| Wednesday, 23rd July 2025, 2:46 pm

ബെര്‍ലിനും സോവിയറ്റ് യൂണിയനും പുന്നപ്രയിലെ വി.എസും

ഫ്രെഡി കെ. താഴത്ത്‌

വെയിലും മഴയും രാവും പകലും മറന്ന് സഖാവ് വി.എസിനെ ഒരു നോക്കു കാണാന്‍ ജനലക്ഷങ്ങള്‍ വലിയ ചുടുകാട്ടിലേക്കുള്ള പ്രയാണ പാതയില്‍ കാത്തു നില്‍ക്കുകയാണ്. ”കണ്ണേ കരളേ വി എസേ, പൊന്നേ പൊരുളേ വി എസേ, പോരാട്ടത്തിന്‍ തെരുവീഥികളില്‍ ഞങ്ങളെയാകെ നയിച്ച സഖാവേ, ആരു പറഞ്ഞു മരിച്ചെന്ന് ? ഇല്ല ഇല്ല മരിച്ചിട്ടില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ” എന്ന് അവരുടെ കണ്ഠങ്ങളില്‍ നിന്ന് മുദ്രാവാക്യങ്ങള്‍ ഇരമ്പുകയാണ്.

വി.എസ്. അച്യുതാനന്ദന്‍

അവിടെ നിന്ന് അകലെയായിപ്പോയതിലെ ദുഃഖഭാരത്തോടെയും ചിന്താഭാരത്തോടെയും കൂടിയാണ് ഞാന്‍ ഇത് കുറിക്കുന്നത്.

കേരളത്തിലേതു പോലൊരു സംഘടിത ബോധവല്‍കൃത കര്‍ഷകത്തൊഴിലാളി വര്‍ഗ്ഗം വിപ്ലവ പൂര്‍വ്വ സാമൂഹ്യാവസ്ഥയില്‍ ലോകത്തെവിടെയെങ്കിലും ഉണ്ടായിട്ടുണ്ടെന്നു തോന്നുന്നില്ല. കര്‍ഷകരുടെ സ്വകാര്യഭൂസ്വത്ത് ഇച്ഛയേക്കാള്‍ കേരളത്തിലെ ഭൂപരിഷ്‌ക്കരണത്തിന്റെ കുന്തമുനയും ആ പ്രക്രിയയില്‍ വിളഞ്ഞ വിപ്ലവവര്‍ഗ്ഗവും സംഘടിത ബോധവല്‍കൃത കര്‍ഷകത്തൊഴിലാളി വര്‍ഗ്ഗമായിരുന്നു.

സോവിയറ്റ് യൂണിയനില്‍ പോലും 1929 ല്‍ കോള്‍ഖോസുകള്‍ അഥവാ, സഹകരണ കൂട്ടുകൃഷിക്കളങ്ങള്‍ സംഘടിപ്പിക്കപ്പെട്ടതിനു ശേഷമാണ് സംഘടിതവും ബോധവല്‍കൃതരുമായ കര്‍ഷകത്തൊഴിലാളിവര്‍ഗ്ഗം ഉദയം ചെയ്തത്.

അതിന്റെ കലാ പ്രകാശിത രൂപമായിരുന്നു ‘‘ആധുനിക സോവിയറ്റ് വ്യവസായ തൊഴിലാളിയും കോള്‍ഖോസിലെ വനിതാ കര്‍ഷകത്തൊഴിലാളിയും” എന്ന ബോറിസ് മിഖായിലോവിച്ച് ഇയോഫാന്‍ സൃഷ്ടിച്ച 78 അടി ഉയരമുള്ള സ്റ്റെയ്ന്‍ലെസ്സ് സ്റ്റീല്‍ ശില്‍പ്പം.

‘ആധുനിക പ്രോലിറ്റേറിയറ്റിനെ വിപ്ലവകരമായി ബോധവത്ക്കരിക്കുക, കര്‍ഷകരെ പ്രോലിറ്റേറിയന്‍വല്‍ക്കരിക്കുക’ എന്ന പഞ്ചവത്സര പദ്ധതിയുടെ (പിയാറ്റിലെറ്റ്ക ) ലക്ഷ്യം വിളിച്ചോതുന്നതായിരുന്നു ആ ശില്‍പ്പം.

“Worker and Collective Farm Girl” in Moscow.

1937 ല്‍ ‘പാരിസ് എക്‌സ്‌പൊ’ യില്‍ നാസികളുടെ പവലിയനു നേരെതിരെ സോവിയറ്റ് യൂണിയന്റെ പവലിയനു മുന്നില്‍ സ്ഥാപിക്കാനാണ് സഖാവ് സ്റ്റാലിന്റെ കാലത്ത് ആ ശില്പം സൃഷ്ടിച്ചത്. സോവിയറ്റ് സോഷ്യലിസ്റ്റ് പൗരസമൂഹ സൃഷ്ടിയുടെ മുദ്രയും പ്രഖ്യാപനവുമായിരുന്നു അത്.

