വിമാന യാത്രയ്ക്കിടെ സംസാരിക്കാനെത്തിയ സഹയാത്രികന്റെ മുഖത്തിടിച്ച് ഹെവി വെയ്റ്റ് ചാമ്പ്യന്‍ മെക്ക് ടൈസണ്‍; വൈറല്‍ വീഡിയോ
Sports News
വിമാന യാത്രയ്ക്കിടെ സംസാരിക്കാനെത്തിയ സഹയാത്രികന്റെ മുഖത്തിടിച്ച് ഹെവി വെയ്റ്റ് ചാമ്പ്യന്‍ മെക്ക് ടൈസണ്‍; വൈറല്‍ വീഡിയോ
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 22nd April 2022, 12:04 pm

സാന്‍ ഫ്രാന്‍സിസ്‌കോ: വിമാന യാത്രയ്ക്കിടെ സഹയാത്രികന്റെ മുഖത്തിടിച്ച് പരിക്കേല്‍പ്പിച്ച് മുന്‍ ലോക ഹെവി വെയ്റ്റ് ചാമ്പ്യന്‍ മൈക്ക് ടൈസണ്‍. സന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്ന് ഫ്‌ലോറിഡയിലേക്ക് പോകുന്ന ഡെറ്റ് ബ്ലൂ എയര്‍ലൈനിലാണ് നാടകീയ സംഭവങ്ങളുണ്ടായത്. മൈക്ക് ടൈസണെ അടുത്ത സീറ്റില്‍ കണ്ട സന്തോഷത്തില്‍ സംസാരിക്കാനെത്തിയ യാത്രക്കാരനാണ് മുഖത്തടിയേറ്റത്.

പിന്‍ സീറ്റില്‍ ഇരുപ്പുറപ്പിച്ച യുവാവ് തുടര്‍ച്ചയായി സംസാരിക്കാന്‍ ശ്രമിച്ചതോടെ ടൈസണ്‍ ഇയാളുടെ മുഖത്തിടിക്കുകയായിരുന്നു. ഇതുസംബന്ധിച്ച വീഡിയോ സമൂഹമാധ്യമങ്ങളില്‍ അതിവേഗം പ്രചരിക്കുന്നുണ്ട്. വിമാനത്തിലെ യാത്രക്കാരന്‍ ടൈസണെ പിന്നില്‍ സംസാരിക്കാന്‍ ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം.

മൈക്ക് ടൈസണ്‍ ആക്രമിച്ച യുവാവിന്റെ മുഖത്ത് നിന്ന് ചോരയൊലിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇയാള്‍ക്ക് വിമാന ജീവനക്കാര്‍ പ്രഥമ ശുശ്രൂഷ നല്‍കി.

സംഭവത്തിന് ശേഷം യാത്ര തുടരാതെ ടൈസണ്‍ വിമാനത്തില്‍ നിന്നും തിരികെയിറങ്ങിപ്പോയി. വീഡിയോ വൈറലായെങ്കിലും അമേരിക്കന്‍ പോലീസും ജെറ്റ്ബ്‌ളൂ എയര്‍ലൈനും ടൈസണുമായി ബന്ധപ്പെട്ടവരും സംഭവത്തില്‍ പ്രതികരിച്ചിട്ടില്ല.

എന്നാല്‍, യാത്രക്കാരന്‍ വീണ്ടും, വീണ്ടും സംസാരിക്കാന്‍ തുനിഞ്ഞതോടെയാണ് ടൈസണ്‍ പ്രകോപിതനായതെന്നും മുഖമടച്ചടി കൊടുത്തതെന്നും സഹയാത്രക്കാര്‍ പറയുന്നു.

പരിചയപ്പെടാന്‍ ആദ്യം എത്തിയ യുവാവിനോട് മൈക്ക് ടൈസണ്‍ സൗഹൃദപരമായാണ് പെരുമാറിയതെന്നും ഒടുവില്‍ ദേഷ്യം തോന്നിയ 55കാരനായ മുന്‍ ബോക്സിംഗ് താരം യുവാവിനോട് തിരികെ സീറ്റിലിരിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ മടങ്ങിയില്ലെന്നും ഇതേതുടര്‍ന്നാണ് ഇയാളെ ഇടിച്ചതെന്നും ചില സഹയാത്രക്കാര്‍ പറഞ്ഞു.

സമാനമായ വാര്‍ത്തകള്‍ മൈക്ക് ടൈസണെ കേന്ദ്രീകരിച്ച് ഇതിനുമുമ്പും ഉണ്ടായിട്ടുണ്ട്. ഇടിക്കൂട്ടില്‍വെച്ച് ഇന്‍ഡന്‍ ഹോളിഫില്‍ഡിന്റെ ചെവി കടിച്ചെടുത്തും അക്രമോല്‍സുകനായി പെരുമാറിയതിനുമെല്ലാം ടൈസണ്‍ നടപടി നേരിട്ടിരുന്നു. കൊക്കെയ്ന്‍ ഉപയോഗത്തിനും ടൈസണെ കോടതി ശിക്ഷിച്ചിട്ടുണ്ട്.