നെതന്യാഹുവിനെ താഴെയിറക്കാൻ മുൻ പ്രധാനമന്ത്രിമാർ ഒന്നിക്കുന്നു; ബെനറ്റും ലാപിഡും ചേർന്ന് പുതിയ സഖ്യം രൂപീകരിച്ചു
World
നെതന്യാഹുവിനെ താഴെയിറക്കാൻ മുൻ പ്രധാനമന്ത്രിമാർ ഒന്നിക്കുന്നു; ബെനറ്റും ലാപിഡും ചേർന്ന് പുതിയ സഖ്യം രൂപീകരിച്ചു
മുഹമ്മദ് നബീല്‍
Tuesday, 28th April 2026, 11:07 am

ടെൽ അവീവ്: ഈ വർഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ബെഞ്ചമിൻ നെതന്യാഹുവിന്റെ സർക്കാരിനെ പുറത്താക്കുക എന്ന ലക്ഷ്യത്തോടെ മുൻ ഇസ്രഈൽ പ്രധാനമന്ത്രിമാരായ നഫ്താലി ബെനറ്റും യെയർ ലാപിഡും ചേർന്ന് സഖ്യം രൂപീകരിച്ചു.

ഒക്ടോബർ അവസാനത്തോടെ നടക്കേണ്ട തെരഞ്ഞടുപ്പിൽ പ്രതിപക്ഷ നിരയെ ശക്തിപ്പെടുത്തുന്നതിനും വിജയസാധ്യത വർധിപ്പിക്കുന്നതിനുമായി വലതുപക്ഷക്കാരനായ ബെനറ്റും മധ്യപക്ഷക്കാരനായ ലാപിഡും തങ്ങളുടെ പാർട്ടികളായ ബെനറ്റ് 2026, ‘യേഷ് അതിദ്’ എന്നിവ ലയിപ്പിച്ച് ‘ടുഗദർ ലെഡ് ബൈ ബെനറ്റ്’ എന്ന മുന്നണിക്ക് രൂപം നൽകിയതായി അറിയിച്ചു.

‘രാജ്യത്തിന് വേണ്ടി ഞങ്ങൾ ഇതുവരെ ചെയ്തതിൽ വെച്ച് ഏറ്റവും വലിയ സയണിസ്റ്റ് – ദേശസ്നേഹ നടപടിയാണിത്, വിഭജനത്തിന്റെ കാലം അവസാനിച്ചു’ ബെനറ്റ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

‘ഞങ്ങളുടെ കുട്ടികൾക്ക് വേണ്ടിയാണ് ഞങ്ങൾ ഇവിടെ ഒന്നിച്ച് നിൽക്കുന്നത്, ഇസ്രഈൽ രാജ്യം അതിന്റെ ദിശ മാറ്റേണ്ടതുണ്ട്,’ ലാപിഡ് കൂട്ടിച്ചേർത്തു.

നെതന്യാഹുവിന്റെ ഏറ്റവും ശക്തരായ രാഷ്ട്രീയ എതിരാളികളായി അറിയപ്പെടുന്ന ഇവർ മുൻപും കൈകോർത്തിട്ടുണ്ട്. 2021 ലെ തെരഞ്ഞെടുപ്പിന് ശേഷം വലതുപക്ഷ, മധ്യപക്ഷ, ഇടതുപക്ഷ പാർട്ടികളെ ഉൾപ്പെടുത്തി മാറ്റത്തിന്റെ സർക്കാർ (government of change) എന്ന പേരിൽ ഒരു സഖ്യം രൂപീകരിച്ച് നെതന്യാഹുവിന്റെ 12 വർഷത്തെ ഭരണത്തിന് അന്ത്യം കുറിച്ചിരുന്നു. എന്നാൽ ഈ സഖ്യത്തിന് കുറഞ്ഞ കാലം മാത്രമേ ആയുസ്സുണ്ടായിരുന്നുള്ളൂ.

മൻസൂർ അബ്ബാസിന്റെ നേതൃത്വത്തിലുള്ള അറബ് പാർട്ടിയായ റാം (Ra’am) ഈ സഖ്യത്തിൽ ഉൾപ്പെട്ടിരുന്നു. ഇസ്രഈലിലെ ഫലസ്തീൻ ന്യൂനപക്ഷത്തെ പ്രതിനിധീകരിക്കുന്ന ഒരു പാർട്ടി ഭരണസഖ്യത്തിന്റെ ഭാഗമാകുന്നത് ചരിത്രത്തിൽ ആദ്യമായിരുന്നു. എന്നാൽ 2022 നവംബറിലെ തെരഞ്ഞെടുപ്പിൽ വിജയിച്ച് നെതന്യാഹു വീണ്ടും അധികാരത്തിൽ തിരിച്ചെത്തുകയായിരുന്നു.

തങ്ങളുടെ പാർട്ടികളെ ഔദ്യോഗികമായി ലയിപ്പിക്കാതെ ഒരു മുന്നണിയായി മത്സരിക്കാനാണ് ഈ കൂട്ടുകെട്ടിന്റെ തീരുമാനം. അറബ് വിഭാഗങ്ങളെ ഒഴിവാക്കി സയണിസ്റ്റ് പ്രതിപക്ഷ പാർട്ടികളുമായി ചേർന്ന് മാത്രമേ സർക്കാർ രൂപീകരിക്കുകയുള്ളൂ എന്ന് ഇരു പാർട്ടികളുടെ നേതാക്കളും വ്യക്തമാക്കിയിട്ടുണ്ട്.

തന്റെ സർക്കാർ അധികാരത്തിൽ വന്നാൽ നിർബന്ധിത സൈനിക സേവന നിയമം കൊണ്ടുവരുമെന്നും, സൈനിക സേവനത്തിൽ നിന്ന് ഒഴിഞ്ഞുമാറുന്നവർക്ക് ധന സഹായങ്ങൾ നൽകില്ലെന്നും, പ്രധാനമന്ത്രി പദത്തിന് എട്ട് വർഷത്തെ കാലാവധി നിശ്ചയിക്കുമെന്നും ബെനറ്റ് പറഞ്ഞു.

Content Highlight: Former prime ministers unite to take down Netanyahu; Bennett and Lapid form new coalition

 

 

 

 

മുഹമ്മദ് നബീല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം