കാലത്ത് നമ്മളും ഇതൊക്കെ ചെയ്തിട്ടുള്ളതാണ്.

ഇതിലും ഭ്രാന്തമായ പലതും കാട്ടിക്കൂട്ടിയിട്ടുമുണ്ട്. ആ പ്രായത്തില്‍ അതൊക്കെ ചെയ്യേണ്ടതുമാണ്. പക്ഷേ, ഒരു സത്യം നമ്മള്‍ തിരിച്ചറിയണം, ഒരു ലക്ഷ്യത്തിനുവേണ്ടി നിലകൊള്ളുക എന്നതിനര്‍ത്ഥം വിവരക്കേടും കോമാളിത്തരവും കാണിക്കുക എന്നല്ല! നിങ്ങള്‍ ജീവിക്കുന്നത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കാലത്താണ്, അല്ലാതെ വിവരക്കേടിന്റെ കാലത്തല്ല,’ അദ്ദേഹം പറഞ്ഞു.

Content Highlight: Free Free Palestine; Protest against Sundar Pichai at Stanford University; Students boycott the event

 

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.