മത്സ്യങ്ങളിലെ ഫോര്‍മാലിന്‍ പ്രയോഗം; ആളൊഴിഞ്ഞ് മീന്‍മാര്‍ക്കറ്റുകള്‍; ദുരിതത്തിലായി സാധാരണ കച്ചവടക്കാര്‍
Life on Coastline
മത്സ്യങ്ങളിലെ ഫോര്‍മാലിന്‍ പ്രയോഗം; ആളൊഴിഞ്ഞ് മീന്‍മാര്‍ക്കറ്റുകള്‍; ദുരിതത്തിലായി സാധാരണ കച്ചവടക്കാര്‍
ഗോപിക
Thursday, 28th June 2018, 3:24 pm

സംസ്ഥാനത്തെത്തുന്ന മത്സ്യങ്ങളില്‍ അപകടകരമായ കീടനാശിനികള്‍ പ്രയോഗിക്കുന്നതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്ന ഫോര്‍മാലിന്‍, അമോണിയ, എന്നീ രാസവസ്തുക്കള്‍ മീന്‍ കേടാകാതിരിക്കാന്‍ ഉപയോഗിക്കുന്നതു മൂലം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാണ് ഉണ്ടാകുന്നത്.

മീനില്‍ മായം കലര്‍ന്നെന്ന വാര്‍ത്തയെത്തുടര്‍ന്ന് ജനങ്ങള്‍ മീന്‍മാര്‍ക്കറ്റുകള്‍ ഏകദേശം ഉപേക്ഷിച്ച നിലയിലാണ് ഇപ്പോള്‍. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് നിന്ന് ഫോര്‍മാലിന്‍ കലര്‍ന്ന മീന്‍ പിടിച്ചെടുത്തിരുന്നു. ഇത് സാരമായി ബാധിച്ചത് മത്സ്യവിപണിയെയാണ്.


ALSO READ: മത്സ്യം കേടാകാതിരിക്കാന്‍ ഉപയോഗിക്കുന്നത് മാരക രാസവസ്തുക്കള്‍


ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യമാണ് മാര്‍ക്കറ്റിലെത്തുന്നതെന്ന വാര്‍ത്ത മീന്‍ മാര്‍ക്കറ്റുകളില്‍ ആളുകള്‍ എത്തുന്നത് കുറയാന്‍ കാരണമാകുന്നതായാണ് ഇപ്പോള്‍ കാണാന്‍ കഴിയുന്നത്.

വാര്‍ത്ത പുറത്ത് വന്നതിന് ശേഷം മത്സ്യവിപണിയില്‍ വന്‍ ഇടിവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ വില്‍പ്പന മൂന്നിലൊന്നായി കുറഞ്ഞെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഇത് മത്സ്യവിലയേയും ബാധിച്ചിരിക്കുകയാണ്.

പരമ്പരാഗതമായി മത്സ്യകൃഷി ചെയ്യുന്ന കര്‍ഷകരെയും ഈ മാന്ദ്യം കാര്യമായി ബാധിക്കുന്നുണ്ട്. പരമ്പരാഗത വള്ളങ്ങൡ മത്സ്യങ്ങള്‍ പിടിച്ച് വിപണിയിലെത്തിക്കുന്ന മീനുകള്‍ക്ക് വില രണ്ടിരട്ടിയായി കുറഞ്ഞിരിക്കുകയാണ്. വിപണിയിലേക്ക് ആളെത്താത്തത് കാരണം വാങ്ങിവെച്ച മത്സ്യങ്ങള്‍ തുച്ഛമായ വിലയ്ക്ക് വിറ്റു തീര്‍ക്കുകയാണ് വ്യാപാരികള്‍ ഇപ്പോള്‍.

അന്യസംസ്ഥാനത്ത് നിന്ന് ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യങ്ങള്‍ കേരളത്തിലേക്കെത്തുന്നു എന്ന വാര്‍ത്തയെത്തുടര്‍ന്നാണ് മാര്‍ക്കറ്റുകളില്‍ ആളുകള്‍ എത്തുന്നത് കുറയാന്‍ തുടങ്ങിയത്.

കഴിഞ്ഞ ദിവസങ്ങളില്‍ 200 രൂപയ്ക്ക് വിറ്റ മത്സ്യത്തിന് ഇന്നലെ വില 100 രൂപയായി കുറഞ്ഞിരിക്കുകയാണ്. അഞ്ച് ദിവസം മുമ്പ് 370 ന് വിറ്റ കിളിമീനിന് വില ഇപ്പോള്‍ 160 ലും താഴെയാണ്.


ALSO READ: നിപ ബാധിച്ചിട്ടുണ്ടാകാമെന്ന് ആരോപിച്ച് നിര്‍ബന്ധ ഡിസ്ചാര്‍ജ്; പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിക്കെതിരെ പരാതിയുമായി രോഗിയും ബന്ധുക്കളും


സംസ്ഥാനത്തെ പ്രധാന മത്സ്യവിപണികളില്‍ ഒന്നാണ് പാളയം മാര്‍ക്കറ്റ്. പൂന്തുറ, വിഴിഞ്ഞം, കന്യാകുമാരി ഭാഗത്ത് നിന്നാണ് പാളയം മാര്‍ക്കറ്റിലേക്ക് മത്സ്യമെത്തുന്നത്. ഇവിടെയെത്തുന്ന മത്സ്യത്തില്‍ ഫോര്‍മാലിന്‍ തുടങ്ങിയ രാസവസ്തുക്കള്‍ ചേര്‍ത്തിട്ടില്ലെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.

കൊളള ലാഭത്തിനായി ചിലര്‍ നടത്തുന്ന തട്ടിപ്പില്‍ ദുരിതത്തിലാകുന്നത് സാധാരണ മത്സ്യത്തൊഴിലാളികളാണെന്നും വ്യാപാരികള്‍ പരാതിപ്പെടുന്നു. ഒരു ദിവസം ഏകദേശം 25 ലക്ഷം രൂപയുടെ കച്ചവടം നടന്നിരുന്ന മാര്‍ക്കറ്റാണ് പാളയത്ത് പ്രവര്‍ത്തിക്കുന്നത്

എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ വന്നതില്‍പ്പിന്നെ വെറും രണ്ട് ലക്ഷം രൂപയുടെ കച്ചവടം മാത്രമാണ് ആകെ നടന്നത്. തുച്ഛമായ വിലയ്ക്ക് മീന്‍ വിറ്റുതീര്‍ക്കുകയാണ് വ്യാപാരികള്‍ ഇപ്പോള്‍ ചെയ്യുന്നത്. വാങ്ങിവെച്ച മീനുകളില്‍ പകുതിയിലധികവും വിറ്റഴിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് വ്യാപാരികള്‍ ഇപ്പോള്‍.

അതേസമയം ഫോര്‍മാലിന്‍ ഉപയോഗിച്ച മത്സ്യം കേരളത്തിലേക്ക് കയറ്റി അയയ്ക്കരുതെന്ന് ആന്ധ്രാപ്രദേശിലെ വ്യാപാരികളോട് കേരളം ആവശ്യപ്പെടാനിരിക്കുകയാണ്. രാസവസ്തുക്കള്‍ കലര്‍ത്തിയ മീനുകള്‍ കേരളത്തില്‍ വില്‍ക്കുന്നില്ലെന്ന നിലപാടിലാണ് വ്യാപാരികള്‍ ഇപ്പോള്‍.


ALSO READ: വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പട്ടയം നല്‍കാതെ പഞ്ചായത്ത്; കോളനിവാസികള്‍ ദുരിതത്തില്‍


മത്സ്യത്തിലെ മായം സംബന്ധിച്ച് ചില ഒറ്റപ്പട്ട സംഭവങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ ഇത് പെരുപ്പിച്ച് കാട്ടി മത്സ്യവിപണിയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും വ്യാപാരികള്‍ ആവശ്യപ്പെടുന്നു.

ദിവസേനെ 150 ലോഡ് മത്സ്യമാണ് കേരളത്തിലെത്തുന്നത്. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം തമിഴ്‌നാട്, കര്‍ണ്ണാടകം, ഗോവ, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന മീനുകളില്‍ ഭൂരിഭാഗവും രാസവസ്തുക്കള്‍ ചേര്‍ത്തവയാണ്.

കേരളത്തിലെ മത്സ്യവിപണനരംഗത്ത് ഇതാദ്യമായല്ല രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തുന്നത്. മുന്‍പും ഇത്തരം പരാതികളുയരുകയും റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയും ചെയ്തിട്ടുണ്ട്. തുടര്‍ന്നു ആരംഭിക്കുന്ന പരിശോധനകള്‍ കുറച്ചു നാളത്തേക്കു മാത്രമായി ചുരുങ്ങുന്നതാണ് പതിവ്. കഴിഞ്ഞ വര്‍ഷം കേരളത്തിലെത്തിയ നാനൂറോളം സി.ആര്‍.പി.എഫ് ജവാന്‍മാര്‍ക്ക് മത്സ്യവിഭവങ്ങളില്‍ നിന്നും ഭക്ഷ്യവിഷബാധയേറ്റു ചികിത്സ തേടേണ്ടിവന്നിരുന്നു.

മത്സ്യങ്ങള്‍ കൂടുതലായി എത്തുന്നത് ആന്ധ്രാപ്രദേശില്‍ നിന്ന് മാത്രമല്ല തമിഴ്‌നാട്ടില്‍ നിന്നും ധാരാളം മീനുകള്‍ കേരളത്തിലെത്തുന്നുണ്ട്. ഇതോടെ ആരോഗ്യ വകുപ്പ് ശക്തമായ നടപടിയുമായി മുന്നോട്ടെത്തിയിട്ടുണ്ട്.

ഗോപിക
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, കേരളസര്‍വകലാശാലയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദവും മലയാളം സര്‍വ്വകലാശാലയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്ദര ബിരുദവും നേടിയിട്ടുണ്ട്.