വെല്‍ഫെയര്‍ പാര്‍ട്ടിയ്ക്കകത്ത് അയിത്തവും കടുത്ത ജാതീയതയും; രാജിയിലേയ്ക്ക് നയിച്ച വിഭാഗീയതയുടെ കാരണങ്ങള്‍ വെളിപ്പെടുത്തി ദളിത് നേതാക്കള്‍
dalit atrocities
വെല്‍ഫെയര്‍ പാര്‍ട്ടിയ്ക്കകത്ത് അയിത്തവും കടുത്ത ജാതീയതയും; രാജിയിലേയ്ക്ക് നയിച്ച വിഭാഗീയതയുടെ കാരണങ്ങള്‍ വെളിപ്പെടുത്തി ദളിത് നേതാക്കള്‍
ജംഷീന മുല്ലപ്പാട്ട്
Thursday, 27th June 2019, 7:30 pm

മതേതര ജനാധിപത്യ പാര്‍ട്ടി എന്ന മുദ്രാവാക്യമുയര്‍ത്തി പ്രവര്‍ത്തനം ആരംഭിച്ച വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ നിന്നും ദളിത് നേതാക്കള്‍ കൂട്ടമായി കൊഴിഞ്ഞു പോകുന്നു. പാര്‍ട്ടിയുടെ പ്രധാന ചുമതല വഹിക്കുന്ന ദളിത് നേതാക്കളും പ്രവര്‍ത്തകരുമാണ് പാര്‍ട്ടിയിലെ ദളിത് വിരുദ്ധതയില്‍ പ്രതിഷേധിച്ച് രാജിവെച്ചത്. 11 പ്രവര്‍ത്തകര്‍ പാലക്കാട് ജില്ലയില്‍ നിന്ന് രാജിവെച്ചെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ യുവജന വിദ്യാര്‍ഥി പ്രസ്ഥാനമായ ഫ്രറ്റേണിറ്റി ദേശീയ വെസ് പ്രസിഡന്റും പാര്‍ട്ടിയുടെ പാലക്കാട് ജില്ലാ എക്‌സിക്യൂട്ടീവ് മെമ്പറുമായ പ്രദീപ് നെമ്മാറ, ജില്ലാ ജനറല്‍ സെക്രട്ടറി അജിത് കൊല്ലങ്കോട് തുടങ്ങിയവര്‍ രാജിവെച്ചവരില്‍ ഉള്‍പ്പെടുന്നു. കൂടാതെ സംസ്ഥാന തലത്തിലുള്ള കൂടുതല്‍ ദളിത് നേതാക്കള്‍ വരും ദിവസങ്ങളില്‍ രജിവെച്ചേക്കാമെന്നും ഇവര്‍ പറയുന്നു.

ദളിത്-മുസ്‌ലീം ഐക്യം എന്ന ആശയം ഉയര്‍ത്തിപ്പിടിച്ച് 2011ലാണ് ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ വെല്‍ഫെയര്‍ പാര്‍ട്ടി രൂപം കൊള്ളുന്നത്. കഴിഞ്ഞ എട്ടു വര്‍ഷത്തോളമായി കേരളത്തിലെ മുസ്ലീം ദളിത് ആദിവാസി മേഖലയില്‍ ‘പ്രകടമായ ഇടപെടലുകള്‍’ നടത്തിയിട്ടുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്നും എന്തുകൊണ്ടാണ് ദളിത് വിരുദ്ധത അനുഭവിച്ച്, അത് തുറന്നു പറഞ്ഞ് ഒരു കൂട്ടം ആളുകള്‍ പുറത്തുപോകുന്നത് എന്നത് രാഷ്ട്രീയമായി തന്നെ പരിശോധിക്കേണ്ടതുണ്ട്.

