ടെഹ്‌റാൻ: മുൻ യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ സർക്കാരിലെ ഇറാൻ വിരുദ്ധ മുഖമായിരുന്ന റോബർട്ട് മാലിയുടെ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഹാക്ക് ചെയ്തതായി ഹന്തല എന്ന ഹാക്കർ ഗ്രൂപ്പ്.
ജോ ബൈഡന്റെ ഉപദേശകനും ഇറാന്റെ പ്രത്യേക പ്രതിനിധിയുമായിരുന്ന റോബർട്ട് മാലിയുടേതായി ഏകദേശം ഒന്നര ലക്ഷത്തോളം രേഖകൾ തങ്ങളുടെ വെബ്‌സൈറ്റിലൂടെ പുറത്തുവിട്ടതായി ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ ഗ്രൂപ്പ് അറിയിച്ചു.
അതീവ രഹസ്യമായ ഇമെയിലുകൾ, എക്സ് പ്ലാറ്റ്‌ഫോമിലെ സ്വകാര്യ ചാറ്റുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇറാന് മേൽ അമേരിക്ക സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയതിലും അത് നടപ്പിലാക്കിയതിലും ഇസ്രഈലിനുള്ള പങ്ക് തെളിയിക്കുന്ന രേഖകൾ പക്കലുണ്ടെന്ന് ഗ്രൂപ്പ് പറഞ്ഞു.
പേർഷ്യൻ ഗൾഫിലെ അറബ് രാജ്യങ്ങൾക്ക് മാലിയുമായും അദ്ദേഹത്തിന്റെ സംഘവുമായും ഉള്ള സഹകരണത്തിന്റെ തെളിവുകളും ഈ രേഖകളിലുണ്ട്. ഇറാനെതിരായുള്ള സൈനിക പദ്ധതിയുടെ ഏജന്റുകളായി ഈ രാജ്യങ്ങൾ മാറിയെന്നും ഹാക്കർ ഗ്രൂപ്പ് ആരോപിക്കുന്നു. ബൈഡൻ ഭരണകൂടത്തിന് കീഴിൽ ഉപരോധങ്ങളിലൂടെ ഇറാനുമേൽ സാമ്പത്തിക സമ്മർദ്ദം വർധിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയായിരുന്നു റോബർട്ട് മാലി.
മാലി രൂപകല്പന ചെയ്ത ഉപരോധങ്ങളെ അടിസ്ഥാനമാക്കിയാണ് നിലവിലെ യു.എസ് ഭരണകൂടവും ഇറാനുമേൽ സമ്മർദ്ദം ചെലുത്തുന്നതും രാജ്യത്തിനകത്ത് ജനരോഷം സൃഷ്ടിക്കാൻ ശ്രമിക്കുന്നതും.
ഫെബ്രുവരി അവസാനത്തോടെ ഇറാന് നേരെ അമേരിക്കയും ഇസ്രഈലും ആരംഭിച്ച ആക്രമണങ്ങൾക്ക് പിന്നാലെ ഹന്തല തങ്ങളുടെ ഹാക്ടിവിസ്റ്റ് (hacktivist) പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ഏപ്രിൽ 8 ന് നിലവിൽ വന്ന വെടിനിർത്തലിന് ശേഷവും അമേരിക്കയുടെയും ഇസ്രഈലിന്റെയും അവരുടെ പ്രാദേശിക സഖ്യകക്ഷികളുടെയും പ്രധാന സൈബർ ഇൻഫ്രാസ്ട്രക്ചറുകൾക്ക് നേരെ ഗ്രൂപ്പ് ആക്രമണം തുടരുകയാണ്.