ഇന്ത്യയുടെ തോല്‍വിക്ക് പിന്നില്‍ അവനാണ്; വിമര്‍ശിച്ച് മുന്‍ താരങ്ങള്‍
Cricket
ഇന്ത്യയുടെ തോല്‍വിക്ക് പിന്നില്‍ അവനാണ്; വിമര്‍ശിച്ച് മുന്‍ താരങ്ങള്‍
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 28th January 2023, 1:55 pm

ന്യൂസിലാന്‍ഡിതിരായ ആദ്യ ടി-20യില്‍ ഇന്ത്യയെ 21 റണ്‍സിനാണ് സന്ദര്‍ശകര്‍ തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യക്ക് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സാണ് നേടാനായത്. ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ 1-0ന് ന്യൂസിലാന്‍ഡ് മുന്നിലെത്തി.

ആദ്യ ടി-20യില്‍ ഇന്ത്യന്‍ ടീമിന് എവിടെയാണ് പിഴവ് പറ്റിയതെന്നും പരാജയത്തിന്റെ പ്രധാന കാരണമെന്താണെന്നും ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഇപ്പോള്‍ മുന്‍ പാകിസ്ഥാന്‍ വിക്കറ്റ് കീപ്പറും ഓപ്പണറുമായ കമ്രാന്‍ അക്മല്‍. മത്സരത്തെക്കുറിച്ച് തന്റെ യൂട്യൂബ് ചാനലിലൂടെ വിശകലനം നടത്തുകയായിരുന്നു അദ്ദേഹം.

യുവ പേസര്‍ അര്‍ഷ്ദീപ് സിങ്ങെറിഞ്ഞ 20ാമത്തെ ഓവറാണ് മത്സരം ഇന്ത്യയില്‍ നിന്നും കൈവിട്ടു പോവാനുള്ള പ്രധാന കാരണമെന്ന് കമ്രാന്‍ അക്മല്‍ പറഞ്ഞു. 27 റണ്‍സാണ് അര്‍ഷ്ദീപ് അവസാന ഓവറില്‍ വഴങ്ങിയത്. ഇതാണ് കിവികളെ ആറ് വിക്കറ്റിന് 176 റണ്‍സെന്ന വെല്ലുവിളിയുയര്‍ത്തുന്ന ടോട്ടലില്‍ എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.

മുന്‍ ഇന്ത്യന്‍ താരങ്ങളായ സഞ്ജയ് ബംഗറും മുഹമ്മദ് കൈഫും അര്‍ഷ്ദീപിന്റെ ബൗളിങ് ശൈലിയിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരുന്നു. അര്‍ഷ്ദീപിന്റേത് മോശം പ്രകടനമായിരുന്നെന്നും വൈഡ് യോര്‍ക്കറുകള്‍ എറിഞ്ഞ് പ്രശസ്തി നേടിയ താരമാണ് അദ്ദേഹമെന്നും പറഞ്ഞ ബംഗാര്‍ റാഞ്ചിയില്‍ കൂടുതലും സ്ലോട്ടിലാണ് അര്‍ഷ്ദീപ് പന്തെറിഞ്ഞതെന്നും ചൂണ്ടിക്കാട്ടി.

അതേസമയം ലോങ്ങ് റണ്‍ അപ്പ് എടുത്ത് ഊര്‍ജം പാഴാക്കുകയാണ് അര്‍ഷ്ദീപ് എന്നും നല്ല ബൗളറായിട്ടുകൂടി അനാവശ്യമായി ആംഗിള്‍ മാറ്റുകയാണ് അദ്ദേഹം ചെയ്തതെന്നും കൈഫ് പറഞ്ഞു.

മത്സരത്തില്‍ സൂര്യ 34 പന്തില്‍ 47 റണ്‍സ് എടുത്തപ്പോള്‍ പാണ്ഡ്യ 20 പന്തില്‍ വെറും 21 റണ്‍സുമായി മടങ്ങി. 28 പന്തില്‍ 50 റണ്‍സെടുത്ത വാഷിങ്ടണിന്റെ പോരാട്ടമാണ് തോല്‍വി ഭാരം കുറച്ചത്. ഓപ്പണര്‍മാരായ ശുഭ്മന്‍ ഗില്‍ ഏഴും ഇഷാന്‍ കിഷന്‍ നാലും മൂന്നാമന്‍ രാഹുല്‍ ത്രിപാഠി പൂജ്യത്തിലും മടങ്ങി.

നേരത്തെ മൂന്ന് ഓവര്‍ എറിഞ്ഞ പാണ്ഡ്യ 33ഉം നാല് ഓവറില്‍ അര്‍ഷ്ദീപ് 51ഉം ഉമ്രാന്‍ മാലിക് ഒരോവറില്‍ 16ഉം ശിവം മാവി രണ്ട് ഓവറില്‍ 19ഉം റണ്‍സ് വഴങ്ങി. വാഷിങ്ടണ്‍ 22ന് രണ്ടും കുല്‍ദീപ് 20ന് ഒന്നും വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ദീപക് ഹൂഡ രണ്ട് ഓവറില്‍ 14 റണ്‍സേ വിട്ടുകൊടുത്തുള്ളൂ.

Content Highlights: Former players criticizes Arshdeep singh