പാര്‍ട്ടിക്കകത്തെ ദളിതര്‍ സാമുദായികമായി സംഘടിക്കാന്‍ നോക്കിയതു കൊണ്ടാണ് പ്രവര്‍ത്തകരെ സസ്‌പെന്റ് ചെയ്തതെന്നും പിന്നീട് അവര്‍ രാജിവെക്കുകയായിരുന്നു എന്നുമാണ് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പറഞ്ഞത്. ജനാധിപത്യ പാര്‍ട്ടിയാണെന്ന് അവകാശപ്പെടുന്ന വെല്‍ഫെയര്‍ പാര്‍ട്ടിക്കകത്ത് ദളിതര്‍ സാമുദായികമായി സംഘടിക്കാന്‍ പാടില്ല എന്ന് പറയുന്നത് സംഘടനയുടെ ധാര്‍ഷ്ഠ്യവും ജനാധിപത്യ വിരുദ്ധവുമാണെന്ന് ആര്‍ക്കും മനസ്സിലാക്കാവുന്നതാണ്. ഇതുതന്നെയാണ് പുറത്തു വന്നവരും
പറയുന്നത്. സംഘടനക്കകത്ത്, ഭൂരിപക്ഷമുള്ള ജമാഅത്തെ ഇസ്‌ലാമിക്കാരുടെ ജനാധിപത്യ വിരുദ്ധമായ ഭരണമാണെന്ന് പാര്‍ട്ടി വിട്ട് പുറത്തുവന്നവര്‍ പറയുന്നു. ഭൂരിപക്ഷത്തിന്റെ ഭരണം മാത്രമാണ് ജനാധിപത്യമെന്ന് ധരിക്കരുത് എന്ന, വെല്‍ഫയര്‍ പാര്‍ട്ടിയുടെ പ്രഖ്യാപിത നയത്തെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന സമീപനം തന്നെയാണ് സംഘടന സ്വീകരിച്ചുവരുന്നത് എന്നും ഇവര്‍ പറയുന്നു.

കഴിഞ്ഞ കുറച്ച് മാസങ്ങളിലായി ദളിത് വരുദ്ധത പാര്‍ട്ടിയില്‍ ശക്തി പ്രാപിച്ചു വരികയാണെന്നും ഇതിനെതിരെ ചോദ്യം ഉയര്‍ത്തുന്നവരെ പുറത്താക്കുന്ന സമീപനമാണ് പാര്‍ട്ടി സ്വീകരിക്കുന്നതെന്നുമാണ് രാജിവെച്ചവര്‍ പറയുന്നത്. പാര്‍ട്ടിക്കകത്തെ ദളിതരെ സ്വത്വ രാഷ്ട്രീയം പറയാന്‍ അനുവദിക്കുന്നില്ലെന്നും ജനാധിപത്യപരമായ അവകാശങ്ങള്‍ പോലും അനുവദിച്ചു തരുന്നില്ലെന്നുമാണ് പ്രദീപ് നെമ്മാറ പറയുന്നത്.

‘2015ല്‍ വെല്‍ഫെയര്‍ പാര്‍ട്ടിയിലേയ്ക്ക് കടന്നു വരുമ്പോള്‍ ഞാന്‍ പ്രതീക്ഷിരുന്നത് വെല്‍ഫെയര്‍ പാര്‍ട്ടി സ്വത്വരാഷ്ട്രീയം പറയാന്‍ പറ്റുന്ന, ദളിത് മുസ്ലീം രാഷ്ട്രീയം പറയാന്‍ പറ്റുന്ന പ്ലാറ്റ്ഫോം ആണെന്നാണ്. പാലക്കാട് ജില്ലയില്‍ 10 ദളിത് പ്രവര്‍ത്തകര്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു പോയിരുന്നു. ആ പത്തു പേരുമായിട്ട് യാതൊരുവിധ ഇടപഴകലും പാടില്ല. അത് സംഘടനാ വിരുദ്ധമാണെന്നാണ് പാര്‍ട്ടി പറഞ്ഞത്. അതില്‍ എന്റെ സഹോദരനും ഉണ്ട്. എന്റെ സഹോദരനോട് പോലും ഇടപഴകാന്‍ പാടില്ല എന്ന് പറയുന്നത് മനുഷ്യത്വരഹിതമായിട്ടാണ് ഞാന്‍
കാണുന്നത്. ഇവര്‍ രോഹിത് വെമുലയുടെ രാഷ്ട്രീയത്തെക്കുറിച്ച് പറയുന്നു, സാമൂഹിക നീതിയെക്കുറിച്ച് പറയുന്നു, എന്നാല്‍ എന്നെപ്പോലെയുള്ള ദളിതരായിട്ടുള്ള ആളുകള്‍ക്ക് പാര്‍ട്ടിക്കകത്ത് സാമൂഹിക നീതിയില്ല. സ്വത്വരാഷ്ട്രീയം പറയാന്‍ കഴിയുന്നില്ല.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കകത്തുണ്ടായ പ്രശ്‌നങ്ങളാണ് ഇപ്പോഴുണ്ടായിട്ടുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണം. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കേരള ദളിത് പാന്തേഴ്സ് (കെ.ഡി.പി) സജി ചെറിയാന് പിന്തുണ നല്‍കിയിരുന്നു. കെ.ഡി.പിയുടെ നേതാക്കള്‍ തന്നെയാണ് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ നേതാക്കളും. സജി ചെറിയാനു വേണ്ടി വോട്ടു ചോദിച്ചു എന്നത് അച്ചടക്ക നടപടി ആയിട്ടാണ് പാര്‍ട്ടി വിലയിരുത്തുന്നത്. ഇതിനെതിരെ ഒരു കത്ത് പാര്‍ട്ടി പ്രസിഡന്റിനു കൊടുക്കുന്നത് എങ്ങനെയാണ് സംഘടനാ വിരുദ്ധവും വിഭാഗീയപരവുമാകുന്നത് എന്ന് എനിക്ക് മനസ്സിലാവുന്നില്ല.

പിന്നെ പാര്‍ട്ടിക്ക് പുറത്തു പോകുന്ന ആളുകളെ പാര്‍ട്ടി വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ വ്യക്തിഹത്യ നടത്തുകയാണ്. ഉദാഹരണത്തിന് പാര്‍ട്ടിയില്‍ നിന്നും 10 പേര് രാജിവച്ചു പോയപ്പോള്‍ പാര്‍ട്ടി ഗ്രൂപ്പിനകത്ത് പറഞ്ഞത് ‘പുരപ്പുറത്തുണ്ടായിരുന്ന അഴുക്കുകളെല്ലാം മഴ പെയ്തപ്പോള്‍ പോയി, ഇനി നല്ല വീട്ടില്‍ താമസിക്കാം എന്നാണ്’. ഇത് പറയുമ്പോള്‍ അവര്‍ വെളിവാക്കുന്നത് അവര്‍ക്ക് ദളിതരോടുള്ള മാനസികാവസ്ഥയാണ്. അങ്ങനെ പോലും മനസില്‍ കാണുന്ന ആളുകളോട് ഒരിക്കല്‍ പോലും രാഷ്ടീയമായി യോജിച്ചു പോകാന്‍ പറ്റില്ല എന്നാണ് എനിക്ക് തോന്നുന്നത്. അതുകൊണ്ടാണ് രാജിവെച്ചതും’. പ്രദീപ് ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

ഈ വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലത്തിനോട് ചോദിച്ചപ്പോള്‍ ലഭിച്ച മറുപടി വെല്‍ഫെയര്‍ പാര്‍ട്ടി സ്വത്വ രാഷ്ട്രീയത്തിന് എതിരാണെന്നാണ്. ‘വേറെ ആരും ദളിതരുടെ വിമോചനത്തിനോ അവരുടെ രക്ഷയ്ക്ക് വേണ്ടിയോ ചെല്ലേണ്ടതില്ല എന്നതാണ് സ്വത്വ രാഷ്ട്രീയത്തിന്റെ പ്രശ്‌നം. ദളിതര്‍ ദളിതരായി സംഘടിക്കുക എന്ന രാഷ്ട്രീയത്തോട് വെല്‍ഫെയര്‍ പാര്‍ട്ടി എതിരാണ്,’ ഹമീദ് വാണിയമ്പലം ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

ദളിത് സ്വത്വം ഉയര്‍ത്തിപ്പിടിച്ച് ഒരു ജനാധിപത്യ പാര്‍ട്ടിയില്‍ ആളുകള്‍ പ്രവര്‍ത്തിക്കുന്നതില്‍ എന്ത് ജനാധിപത്യ വിരുദ്ധതയാണുള്ളത്. സ്വത്വ രാഷ്ട്രീയത്തിന് ഇത്രയും പ്രശ്‌നങ്ങള്‍ കാണുന്ന വെല്‍ഫെയര്‍ പാര്‍ട്ടിക്ക് പിന്നെ എങ്ങനെയാണ് ദളിത്, ആദിവാസി സമൂഹങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്നത്. ഇനി അങ്ങനെ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ത്തന്നെ അത് തീര്‍ത്തും രാഷ്ട്രീയ ലാഭത്തിനു വേണ്ടിയാണെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു.

‘പാര്‍ട്ടിയില്‍ നിന്നും പോകുമ്പോള്‍ അവര്‍ക്ക് പൊതുജനത്തിനിടയില്‍ ആക്സെസ് കിട്ടാന്‍ പറയാന്‍ പറ്റിയ ഒരു കാരണമാണ് ജാതി വിരുദ്ധത. അത് അവര്‍ സ്ഥാപിക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ എന്തുകൊണ്ടാണ് അവര്‍ പോയതെന്ന് ഞങ്ങള്‍ വെളിപ്പെടുത്തും. ഇപ്പോള്‍ ഞങ്ങള്‍ അത് വെളിപ്പെടുത്താന്‍ ഉദ്ധേശിക്കുന്നില്ല. കാരണം ഇവര്‍ ഒറ്റപ്പെട്ട വ്യക്തികളാണ്. ദളിത് എന്ന് പറയുന്നത് ഒരു സമൂഹമാണ്.

ഞങ്ങളുടേത് മതേതര ജനാധിപത്യ പാര്‍ട്ടിയാണ്. ഈ പാര്‍ട്ടിക്കകത്ത് സാമുദായിക വിഭാഗീയത ഉണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ കണ്ടതുകൊണ്ടാണ് അവരെ സസ്പെന്റു ചെയ്തത്. ഇന്ത്യന്‍ ഭരണഘടന വെച്ചുകൊണ്ടും സാമൂഹിക നീതി വെച്ചുകൊണ്ടും രാഷ്ട്രീയമായാണ് അഡ്രസ് ചെയ്യേണ്ടത്. അതാണു ഞങ്ങളുടെ ഒരു ലൈന്‍. ഇതിനകത്ത് പ്രശ്‌ന പരിഹാരത്തിനും സ്വത്വ രാഷ്ട്രീയം വര്‍ക്ക് ചെയ്തു വരുമ്പോള്‍ അത് ഒരു സെക്കുലര്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് അംഗീകരിക്കാന്‍ കഴിയില്ല’- ഹമീദ് വാണിയമ്പലം ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