ആ വെട്ടിത്തിളങ്ങുന്ന സ്റ്റെയ്ന്‍ലെസ് സ്റ്റീല്‍ ഉരുക്കു ശില്പത്തെപ്പോലെ തന്നെയാണ് 1941 മുതല്‍ സോവിയറ്റ് യൂണിയനെ ആക്രമിച്ച നാസികള്‍ക്കെതിരായ ഫാഷിസ്റ്റ് വിരുദ്ധ യുദ്ധത്തില്‍ നിരവധി കോള്‍ഖോസുകളിലെ ആധുനിക കര്‍ഷകത്തൊഴിലാളികള്‍ റെഡ് ആര്‍മിയില്‍ ചേര്‍ന്ന് പൊരുതിയത്.

കൂട്ടുകൃഷിക്കളങ്ങളില്‍ കാറ്റര്‍പില്ലര്‍ ട്രാക്ഷന്‍ ട്രാക്റ്ററുകള്‍ ഓടിച്ചു ശീലിച്ചിരുന്ന കോള്‍ഖോസുകളിലെ കര്‍ഷകത്തൊഴിലാളികള്‍ വളരെയെളുപ്പത്തില്‍ T34 ടാങ്കുകള്‍ യുദ്ധഭൂമിയില്‍ ഓടിക്കാന്‍ പഠിച്ചു. അവരാണ് നാസിപ്പടയുമായി വീറോടെ പൊരുതി ജീവന്‍ ത്യജിച്ചും മുന്നേറിയത്.

ആ ചോരച്ചാലുകള്‍ നീന്തിക്കയറിയാണ് റെഡ് ആര്‍മി നാസിപ്പടയെയാകെ നിഗ്രഹിച്ച് ബെര്‍ലിനില്‍ റെയ്ച്ച് സ്റ്റാഗിന് മുകളില്‍ വിജയപതാകയായി ചെങ്കൊടി നാട്ടിയത്.

ഇതേ കാലത്ത്, 1939 ല്‍, പാറപ്രം സമ്മേളനത്തില്‍ സ്ഥാപിതമായ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഘടകത്തില്‍ തൊട്ടടുത്ത വര്‍ഷം 1940 ല്‍ സഖാവ് വി.എസ് അംഗമായി. ഒരൊറ്റ വയസ്സുമാത്രം ഇളപ്പമുള്ള പാര്‍ട്ടി മെമ്പര്‍ഷിപ്പ്.

ജന്മി ഭൂപ്രഭുക്കളുടെ കീഴില്‍ പാട്ടക്കുടിയായ്മാ വ്യവസ്ഥയില്‍ നിന്ന് വ്യത്യസ്ഥമായി കായലില്‍ നിന്ന് കുത്തിപ്പൊക്കിയെടുത്ത നിലങ്ങളാണ് കുട്ടനാടന്‍ കായല്‍ നിലങ്ങള്‍. ജന്മി > കുടിയാന്‍ >അടിയാന്‍ വ്യവസ്ഥയില്‍ നിന്ന് വ്യത്യസ്ഥമായി കങ്കാണിമാര്‍ വഴി കായല്‍ രാജാക്കന്‍മാര്‍ എന്നറിയപ്പെട്ടിരുന്ന പ്രാങ് മുതലാളിമാരായിരുന്നു / ഭൂസ്വാമിമാരായിരുന്നു ഇതിന്റെ ഉടമകള്‍.

ജന്മിത്ത ഭൂമിയില്‍ നിന്ന് വ്യത്യസ്ഥമായി മൂലധനം x കൂലിയടിമത്തം എന്ന നിലയിലേക്ക് ചൂഷണ വ്യവസ്ഥ നിര്‍ദ്ധാരണം ചെയ്യപ്പെടുകയായിരുന്നു. അങ്ങനെ, പ്രാകൃതമായ രീതിയില്‍ അടിച്ചമര്‍ത്തപ്പെട്ടവരെങ്കിലും തൊഴിലാളികള്‍ എന്ന നിലയിലേക്ക് അദ്ധ്വാനിക്കുന്ന വര്‍ഗ്ഗവിഭാഗം എത്തിയിരുന്നു.

അങ്ങനെയുള്ള കുട്ടനാട്ടിലെ കര്‍ഷകത്തൊഴിലാളി വര്‍ഗ്ഗത്തെ സംഘടിപ്പിക്കാനായി ഈ യങ്ങ് പാര്‍ട്ടി മെമ്പറെ അയച്ചത് ക്രാന്തദര്‍ശിയായ സഖാവ് പി.കൃഷ്ണപിള്ളയായിരുന്നു. അദ്ദേഹവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും അതിലൂടെ ലക്ഷ്യം വച്ചതും തൊഴിലാളി – കര്‍ഷക വര്‍ഗ്ഗസഖ്യത്തിന്റെ അജയ്യ ശക്തി ഊട്ടിയുറപ്പിക്കുക എന്നതായിരുന്നു.

പി. കൃഷ്ണപിള്ളയുടെ ചിത്രത്തിനരികില്‍ വി.എസ് | ചിത്രത്തിന് കടപ്പാട്: ദേശാഭിമാനി

അങ്ങനെ, കര്‍ഷകത്തൊഴിലാളി വര്‍ഗ്ഗത്തെ സംഘടിപ്പിക്കാന്‍ 1941 ല്‍ സഖാവ് പി.കൃഷ്ണപിള്ള കണ്ടെത്തിയ വജ്രായുധമായിരുന്നു സഖാവ് വി.എസ്. അച്യുതാനന്ദന്‍.

കുട്ടനാട്ടിലെ പ്രവര്‍ത്തനം ആദ്യഘട്ടങ്ങളില്‍ വെല്ലുവിളികളും പരാജയങ്ങളും നിറഞ്ഞതായിരുന്നു. എന്നാല്‍, പരാജയം ഭക്ഷിച്ച്, ഭക്ഷിച്ച് തീര്‍ത്തു കൊണ്ട് വിജയത്തെ ലാക്കാക്കി സഖാവ് വി.എസ് എന്ന കമ്മ്യൂണിസ്റ്റ് കാലാള്‍ ഭടന്‍, ‘ഫുട് സോള്‍ജര്‍’, കുട്ടനാടന്‍ വയലേലകളില്‍ മുന്നേറുക തന്നെ ചെയ്തു.

അദ്ധ്വാനം പെയ്തു തീര്‍ന്ന തളര്‍ന്ന മേഘശകലങ്ങളായി കൂരകളില്‍ തിരിച്ചെത്തിയ കര്‍ഷകത്തൊഴിലാളികളില്‍ തനത് ഭാഷാശൈലിയുണ്ടാക്കി സംസാരിച്ചും പ്രസംഗിച്ചും ഒപ്പം നിന്ന് പോരാടിയും അവകാശബോധം തിടം വയ്പ്പിച്ച് ഇടിമിന്നല്‍ സൃഷ്ടിച്ചു. വേമ്പനാടിന്റെ കായല്‍പ്പരപ്പിനു മുകളില്‍ അത് മുഴങ്ങി മാറ്റൊലി കൊണ്ടു.

കേരള ചരിത്രത്തില്‍ മെയ് ദിനം തൊഴിലവധിയായി

‘വോള്‍ഗാ നദിയുടെ തരംഗമാലകള്‍ അതേറ്റു പാടുന്നു’ എന്ന് വയലാര്‍ പാടിയ ലെനിന്റെ ശബ്ദമാണ് പുന്നപ്ര-വയലാര്‍ എന്ന ഐതിഹാസിക വിപ്ലവസമരകാലത്ത് കുട്ടനാടന്‍ കായല്‍പരപ്പ് ഏറ്റു പാടിയത്.
സോവിയറ്റ് റെഡ് ആര്‍മി ബെര്‍ലിന്‍ ഭരിക്കുന്ന കാലത്താണത്, ബോംബേയിലടക്കം 60 ലധികം റോയല്‍ നേവി കപ്പലുകള്‍ക്കു മുകളില്‍ ചെങ്കൊടി പറന്ന കാലത്താണത്, തെലങ്കാനയില്‍ ആയിരക്കണക്കിന് ഗ്രാമങ്ങളില്‍ ഗറില്ലാ ആര്‍മി മാര്‍ച്ച് ചെയ്യുന്ന കാലത്താണത്, ഫ്രാന്‍സില്‍ യുദ്ധാനന്തരം നടന്ന തിരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി തിരഞ്ഞെടുക്കപ്പെട്ട കാലത്താണത്. എന്നാല്‍, ബെര്‍ലിനില്‍ ഒഴികെ മറ്റിടങ്ങളില്‍ അതിന്റെ തുടര്‍ച്ച ദുര്‍ബ്ബലമായി.

പക്ഷെ, ആലപ്പുഴയും കുട്ടനാടും കമ്മ്യൂണിസ്റ്റ് പ്രയോഗത്തിന്റെ തുടര്‍ച്ചയില്‍ കൂടുതല്‍ ചുവന്നു. ‘അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍ ‘ എന്ന ഗര്‍ജ്ജനം കേട്ട് സര്‍ സി.പി തിരുവിതാംകൂറില്‍ നിന്ന് വാലു ചുരുട്ടി ഓടി. ‘സ്വതന്ത്ര തിരുവതാംകൂര്‍’ എന്ന അയാളുടെ കുടില സ്വപ്‌നം വിഫലമാക്കിക്കൊണ്ട് ഐക്യ കേരളത്തിലേക്ക് ജനത മുന്നേറി.

കമ്മ്യൂണിസ്റ്റ് കാലാള്‍ ഭടന്മാര്‍ എണ്ണത്തിലും ഗുണത്തിലും പെരുകി. 1956 ല്‍ ഐക്യകേരളം പിറന്നു.
തൊട്ടടുത്ത വര്‍ഷം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വം നല്‍കിയ ഐക്യമുന്നണി തെരഞ്ഞെടുപ്പില്‍ വിജയിച്ചു. പ്രഥമ സംസ്ഥാന സര്‍ക്കാറായി തൊഴിലാളികളുടേയും കര്‍ഷകരുടേയും കര്‍ഷകത്തൊഴിലാളികളുടേയും കൈവേലക്കാരുടേയും അവകാശങ്ങള്‍ക്കായി പൊരുതുന്ന ഇ.എം.എസ് സര്‍ക്കാര്‍ അധികാരത്തിലേറി.

ഇ.എം.എസിനൊപ്പം വി.എസ്

കുടിയിറക്ക് നിരോധന ഓര്‍ഡിനന്‍സ്, കാര്‍ഷിക ഭൂബന്ധ ബില്‍ (1957) , കേരള വിദ്യഭ്യാസ ബില്‍ (1957), കേരള ഫാക്റ്ററീസ് റൂള്‍സ് (1957), കേരള മിനിമം വേജസ് റൂള്‍സ് (1958) എന്നിവയും ‘തൊഴില്‍ സമരങ്ങളില്‍ പോലീസ് ഇടപെടില്ല’ എന്ന പോലീസ് നയവും വ്യവസായത്തൊഴിലാളി, കര്‍ഷക, കര്‍ഷകത്തൊഴിലാളി, പരമ്പരാഗത വ്യവസായ തൊഴിലാളി, കൈവേലക്കാര്‍, അദ്ധ്യാപകര്‍ എന്നിവര്‍ക്ക് ജീവന വേതന വ്യവസ്ഥ ഉറപ്പായി. കേരള ചരിത്രത്തില്‍ മെയ് ദിനം തൊഴിലവധിയായി.

തൊഴിലാളി വര്‍ഗ്ഗപ്രസ്ഥാനത്തിന്റെ, കമ്മ്യൂണിസ്റ്റ് മുന്നണിപ്പടയുടെ സ്ഥൈര്യമാര്‍ന്ന ഈ സമരപുരോപ്രയാണ പന്ഥാവില്‍ പുതിയ പ്രതിവിപ്ലവ വെല്ലുവിളി ഉയര്‍ന്നു. 1959 ല്‍ ജാതിമതവര്‍ഗ്ഗീയ ശക്തികളെ കോര്‍ത്തു ചേര്‍ത്ത് കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയ നേതൃത്വത്തില്‍ ആരംഭിച്ച കുപ്രസിദ്ധ ‘ വിമോചന സമരം.’

അതിനെ തുടര്‍ച്ചയായി നേരിടുന്ന ഒരു സാമൂഹ്യ രാഷ്ട്രീയ പ്രതിഭാസം കേരളത്തില്‍ ഉരുകിയുറച്ചു. അതാണ് കേരളത്തിലെ ‘ഇടതുപക്ഷം’. അതിനെതിരായ മുന്നണികള്‍ പാര്‍ലമെന്ററി രംഗത്തും സാമൂഹ്യ രാഷ്ട്രീയ കലാ സാംസ്‌കാരിക രംഗങ്ങളിലുമെല്ലാം സര്‍വ്വ ലജ്ജയും മറന്ന് തേറ്റപ്പല്ലുകള്‍ നീട്ടി പടപൊരുതി.

പാര്‍ലമെന്ററി രാഷ്ട്രീയ രംഗത്ത് യു.ഡി.എഫിന്റെ ജന്മം ഇതിന്റെ പ്രകാശിത രൂപങ്ങളില്‍ ഒന്നായിരുന്നു. നാനാവിധ ജാതി മത വര്‍ഗ്ഗീയ ശക്തികളുടെ സംഘടിത രൂപങ്ങള്‍ അതിന്റെ ഭാഗമായിരുന്നു. ജാതികള്‍ തന്നെ പുനഃസംഘടിക്കപ്പെട്ടു. ആര്‍.എസ്.എസ്സിന്റെ വളര്‍ച്ച, ഒപ്പം ന്യൂനപക്ഷ വര്‍ഗ്ഗീയ ‘വിജിലാന്റെ’ സംഘടനകളുടേയും, ഇതിന്റെ ലിറ്റ്മസ് ടെസ്റ്റ് തെളിവായിരുന്നു.

