സൂപ്പര്‍ താരങ്ങളായ മെസി, നെയ്മര്‍, എംബാപ്പെ ത്രയത്തിനെതിരെ പരോക്ഷ വിമര്‍ശനവുമായി മുന്‍ പി.എസ്.ജി പരിശീലകന്‍ ക്രിസ്റ്റഫെ ഗാള്‍ട്ടിയര്‍. ലോകത്തിലെ മികച്ച താരങ്ങള്‍ ഒന്നിച്ചാല്‍ ഒരു മികച്ച ടീം ഉണ്ടാകുമെന്ന് ഉറപ്പില്ലെന്നായിരുന്നു ഗാള്‍ട്ടിയറിന്റെ പരാമര്‍ശം. മെസി-നെയ്മര്‍-എംബാപ്പെ ത്രയത്തെ വിമര്‍ശിച്ച ഗാള്‍ട്ടിയര്‍ നിലവിലെ ടീമിനെ പ്രശംസിക്കുകയും ചെയ്തു.
ഒ ജോഗോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഗാള്‍ട്ടിയര്‍ ഇക്കാര്യം പറഞ്ഞത്. 2022-23 സീസണില്‍ പാരീസ് ക്ലബ്ബിന്റെ പരിശീലകനായ അദ്ദേഹത്തിന് ലോകോത്തര താരങ്ങളുടെ സേവനം ഒന്നിച്ച് ലഭിച്ചിട്ടും ടീമിനെ യൂറോപ്യന്‍ കിരീടത്തിലേക്കെത്തിക്കാന്‍ സാധിച്ചിരുന്നില്ല.
‘എനിക്ക് അറിയാവുന്ന കാര്യങ്ങള്‍ മുന്‍നിര്‍ത്തി പറയുകയാണെങ്കില്‍ ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളായിരുന്നു എനിക്കുണ്ടായിരുന്നത്. എന്നാല്‍ ലോകത്തിലെ മികച്ച താരങ്ങള്‍ക്ക് ഒരു മികച്ച ടീമായി മാറാനായില്ല.
(പി.എസ്.ജിക്ക്) ഇപ്പോഴുള്ളത് വളരെ മികച്ച ടീമാണ്. ഹൈ ഇന്റന്‍സിറ്റിയില്‍ കിലോ മീറ്ററുകളോളം ഗ്രൗണ്ടില്‍ കുതിച്ചുപായാന്‍ പോന്നവരാണ് ടീമിലുള്ളത്.
ടീമിലെ എല്ലാവര്‍ക്കും ഒരുപോലെ ആക്രമിച്ചുകളിക്കാനും പ്രതിരോധിക്കാനുമുള്ള കഴിവുണ്ട്. ഇങ്ങനെയെങ്കില്‍ മാത്രമേ നമുക്ക് ചാമ്പ്യന്‍സ് ലീഗ് നേടാനുള്ള അവസരമുള്ളൂ. ഇത് വളരെ മികച്ച ഒരു ടീമാണ്,’ ഗാള്‍ട്ടിയര്‍ പറഞ്ഞു.
ഗാള്‍ട്ടിയറിന് കീഴില്‍ കാര്യമായ മുന്നേറ്റങ്ങളുണ്ടാക്കാന്‍ പി.എസ്.ജിക്ക് സാധിച്ചിരുന്നില്ല. മുന്നേറ്റത്തിലെ സൂപ്പര്‍ ത്രയത്തിന് പുറമെ സെര്‍ജിയോ റാമോസ്, വിറ്റിന്‍ഹ തുടങ്ങിയ മികച്ച താരങ്ങളും പി.എസ്.ജിക്കൊപ്പമുണ്ടായിരുന്നു.
എന്നാല്‍ സീസണില്‍ റൗണ്ട് ഓഫ് സിക്സ്റ്റീനില്‍ ബയേണ്‍ മ്യൂണിക്കിനോട് 3-0 എന്ന അഗ്രഗേറ്റ് സ്‌കോറിന് പി.എസ്.ജി തോറ്റുപുറത്താവുകയായിരുന്നു. പാര്‍ക് ഡെസ് പ്രിന്‍സസില്‍ എതിരില്ലാത്ത ഒരു ഗോളിനും അലയന്‍സ് അരീനയില്‍ എതിരില്ലാത്ത രണ്ട് ഗോളിനുമായിരുന്നു പി.എസ്.ജിയുടെ പരാജയം.
എന്നാല്‍ ഗാള്‍ട്ടിയറിന് കീഴില്‍ ലീഗ് വണ്‍ കിരീടവും ട്രോഫി ഡെസ് ചാമ്പ്യന്‍സ് (Trophée des Champions) കീരീടവും പി.എസ്.ജി നേടിയിട്ടുണ്ട്.
അതേസമയം, ഈ സീസണില്‍ ചാമ്പ്യന്‍സ് ട്രോഫിയുടെ കലാശപ്പോരാട്ടത്തിനൊരുങ്ങുകയാണ് പാരീസ് സെന്റ് ജെര്‍മെയ്ന്‍. ഇത് രണ്ടാം തവണയാണ് ടീം കലാശപ്പോരാട്ടത്തിന് യോഗ്യത നേടുന്നത്.
സെമി ഫൈനലില്‍ ആഴ്‌സണലിനെ 3-1 എന്ന അഗ്രഗേറ്റ് സ്‌കോറിന് തകര്‍ത്താണ് പി.എസ്.ജി ഫൈനലിലെത്തിയത്.
ഞായറാഴ്ച പുലര്‍ച്ചെ 12.30ന് നടക്കുന്ന മത്സരത്തില്‍ ഇറ്റാലിയന്‍ കരുത്തരായ ഇന്റര്‍ മിലാനാണ് എതിരാളികള്‍. സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണയെ 7-6 എന്ന അഗ്രഗേറ്റ് സ്‌കോറിനാണ് ബ്ലൂ ആന്‍ഡ് ബ്ലാക്‌സ് തകര്‍ത്തുവിട്ട് കിരീടപ്പോരാട്ടത്തിന് ടിക്കറ്റെടുത്തത്.
മ്യൂണിക്കിലെ അലയന്‍സ് അരീനയില്‍ നടക്കുന്ന മത്സരത്തില്‍ ചാമ്പ്യന്‍സ് ലീഗ് കിരീടമണിയുന്ന ചരിത്രത്തിലെ രണ്ടാം ഫ്രഞ്ച് ടീമാകാനാണ് പി.എസ്.ജി ഒരുങ്ങുന്നത്.
Content Highlight: Former PSG coach Christophe Galtier criticize Lionel Messi, Neymar and Kylian Mbappe