ദളിത് ആദിവാസി സ്വത്വങ്ങളെ, അവരുടെ പ്രശ്‌നങ്ങളെ രാഷ്ട്രീയ ലാഭത്തിനു വേണ്ടി പാര്‍ട്ടി ഉപയോഗപ്പെടുത്തുന്നതായി പാര്‍ട്ടി വിട്ടുപോയ അജിത് കൊല്ലങ്കോട് ഡൂള്‍ ന്യൂസിനോട് പറഞ്ഞു. പാലക്കാട് ജില്ലയായിരുന്നു അജിത്തിന്റെ പ്രവര്‍ത്തന മണ്ഡലം. ജില്ലയിലെ ദളിത് കോളനികളിലും സാധാരണക്കാര്‍ക്കിടയിലും പാര്‍ട്ടിക്ക് വേരുണ്ടാക്കാന്‍ ദളിത് പ്രവര്‍ത്തകരുടെ സ്വത്വത്തെ വെല്‍ഫയര്‍ പാര്‍ട്ടി ഉപയോഗപ്പെടുത്തുകയായിരുന്നു എന്ന് അജിത് പറയുന്നു. സ്വത്വരാഷ്ട്രീയത്തിന് എതിരായ ഒരു പാര്‍ട്ടി തങ്ങളുടെ സ്വത്വത്തെ രാഷ്ട്രീയ ലാഭത്തിനു വേണ്ടി ഉപയോഗപ്പെടുത്തുകയായിരുന്നു എന്ന് ഒരു മുന്‍ പ്രവര്‍ത്തകന്‍ വിളിച്ചു പറയുമ്പോള്‍ അതിനെ തള്ളിക്കളയാന്‍ പറ്റില്ല. അത് കേരളത്തിന്റെ പൊതു മണ്ഡലത്തില്‍ ചര്‍ച്ചയാവേണ്ടതുണ്ട്.

‘ ദലിതര്‍ക്ക് സാമൂഹിക നീതി എന്നൊക്കെ അവര്‍ പറയുമെങ്കിലും സംഘടനയ്ക്കകത്ത് യാതൊരു സാമൂഹിക നീതിയുമില്ല. ജമാഅത്തെ ഇസ്‌ലാമിക്ക് പുറത്ത് നിന്നുള്ള മറ്റ് മുസ്‌ലിം വിഭാഗക്കാര്‍ അതിനകത്ത് വരുന്നില്ല. ദളിത് കോളനികളില്‍ അരിയും പച്ചക്കറിയുമെല്ലാം കൊണ്ടുപോയി കൊടുത്ത് അവിടെ സ്വീകാര്യത നേടിയെടുക്കണമെന്ന് അവര്‍ക്കുണ്ട്. അതിനവര്‍ക്ക് ദളിതരെ ആവശ്യവുമുണ്ട്. അത്തരം ഉപകരണങ്ങള്‍ മാത്രമായാണ് പലപ്പോഴും അവര്‍ ദളിത് നേതാക്കളെ കണക്കാക്കുന്നത്. നേരിട്ട് ഇത്തരം സ്ഥലങ്ങളില്‍ ചെന്ന് പ്രവര്‍ത്തിക്കാന്‍ മടിയുള്ളവരാണ് ബാക്കിയുള്ളവര്‍. ബഹുഭൂരിപക്ഷവും സവര്‍ണ മനോഭാവമുള്ളവരുമാണ്.

ദളിത് ആദിവാസി മുസ്‌ലിം ഏകോപനത്തിന്റെ രാഷ്ട്രീയം നിരന്തരം പൊതുവേദികളില്‍ സംസാരിക്കുകയും എന്നാല്‍ ആന്തരികമായി വലിയ രീതിയിലുള്ള ജാതിവിവേചനം നിലനിര്‍ത്തുകയും ചെയ്യുകയാണ് വെല്‍ഫെയര്‍ പാര്‍ട്ടിയും അതിന്റെ ഉന്നത നേതൃത്വവും. പൊതുവില്‍ രാഷ്ട്രീയ വേദികളില്‍ ബഹുസ്വരതയ്ക്ക് വേണ്ടി ദളിത് നേതാക്കളെ ഇരുത്തുകയും എന്നാല്‍ ഗൗരവമുള്ള ഒരു കാര്യത്തിനും ഞങ്ങളെ അടുപ്പിക്കാതിരിക്കുകയും ചെയ്യുന്ന സ്ഥിതിയാണുള്ളത്. തീരുമാനങ്ങളെടുക്കുന്ന ഒരു കമ്മിറ്റിയിലും ഞങ്ങള്‍ ഉണ്ടാകാറില്ല. പക്ഷേ, തീരുമാനങ്ങള്‍ അവതരിപ്പിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുന്ന യോഗങ്ങളിലും വേദികളിലും ഞങ്ങളെ ഇരുത്തും”- അജിത് ഡൂള്‍ ന്യൂസിനോട് പറഞ്ഞു. ദളിത് നേതാക്കളോട് ജമാഅത്തെ ഇസ്‌ലാമി നേതാക്കള്‍ കാണിക്കുന്ന ഈ തൊട്ടുകൂടായ്മ ഒരര്‍ഥത്തില്‍ പുതിയ കാലത്തെ അയിത്തം തന്നെയാണ്.