ഒരു മാനത്തില്‍ നിന്നു നോക്കിയാല്‍, പ്രതിവിപ്ലവത്തിന്റെ ഈ തീവ്ര വലതുപക്ഷ ആക്രമണമാണ് ഇടതുപക്ഷ അതിജിവിനത്തിന്റെ സുവ്യക്തമായ തെളിവ്. എന്താണ് സാമൂഹ്യ പുരോഗതിയുടെ ശരിയായ മാനം ? എന്താണ് വളരുന്ന ഇടതുപക്ഷ പൗരസമൂഹം ?

ഈ ചോദ്യങ്ങള്‍ക്ക് മേല്‍പ്പറഞ്ഞ പ്രതിവിപ്ലവ തീവ്ര വലതുപക്ഷ ആക്രമണത്തെയും ഇടതു ക്യാമ്പിനകത്ത് അരിച്ചു കയറുന്ന വര്‍ഗ്ഗസഹകരണ ‘വികസന’ വാദത്തേയും ഒരേപോലെ നേരിടേണ്ടി വരുന്ന ഒരു സങ്കീര്‍ണ്ണ സമരപര്‍വ്വം അഥവാ, സമരഘട്ടം, ഭൂപരിഷ്‌ക്കരണ- വിദ്യഭ്യാസ പരിഷ്‌ക്കാര മുന്നേറ്റത്തിനു ശേഷമുള്ള പതിറ്റാണ്ടുകളില്‍  കൂടുതല്‍ വളര്‍ന്നുവന്നു.

ഫെഡറലിസം, ജാതി വിരുദ്ധത, മതേതരത്വം, പാരിസ്ഥിതിക അവബോധം, സര്‍വ്വോപരി, ലിംഗസമത്വം എന്നിവയെ സംബന്ധിച്ച് ആശയ ഭൗതിക മണ്ഡലങ്ങളിലെല്ലാം മേല്‍പ്പറഞ്ഞ സങ്കീര്‍ണ്ണ സമരപര്‍വ്വം വലുതായി.

1940 കള്‍ക്കും 50 കള്‍ക്കും ശേഷം 60 കളിലും 70 കളിലും താരതമ്യേന മേല്‍പ്പറഞ്ഞ സങ്കീര്‍ണ്ണ സമരപര്‍വ്വത്തെ അഭിമുഖീകരിക്കുന്നതില്‍ ‘ഇടതുപക്ഷം’ താരതമ്യേന സ്ഥൈര്യവും കെട്ടുറപ്പും കാട്ടിയിരുന്നു.

പക്ഷെ, പാര്‍ലമെന്ററി രാഷ്ട്രീയ മുന്നണി ഭേദങ്ങള്‍ക്കപ്പുറം ആഴത്തില്‍ പ്രതിഫലിച്ച ഈ സാമുഹ്യ രാഷ്ട്രീയ പ്രതിഭാസം – ‘ഇതുപക്ഷം’ 80കള്‍ മുതല്‍ പുതിയ വെല്ലുവിളികള്‍ നേരിടാന്‍ തുടങ്ങി. തൊഴിലില്ലായ്മ അതിന്റെ അടിസ്ഥാന വിഷയമായിരുന്നുവെങ്കിലും ഫെഡറലിസം, ജാതി വിരുദ്ധത, മതേതരത്വം, പാരിസ്ഥിതിക അവബോധം, ലിംഗസമത്വം എന്നിവയെല്ലാം സംബന്ധിച്ച പ്രഹേളികാ സമാനമായ സമസ്യകള്‍ തുടര്‍ന്നുള്ള പതിറ്റാണ്ടുകളില്‍ ഉയര്‍ന്നു.

1990 ല്‍ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയും സോവിയറ്റ് റിപ്പബ്ലിക്കുകളിലും കിഴക്കന്‍ യൂറോപ്പിലെ സോഷ്യലിസ്റ്റ് രാജ്യങ്ങളിലും മുതലാളിത്ത പുനഃസ്ഥാപനം നടന്നതും വളരെ നിഷേധാത്മക പ്രതിഫലനമാണ് മേല്‍പ്പറഞ്ഞ സങ്കീര്‍ണ്ണ സമരപര്‍വ്വത്തില്‍ ഉണ്ടാക്കിയത്. പ്രതിവിപ്ലവ തീവ്ര വലതുപക്ഷം ‘ആശയപരമായും ബൗദ്ധികമായും സംഘടനാപരമായും കായികമായും ‘ഇടതി’നെ വര്‍ദ്ധിത വീര്യത്തോടെ ആക്രമിച്ചു.

