| Wednesday, 7th May 2025, 3:28 pm

ഗൾഫിൽ മികച്ച കളക്ഷൻ കിട്ടിയ ചിത്രങ്ങളുടെ പട്ടികയിൽ മലയാളത്തിൽ നിന്ന് നാല് ചിത്രങ്ങൾ, അതിൽ മൂന്നും മോഹൻലാലിന് സ്വന്തം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യൻ സിനിമാലോകം ഒട്ടാകെ ശ്രദ്ധിക്കുന്ന തരത്തിലേക്ക് വളരാൻ മലയാള സിനിമയ്ക്ക് സാധിച്ചിട്ടുണ്ട്. ഇന്ത്യയിൽ മാത്രമല്ല യു.കെയിലേക്കും അമേരിക്കയിലും മലയാള സിനിമകൾ റിലീസ് ചെയ്യുന്നത് വർധിച്ചു.

എന്നാൽ ഇതിന് മുമ്പ് മലയാള സിനിമയുടെ ഓവർസീസ് മാർക്കറ്റ് ഗൾഫ് മാത്രമായിരുന്നു. ഓരോ സിനിമകൾ കഴിയുന്തോറും അതിന്റെ എണ്ണവും വർധിച്ചു.

ഇപ്പോൾ ഇന്ത്യൻ സിനിമയുടെ ഗൾഫിലെ മികച്ച കളക്ഷൻ കിട്ടിയ ചിത്രങ്ങളുടെ പട്ടിക പുറത്ത് വന്നിരിക്കുകയാണ്. ട്രാക്കർമാരായ ബോളിവുഡ് ബോക്‌സ് ഓഫീസിന്റെ ലിസ്റ്റാണ് പുറത്ത് വന്നത്.

25 ചിത്രങ്ങളുടെ പട്ടികയിൽ മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന്റെ മൂന്ന് ചിത്രങ്ങളാണ് ഉൾപ്പെട്ടിട്ടുള്ളത്. മോഹൻലാൽ ചിത്രത്തെക്കൂടാതെ ഒരു മലയാള ചിത്രം കൂടി അതിൽ ഉൾപ്പെട്ടിട്ടുണ്ട്. ലിസ്റ്റിൽ മോഹൻലാലിനേക്കാൾ അധികം എണ്ണമുള്ള ചിത്രങ്ങൾ ഇന്ത്യയിൽ രണ്ട് താരങ്ങൾക്കാണ് ഉള്ളത്.

പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ, ചിത്രത്തിന്റെ രണ്ടാം ഭാഗം എമ്പുരാൻ, തരുൺ മൂർത്തി സംവിധാനം ചെയ്ത് ഇപ്പോഴും തിയേറ്ററിൽ ഓടിക്കൊണ്ടിരിക്കുന്ന തുടരും ആണ് മോഹൻലാലിന്റെ മൂന്നാമത്തെ ചിത്രം. ടൊവിനോ, മഞ്ജു വാര്യർ, സായി കുമാർ, പൃഥ്വിരാജ് എന്നിവരാണ് ലൂസിഫറിലെയും എമ്പുരാനിലെയും പ്രധാന കഥാപാത്രങ്ങൾ.

മോഹൻലാൽ തന്നെ നായകനായി എത്തിയ തുടരും ചിത്രത്തിൽ ശോഭന, ബിനു പപ്പു, പ്രകാശ് വർമ, ഫർഹാൻ ഫാസിൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ.

2018 ആണ് മലയാളത്തിൽ നിന്നും ഉൾപ്പെട്ടിട്ടുള്ള മറ്റൊരു ചിത്രം. 2018ൽ കേരളത്തിൽ നടന്ന പ്രളയത്തെ പശ്ചാത്തലമാക്കി ചിത്രീകരിച്ച ചിത്രമാണ് 2018. ജൂഡ് ആന്തണിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ എന്നിവരും അണിനിരക്കുന്നുണ്ട്.

ലിസ്റ്റിൽ ഏറ്റവുമധികം ചിത്രങ്ങൾ കിങ് ഖാന് തന്നെയാണ്. ആറ് ചിത്രങ്ങളാണ് ഷാരൂഖ് ഖാനിന്റേതായി ഉൾപ്പെട്ടിട്ടുള്ളത്. സൽമാൻ ഖാൻ നായകനായി എത്തിയ നാല് ചിത്രങ്ങൾ, ആമിർ ഖാൻ നായകനായ മൂന്ന് ചിത്രങ്ങൾ എന്നിവയും ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്.

Content Highlight: Four Malayalam films in the list of films with the best collections in the Gulf

We use cookies to give you the best possible experience. Learn more