 

ഫ്രറ്റേണിറ്റി പ്രസ്ഥാനമോ എസ്.ഡി.പി.ഐ പോലുള്ള പ്രസ്ഥാനങ്ങളോ വെല്‍ഫെയര്‍ പാര്‍ട്ടി പോലുള്ള പ്രസ്ഥാനമോ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയമായ ആശയം എത്രമാത്രം പൊള്ളയാണെന്ന് തെളിയിക്കുന്നതാണ് ദളിത് പ്രവര്‍ത്തകരുടെ രാജിയെന്ന് ചിന്തകനും എഴുത്തുകാരനുമായ സണ്ണി എം കപിക്കാട് പറഞ്ഞു. ദളിത് മുസ്‌ലിം ഐക്യമെന്ന മുദ്രാവാക്യങ്ങള്‍ നേരിടുന്ന രാഷ്ട്രീയമായ പ്രതിസന്ധിയാണ് രാജി സൂചിപ്പിക്കുന്നതെന്നും സണ്ണി എം കപിക്കാട് ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

‘ഞാന്‍ വളരെ നേരത്തെ പറയുന്നൊരു കാര്യമുണ്ട്. തുല്ല്യ സ്റ്റാറ്റസില്‍ വ്യത്യസ്ത വിഭാഗങ്ങള്‍ തമ്മിലുള്ള രാഷ്ട്രീയ സഖ്യമേ സാധ്യമാകൂ എന്ന്. അതല്ലാത്ത ഏതൊരിടപാടും പാടില്ല. മറിച്ചാണെങ്കില്‍ ഈ പറയുന്ന അവഗണനയും ഏറ്റവും അവസാനം അപമാനിക്കപ്പെട്ട് പുറത്ത് പോകലുമൊക്കെയായിരിക്കും ഫലം. ദളിതരും മുസ്‌ലിങ്ങളും മാത്രമല്ല എല്ലാ വിഭാഗങ്ങളും തമ്മിലും രാഷ്ട്രീയ സഖ്യമേ സാധ്യമാകൂ.

ഇവര്‍ ഏതൊക്കെ വിഭാഗങ്ങളോടാണ് നീതി പുലര്‍ത്തിയിട്ടുള്ളത?്. മത്സ്യതൊഴിലാളികളോട് നീതി പുലര്‍ത്തിയിട്ടുണ്ടോ? ആദിവാസികളോട് നീതി പുലര്‍ത്തിയിട്ടുണ്ടോ? പറ്റില്ല. അതാണ് നമ്മള്‍ ആലോചിക്കേണ്ടത്. എന്തുകൊണ്ട് ഇവര്‍ക്ക് ഇത് കഴിയാതെ പോകുന്നു എന്നത് തന്നെയാണ് ആലോചിക്കേണ്ടത്. അല്ലാതെ അവരെ ഏകപക്ഷീയമായി കുറ്റപ്പെടുത്താനോ പുറന്തള്ളപ്പെടേണ്ടവര്‍ ആണെന്ന് പറയാനോ ഞാന്‍ തയ്യാറല്ല. ചര്‍ച്ച ചെയ്യണം. തുറന്നു ചര്‍ച്ച ചെയ്യണം.

