ഏകദിനത്തില്‍ വിരാട് കോഹ്‌ലിയുടെയും രോഹിത് ശര്‍മയുടെയും ഭാവിയെ കുറിച്ച് മുന്‍ പാക് നായകന്‍ റാഷിദ് ലത്തീഫ്. ഇരുവരും 2027 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ സ്ഥാനം അര്‍ഹിക്കുന്നുണ്ടെന്ന് മുന്‍ പാക് നായകന്‍ പറഞ്ഞു. ഇരുവരെയും കളിപ്പിക്കാന്‍ സാധിക്കില്ലെങ്കില്‍ ഒരാള്‍ക്കെങ്കിലും അവസരം നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘2027 ഏകദിന ലോകകപ്പിന് ഇനിയും സമയമുണ്ട്. ടീമുകള്‍ എത്ര ഏകദിനങ്ങള്‍ കളിക്കുമെന്ന് കണ്ടറിയേണ്ടതുണ്ട്. തീര്‍ച്ചയായും സീനിയര്‍ താരങ്ങള്‍ ടീമിന്റെ ഭാഗമാകാന്‍ അര്‍ഹതയുള്ളവരാണ്. എന്നാല്‍ എല്ലാവരെയും ഒന്നിച്ച് ടീമിന്റെ ഭാഗമാക്കാന്‍ സാധിക്കാത്ത സാഹചര്യങ്ങളുണ്ട്.
മികച്ച ടാലന്റുണ്ടായിട്ടും അത് വേണ്ട പോലെ പുറത്തെടുത്തിട്ടും അവസരം ലഭിക്കാതെ പോകുന്ന നിരവധി താരങ്ങളുണ്ട്. യശസ്വി ജെയ്‌സ്വാള്‍ അതിന് വളരെ മികച്ച ഉദാഹരണമാണ്.
വിരാടിനെയും രോഹിത്തിനെയും ടീമില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുന്നില്ലെങ്കില്‍ ചുരുങ്ങിയത് ഒരാള്‍ക്കെങ്കിലും അവസരം നല്‍കുക,’ റാഷിദ് ലത്തീഫ് ഐ.എ.എന്‍.എസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ മൂന്നാം ഏകദിനത്തില്‍ ഇരുവരും പുറത്തെടുത്ത മാച്ച് വിന്നിങ് ഇന്നിങ്‌സിനെ കുറിച്ചും റാഷിദ് ലത്തീഫ് പറഞ്ഞു. മത്സരത്തില്‍ രോഹിത് 121 റണ്‍സും വിരാട് പുറത്താകാതെ 74 റണ്‍സും നേടി. ഇരുവരുടെയും കരുത്തില്‍ ഇന്ത്യ 273 റണ്‍സിന്റെ വിജയലക്ഷ്യം അനായാസം മറികടന്നു.
സെഞ്ച്വറിക്ക് പിന്നാലെ രോഹിത്തിനെ കളിയിലെ താരമായും പരമ്പരയിലെ താരമായും തെരഞ്ഞെടുത്തു.
‘ഇരുവരും വളരെ മികച്ച താരങ്ങളാണ്. ഇന്ത്യയ്ക്കായി മത്സരങ്ങള്‍ വിജയിപ്പിക്കാന്‍ അവര്‍ക്ക് സാധിക്കും. ഏറെ കാലത്തിന് ശേഷം അവര്‍ തിരികെ വരികയും ഇന്ത്യയ്ക്കായി മൂന്നാം മത്സരം വിജയിപ്പിക്കുകയും ചെയ്തു.
ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഇപ്പോഴും കളിക്കുന്നുണ്ട്. വിരാടും രോഹിത്തും ഇന്ത്യയുടെ മെസിയും റൊണാള്‍ഡോയുമാണ്,’ റാഷിദ് ലത്തീഫ് കൂട്ടിച്ചേര്‍ത്തു.
Content Highlight: Former Rashid Latif says Virat Kohli and Rohit Sharma are the Messi and Ronaldo of India