1990കള്‍ മുതലുള്ള ഈ കാലഘട്ടത്തിലാണ് ഇടത് തിരിച്ചറിവുകളുടെ കാര്യത്തില്‍ പോലും ദിക്കറിയായ്മയുടെ ചതുപ്പ് സൃഷ്ടിക്കപ്പെട്ടത്. ‘വികസനം’ ‘വളര്‍ച്ച’ എന്നിവയെ സംബന്ധിച്ച് വര്‍ഗ്ഗേതരമായ അര്‍ത്ഥം (ക്ലാസ് ന്യൂട്രല്‍ മീനിങ്ങ്) സൃഷ്ടിക്കപ്പെട്ടു.

‘വികസന’ത്തില്‍ കീഴാളരെയും പാര്‍ശ്വവല്‍കൃതരേയും ഉള്‍പ്പെടുത്തിയാല്‍ മതി എന്ന കീഴാള വകഭേദം മാത്രമാണ് സാധ്യം എന്നിടത്തേക്ക് ‘ഇടതുപക്ഷം’ വെട്ടിച്ചെറുതാക്കപ്പെട്ടതിന് എതിരെയാണ് വീണ്ടും കര്‍ഷകത്തൊഴിലാളി വര്‍ഗ്ഗം അരിവാള്‍ ഉയര്‍ത്തിയത്.

‘കീഴാള വകഭേദം പോര, ഒരു തൊഴിലാളി വര്‍ഗ്ഗ വികസന പരിപ്രേക്ഷ്യം തന്നെ വേണം; വയലും വിളയും അങ്ങനെയാണ് നിര്‍ണ്ണയിക്കേണ്ടത്, നിശ്ചയിക്കേണ്ടത് ‘ എന്നവര്‍ ശബ്ദമുയര്‍ത്തി.

‘വെട്ടിനിരത്തല്‍’ എന്ന് വലതുപക്ഷ, സമവായവാദ പാളയക്കാര്‍ ആ പ്രതിരോധത്തെ
വിളിച്ചത് 1957 ല്‍ ‘സെല്‍ ഭരണം’ എന്ന് വിളിച്ചതു പോലുള്ള ഒരു വലതുപക്ഷ ശാപവാക്കാണ്. നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം (2008) ഉണ്ടായത് കര്‍ഷകത്തൊഴിലാളി വര്‍ഗ്ഗം അന്ന് പടവാളായി വീശിയ അരിവാള്‍ത്തലയില്‍ നിന്നുതന്നെയാണ്. സഖാവ് വി.എസ്. മുഖ്യമന്ത്രിയായതാണ് അതിന്റെ നിയമനിര്‍മ്മാണത്തിലേക്ക് എത്തിച്ചതിന്റെ മൂര്‍ത്തരൂപം.

തൊഴിലാളി വര്‍ഗ്ഗത്തിന്റെ വര്‍ഗ്ഗ താത്പര്യവും പാരിസ്ഥിതിക സംരക്ഷണത്തിന്റെ ശാസ്ത്രീയ പരികല്പനയും എങ്ങനെയാണ് കര്‍ത്താവും കര്‍മ്മവുമായത് എന്നതിന്റെ ദൃഷ്ടാന്തമായിരുന്നു കേരള നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം (2008).ആ ചരിത്രരചനയുടെ ജീവചേതനയും ക്രിയയും ആയി വര്‍ത്തിച്ച കമ്മ്യൂണിസ്റ്റ് പോരാളിയായിത്തീരുകയാണ് സഖാവ് വി.എസ് ചെയ്തത്.

മൂന്നാറിലെ 90 ലധികം അനധികൃത റിസോര്‍ട്ടുകള്‍ പൊളിച്ചു കളഞ്ഞും കുത്തക ബൂര്‍ഷ്വാസിയുടെ ഭൂമി കയ്യേറ്റത്തെ എതിര്‍ത്തുകൊണ്ട് റ്റാറ്റയുടെ ‘മറന്നുവച്ച’ നെയിം ബോഡ് പിഴുതുകളഞ്ഞതും ഈ വര്‍ഗ്ഗസ്ഥൈര്യത്തിന്റെയും ശാസ്ത്രീയ നയത്തിന്റെയും ‘കര്‍തൃകര്‍മ്മബന്ധത്തെ ക്രിയാപൂരണം ചെയ്തതായിരുന്നു.

അന്ന് ജെ.സി.ബി എന്ന പേരില്‍ വന്ന ഒരു പീറക്കഥയുടെ ‘ക്ഷീരമുള്ളോരകിട്ടിലെ കൊതുകിന്റെ കൗതുക’മാണ് വര്‍ഗ്ഗ ചേരിമാറുന്ന മദ്ധ്യവര്‍ഗ്ഗ പരിപ്രേക്ഷ -താത്പര്യങ്ങളുടെ വൈതാളിക മുഴുപ്പ് എത്ര മാത്രം വലിയ ക്യാന്‍സര്‍ ആയി ഇടതു പാളയത്തിനകത്തേക്കും വ്യാപിക്കുന്നു എന്ന് ഒന്നുകൂടി വ്യക്തമാക്കിയത് !

മേല്‍പ്പറഞ്ഞ പോരാട്ടങ്ങളിലെല്ലാം അനുസ്യൂതമായി വൈദ്യുതി പോല്‍ പ്രവഹിച്ച മാര്‍ക്‌സിസം ലെനിനിസത്തിന്റെ പ്രത്യയശാസ്ത്ര രാഷ്ട്രീയ ശരിമയും ഊര്‍ജ്ജ പ്രസരണവുമുണ്ടായിരുന്നു. അതിന്റെ സൈദ്ധാന്തിക വ്യക്തത എത്രയുണ്ടായിരുന്നു എന്നത് തര്‍ക്കവിഷയമായേക്കാമെങ്കിലും.

സഖാവ് വി.എസ്. നയിച്ച ഈ സമരങ്ങളുടെ അവിഭാജ്യഭാഗമായി അതിന്റെ വിപ്ലവകരമായ തൊഴിലാളി വര്‍ഗ്ഗ ധാര്‍മ്മികത (പ്രോലിറ്റേറിയന്‍ എത്തിക്‌സ്) കൂടിയുണ്ടായിരുന്നു. ‘കുഞ്ഞു പെണ്‍മക്കളെ കൂട്ടബലാത്സംഗം നടത്തി പിച്ചിച്ചീന്തിയവരെ കയ്യാമം വച്ച് റോട്ടിലൂടെ നടത്തും’ എന്ന് ഉറച്ചു പറഞ്ഞത് ഒരു മുത്തശ്ശന്റെ ക്രോധം മാത്രമായിരുന്നില്ല, വിപണി വികസന വാദത്തിലൂടെ ഇഴഞ്ഞുവന്ന് ഇടംപിടിക്കുന്ന ‘സെക്‌സ് ടൂറിസം’ എന്ന സോഷ്യോ ഇക്കണോമിക്‌ വിഷസര്‍പ്പത്തിനെതിരായ കമ്മ്യൂണിസ്റ്റ് പ്രത്യാക്രമണമായിരുന്നു.

‘എന്നിട്ട് കയ്യാമം വച്ച് നടത്തിയോ?’ എന്ന ബലാത്സംഗ കുതുകികളായ വിടന്മാരുടെ ചോദ്യം പ്രതിവിപ്ലവ തീവ്രവലതു ചേരിയില്‍ നിന്നുയര്‍ന്നപ്പോഴാണ് വി.എസ്സിന്റെ പ്രഖ്യാപനത്തിന്റെ ഇടതു ശരിമ, തൊഴിലാളി വര്‍ഗ്ഗ ധാര്‍മ്മികത, എത്ര ഗരിമയുള്ളതാണ് എന്ന് മാറ്റുരച്ച് തെളിയിക്കപ്പെട്ടത്.

ഇതിന്റെയാകെ ആശയ സമരത്തെ ഭംഗ്യന്തരേണ അസ്പഷ്ടമാക്കിയ പുത്തന്‍ പദപ്രയോഗമായാണ് ‘വിഭാഗീയത’ എന്ന മലയാള വാക്ക് പുതുതായി പെറ്റുവീണത്. ‘സെക്‌റ്റേറിയനിസം’ എന്ന പ്രത്യയശാസ്ത്ര രാഷ്ട്രീയ ഉള്ളടക്കത്തോടെ കമ്മ്യൂണിസ്റ്റ് പദാവലിയില്‍ നിലനിന്ന ‘രാഷ്ട്രീയ സംജ്ഞയെ കുറിക്കുന്ന മലയാള വിവര്‍ത്തനമായിരുന്നു അതുവരെ ‘വിഭാഗീയത’ എങ്കില്‍, ആ മലയാള പദത്തിന് ‘ഡിവിഷനിസം’ എന്ന ഒരു ഇംഗ്ലീഷ് പുനര്‍ വിവര്‍ത്തനം സൃഷ്ടിച്ചു കൊടുക്കപ്പെട്ടു.
അതായത്, പ്രത്യയ ശാസ്ത്ര രാഷ്ട്രീയ ഉള്ളടക്കമേതുമില്ലാതെ സംഘടനാ സ്ഥാനങ്ങള്‍ വെട്ടിപ്പിടിക്കാന്‍ മാത്രം തൊടുത്തു വിടുന്ന ചേരിപ്പോരാണ് വിഭാഗീയത എന്ന അര്‍ത്ഥകല്പനയില്‍.

പക്ഷെ, ചില കല്ലുകടികള്‍ ബാക്കി നിന്നു

1. കമ്മ്യൂണിസ്റ്റ് വാന്‍ഗാഡിനകത്ത് അത്തരത്തില്‍ സംഘടനാകേവലമായ ‘വിഭാഗീയത’ എങ്ങനെ ഇത്രമേല്‍ വലിയ രൂപം പ്രാപിക്കുന്നു?
2. ഒരു തത്വചിന്താപരമായ മറ്റൊരു പ്രഹേളികകൂടി ഉത്തരം കിട്ടാതെ ബാക്കിയായി, പ്രത്യേകിച്ചും മേല്‍പ്പറഞ്ഞ വര്‍ഗ്ഗസമര തീക്ഷ്ണമായ ചരിത്രം നമ്മെ തീക്കണ്ണുകള്‍ കൊണ്ട് തുറിച്ചു നോക്കുമ്പോള്‍;
കേവലമായി പ്രത്യയശാസ്ത്ര ന്യൂനമായ, അബോധമായിപ്പോലും ആശയസ്വാധീനമില്ലാത്ത, ഒരു ചേരിതിരിവ് ഭൗതികമായി സംഗതമാണോ?

ഈ ചോദ്യങ്ങള്‍ക്കുത്തരം തേടേണ്ടത് ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ സംഘടനാപരമായ പരിമിത ലക്ഷ്യ പ്രശ്‌നമല്ല. സമഗ്രാര്‍ത്ഥത്തിലുള്ള ഒരു കമ്മ്യൂണിസ്റ്റ് ഇടതുപക്ഷ പ്രശ്‌നമാണ്.

‘വിപണിയധിഷ്ഠിത -വികസന’മെന്ന മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് വിമര്‍ശത്തിന്റെ മുഴുമയില്‍ നിന്ന് ‘വിപണിയധിഷ്ഠിത’മെന്ന ആദ്യഭാഗം ഒരു അശ്ലീല പദഭാഗം പോലെ വെട്ടിക്കളഞ്ഞ് കേവലവല്‍ക്കരിക്കപ്പെട്ട ‘വികസന’ത്തെ സര്‍വ്വാത്മനാ ആശ്ലേഷിക്കാന്‍ എല്ലാവരും സമവായപ്പെടാന്‍ തുടങ്ങിയത് ഈ ഉത്തരമില്ലായ്മയുടെ കൂടി പാര്‍ശ്വഫലമാണ്.

”അതൊരു മൂപ്പിളമത്തര്‍ക്കമായിരുന്നു” എന്ന് ഒരു ശിക്ഷിത ഭടന്‍ കിതച്ചപ്പോഴും അറിയാതെ അതിലും ഒരുണ്‍മ തലനീട്ടി. അതെ, വിപ്ലവവര്‍ഗ്ഗസ്ഥൈര്യത്തിന്റെ മൂപ്പും അതിനെ ഇളയ്ക്കലും തമ്മിലുള്ള ഘര്‍ഷണമായിരുന്നു, ഘര്‍ഷണമാണ്, ഘര്‍ഷണമായിരിക്കും എന്നുമത്.

എത്ര ഭടന്‍മാര്‍ വീണാലും നായകര്‍ വീരചരമമടഞ്ഞാലും വര്‍ഗ്ഗം കണ്ണടയ്ക്കില്ല. അത് സഖാവ് വി.എസ്സിനെ, ആ നൂറു തികഞ്ഞു കവിഞ്ഞ വയലാര്‍ പുത്രനെയും ഉള്‍വാങ്ങി മുന്നോട്ട് മാര്‍ച്ച് ചെയ്യും. മഷി വറ്റിപ്പോവുന്നതുവരെ എഴുതിയാലും വര്‍ഗ്ഗരോഷവും ചുണയുമുണങ്ങാത്ത ഈ ചരിതം തീരില്ല, തീരരുത്.

ലേഖകന്‍ വി.എസിനൊപ്പം

ആയതിനാല്‍, അത് അനുസ്യൂതം തുടരാനായി

വയലാറിലെ വാരിക്കുന്തം
വയനാട്ടിലെ അമ്പും വില്ലും
വയലേലകളിലെ കൊയ്ത്തരിവാളും പണിശാലയിലെ ചുറ്റികയും
തേഞ്ഞില്ല മുന പോയില്ല,
രക്തപതാകക്കീഴില്‍ വളരും
വര്‍ഗ്ഗ വികാരം അജയ്യമാണ്
വിപ്ലവത്തിന്‍ ചുവന്ന പാതയില്‍
അണിയണിയായ് അതു മുന്നേറും
റെഡ് സല്യൂട്ട് ടു കോമ്രേഡ് വി.എസ്.
രക്തസാക്ഷികള്‍ സിന്ദാബാദ്
ഇന്‍ക്വിലാബ്
ഇന്‍ക്വിലാബ്
ഇന്‍ക്വിലാബ് സിന്ദാബാദ്

content highlights:  Freddy K. Thazhath Remembering V. S. Achuthanandan

ഫ്രെഡി കെ. താഴത്ത്‌

We use cookies to give you the best possible experience. Learn more