തുല്ല്യ സ്റ്റാറ്റസും വ്യത്യസ്ത വിഭാഗങ്ങള്‍ തമ്മിലുള്ള രാഷ്ട്രീയ സഖ്യവും ആയിരിക്കണം പുതിയ ജനാധിപത്യ പ്രസ്ഥാനത്തിന്റെ മുഖമുദ്ര. എന്നുപറഞ്ഞാല്‍ നയരൂപീകരണത്തില്‍ പോലും എല്ലാ വിഭാഗങ്ങള്‍ക്കും ഇടപെടാന്‍ കഴിയുന്നത് വരെയുള്ള ജനാധിപത്യ സമീപനം ഈ കാര്യത്തില്‍ വേണം. അല്ലാതെ അവര്‍ തീരുമാനം എടുത്തുകൊണ്ട് വന്നിട്ട് ഇതാണ് തീരുമാനം എന്ന് പറയുന്ന പഴയ ശൈലി സാധ്യമല്ല’- സണ്ണി എം കപിക്കാട് പ്രതികരിച്ചു.

ഇത് ഞങ്ങളുടെ പാര്‍ട്ടിയാണ് നിങ്ങള്‍ ഞങ്ങളുടെ പണിക്കാരാണ്, ഞങ്ങള്‍ പറയുന്നത് കേട്ടാല്‍ മതി എന്ന സമീപനമാണ് വെല്‍ഫെയര്‍ പാര്‍ട്ടി ദളിതരോട് വെച്ചുപുലര്‍ത്തുന്നതെന്ന് മുതിര്‍ന്ന പ്രവര്‍ത്തകനും (പേര് വെളിപ്പെടുത്താന്‍ താല്‍പ്പര്യമില്ല, പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു) പറഞ്ഞു. ബഹുസ്വരത വേണമെന്നാഗ്രഹിക്കുന്ന ഒരു പാര്‍ട്ടിയില്‍, ബഹുസ്വരതയ്ക്കുവേണ്ടി മാത്രം മറ്റുള്ള മതത്തിലുള്ളവരെ കണ്ടെത്തുന്നു. എന്നിട്ട് ആ ബഹുസ്വരതയുള്ള സമൂഹത്തിലെ ദുര്‍ബലരായ ദളിത് വിഭാഗത്തില്‍പ്പെട്ടയാളുകളോട് മോശമായ പെരുമാറ്റവും സമീപനവുമാണ് വെല്‍ഫെയര്‍ പാര്‍ട്ടി സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘ 1998 മുതല്‍ എനിക്ക് ജമാഅത്തെ ഇസ്‌ലാമിയുമായി ബന്ധമുണ്ട്. കുറച്ചു കൊല്ലങ്ങളായി് നമുക്കു യോജിക്കാന്‍ പറ്റാത്ത കുറേ രീതികള്‍ പാര്‍ട്ടിയുടെ ഭാഗത്തു നിന്ന് കാണാന്‍ സാധിക്കുന്നുണ്ട്. ഇത്രയും വര്‍ഷത്തെ ബന്ധമുള്ളതുകൊണ്ട് ഇതെനിക്ക് അബദ്ധം പറ്റിയെന്നുള്ള തോന്നലാണോ എന്നൊക്കെ ഞാന്‍ ചിന്തിച്ചിരുന്നു. എന്നാല്‍ അതല്ല എന്ന് പിന്നീട് മനസ്സിലായി. നമ്മുടെ ആത്മാഭിമാനത്തെ മുറിപ്പെടുത്തുന്ന, സംശയത്തോടെ നോക്കിക്കാണുന്ന, ഒരു രീതിയും പെരുമാറ്റവുമൊക്കെ ഉണ്ടായിത്തുടങ്ങി. കടുത്ത അവഗണനയും അനുഭവപ്പെടാന്‍ തുടങ്ങി. തുടര്‍ന്നാണ് രാജി വെക്കുന്നത്. ഒരു യാത്രയിലാണ് മറ്റുള്ളവര്‍ക്കും പ്രശ്‌നമുള്ളതായി അറിയുന്നത്. അല്ലാതെ എനിക്കൊരു പ്രശ്‌നമുണ്ട്, നിങ്ങളും കൂടെ വാ എന്ന് ഞാനും അജിത്തേട്ടനും പ്രദീപും ആരും പറഞ്ഞിട്ടില്ല. എന്റെ 22 വര്‍ഷം ഇപ്പോള്‍ നഷ്ടപ്പെട്ടതിനു തുല്യമാണ്’- മുതിര്‍ന്ന പ്രവര്‍ത്തകന്‍ പറയുന്നു.

വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം ആയിരുന്ന മാഗ്ലിന്‍ ഫിലോമിന, സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന പ്രേമാ ജി പിഷാരടി, ബി.ജെ.പിയില്‍ ചേര്‍ന്ന കെ.ജി മോഹനന്‍, മത്തായി മാസ്റ്റര്‍, പി.വി വിജയ രാഘവന്‍, സംസ്ഥാന സെക്രട്ടറി ജോസഫ് അങ്ങനെ നിരവധി ആളുകള്‍ പാര്‍ട്ടിയുടെ ജനാധിപത്യ വിരുദ്ധതയില്‍ പ്രതിഷേധിച്ച് നേരത്തെ രാജിവെച്ചവരാണ്.

ദളിത് മുസ്‌ലിം ഐക്യമെന്ന രാഷ്ട്രീയ മുദ്രാവാക്യം പൊതുജനത്തിന് മുമ്പില്‍ വെക്കുമ്പോള്‍ അതില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് ഇപ്പോള്‍ രാജിവെച്ചു പോന്നവരെല്ലാം വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ എത്തിയത്. വ്യത്യസ്ത വിഭാഗങ്ങള്‍ തമ്മിലുള്ള രാഷ്ട്രീയ ഐക്യമാണ് ജനാധിപത്യ വ്യവസ്ഥിതിയില്‍ സാധ്യമാകേണ്ടത് എന്നിരിക്കെ തമ്മില്‍ ഭേദം വെല്‍ഫെയര്‍ പാര്‍ട്ടിയെന്ന നിലപടെടുത്തവരാണ് ഇവര്‍. എന്നാല്‍ ദളിതരേയും മുസ്‌ലിങ്ങളേയും ആദിവാസികളേയും സംരക്ഷിച്ചു കൊണ്ട് അവരുടെ ഏജന്‍സി ഏറ്റെടുക്കുന്ന സമീപനമാണ് വെല്‍ഫെയര്‍ പാര്‍ട്ടി സ്വീകരിച്ചു പോകുന്നത്.

പാര്‍ട്ടിക്കകത്തെ ജനാധിപത്യ വിരുദ്ധതയും ദളിത് വിരുദ്ധതയും ആരോപിച്ച് വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ നിന്നും പുറത്തുവരുന്നവര്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങളെ രാഷ്ട്രീയമായിത്തന്നെ തുറന്നു ചര്‍ച്ച ചെയ്യണം. ദലിത്, ആദിവാസി വിഭാഗങ്ങള്‍ക്കും ഇതര പിന്നാക്ക സമുദായങ്ങള്‍ക്കും പുരോഗതി സാധ്യമാകും വിധം സാമൂഹിക നീതി സാക്ഷാത്കരിക്കാന്‍ ക്രിയാത്മക നടപടികള്‍ സ്വീകരിക്കുമെന്ന് അവകാശപ്പെട്ടുകൊണ്ട് രൂപീകരിച്ച ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പൊള്ളത്തരങ്ങള്‍ പൊതുസമൂഹത്തില്‍ വെളിവാകേണ്ടതുണ്ട്. കാരണം സാമൂഹിക നീതിയിലും സമത്വത്തിലും ജനാധിപത്യത്തിലും എല്ലാവരും തുല്യരാണ്.

 

ജംഷീന മുല്ലപ്പാട്ട്
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം , ടൂറിസം ന്യൂസ് ലൈവ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം