ആണ്ടിലൊന്നോ രണ്ടോ നല്ല കളി കളിക്കും പിന്നെ വെറും അബദ്ധമാകും; ഇന്ത്യയുടെ ഡബിള്‍ സെഞ്ചൂറിയനെതിരെ മുന്‍ സെലക്ടര്‍
Sports News
ആണ്ടിലൊന്നോ രണ്ടോ നല്ല കളി കളിക്കും പിന്നെ വെറും അബദ്ധമാകും; ഇന്ത്യയുടെ ഡബിള്‍ സെഞ്ചൂറിയനെതിരെ മുന്‍ സെലക്ടര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 3rd February 2023, 4:34 pm

ഇന്ത്യന്‍ യുവതാരം ഇഷാന്‍ കിഷനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരവും സെലക്ടറുമായിരുന്ന സാബാ കരീം. ഇഷാന്‍ കിഷന് സ്ഥിരതയാര്‍ന്ന പ്രകടനം ഒരിക്കല്‍പ്പോലും കാഴ്ചവെക്കാന്‍ സാധിക്കുന്നില്ലെന്നും അക്കാരണമൊന്നുകൊണ്ടാണ് താരത്തിന് ടീമില്‍ സ്ഥിരമായി അവസരം ലഭിക്കാത്തതെന്നുമാണ് സാബാ കരീം പറയുന്നത്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ തിളങ്ങാനായി കണ്‍സിസ്റ്റന്‍സി ആവശ്യമാണെന്നും ആ കാര്യത്തില്‍ ശ്രദ്ധിക്കാനും സാബാ കരീം ഇഷാന്‍ കിഷനോടാവശ്യപ്പെട്ടു.

ഇന്ത്യ ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സാബാ കരീം ഇക്കാര്യം പറഞ്ഞത്.

‘കരിയറില്‍ ഇതാദ്യമായല്ല അവന്‍ പരാജയപ്പെടുന്നത്. 2021ലെ ഐ.സി.സി ടി-20 ലോകകപ്പിന് മുമ്പ് അവന്‍ മികച്ച രീതിയില്‍ റണ്‍സ് സ്‌കോര്‍ ചെയ്തിരുന്നു. എന്നാല്‍ അവന് ലോകകപ്പില്‍ ആ പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചില്ല. ഇക്കാരണം കൊണ്ടാണ് അവന് അന്നും ഇന്നും സ്ഥിരമായി അവസരം ലഭിക്കാത്തത്,’ അദ്ദേഹം പറഞ്ഞു.

‘അവന്‍ അവന്റെ വികാരങ്ങളെയും ഷോട്ട് സെലക്ഷനും കളിയോടുള്ള മനോഭാവവും നിയന്ത്രിച്ചു നിര്‍ത്തണം. ആറ് മാസത്തിലൊരിക്കല്‍ മാത്രം ഒരു മികച്ച ഇന്നിങ്‌സ് കളിക്കുന്നു, പിന്നെ പരാജയമാകുന്നു. നിങ്ങള്‍ക്ക് അവസരം ലഭിക്കുകയാണെങ്കില്‍ ആ അവസരം കൃത്യമായി തന്നെ വിനിയോഗിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കണം,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡിസംബറില്‍ ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടിയ ശേഷം നടന്ന ഏകദിന പരമ്പരയില്‍ ഇഷാന്‍ കിഷന്‍ ടീമിന്റെ ഭാഗമായിരുന്നില്ല. ശ്രീലങ്കക്കെതിരെ നടന്ന ഏകദിനത്തിലായിരുന്നു താരം ടീമിന് പുറത്തായത്.

അതിന് ശേഷം നടന്ന ഇന്ത്യ-ന്യൂസിലാന്‍ഡ് ഏകദിന പരമ്പരയിലും താരത്തിന് തിളങ്ങാന്‍ സാധിച്ചിരുന്നില്ല.

പരമ്പരയിലെ ആദ്യ മത്സരത്തില്‍ 14 പന്തില്‍ നിന്നും അഞ്ച് റണ്‍സ് മാത്രമാണ് നേടിയത്. പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഒമ്പത് പന്തില്‍ നിന്നും പുറത്താവാതെ എട്ട് റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. ഹോല്‍കര്‍ സ്‌റ്റേഡിയത്തില്‍ വെച്ച് നടന്ന മൂന്നാം മത്സരത്തിലും താരത്തിന് മികച്ച പ്രകടനം കാഴ്ച വെക്കാന്‍ സാധിച്ചില്ല.

ഏകദിന പരമ്പരക്ക് പുറമെ ടി-20 പരമ്പരയിലും താരം വമ്പന്‍ പരാജയമായിരുന്നു.

ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയായ ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയാണ് ഇനി ഇഷാന്‍ കിഷന് മുമ്പിലുള്ളത്. റിഷബ് പന്തിന്റെ അഭാവത്തില്‍ മധ്യനിരയില്‍ മികച്ച ഹാര്‍ഡ് ഹിറ്റര്‍മാര്‍ ആവശ്യമുണ്ട് എന്ന കാരണത്താലാണ് ഇഷാനെയും സൂര്യകുമാറിനെയും ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

 

Content Highlight: Former selector Saba Karim slams Ishan Kishan