| Thursday, 14th August 2025, 5:38 pm

ഇന്ത്യ നാണംകെടുത്തും, ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരെ പിന്‍മാറണേ എന്നാണ് എന്റെ പ്രാര്‍ത്ഥന: മുന്‍ പാക് താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യാ കപ്പില്‍ തങ്ങള്‍ക്കെതിരായ മത്സരത്തില്‍ നിന്നും ഇന്ത്യ പിന്‍മാറാന്‍ പ്രാര്‍ത്ഥിക്കുന്നതായി മുന്‍ പാക് സൂപ്പര്‍ താരം ബാസിത് അലി. പാകിസ്ഥാന്റെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ വമ്പന്‍ തോല്‍വിക്ക് പിന്നാലെയാണ് ബാസിത് അലി ഇക്കാര്യം പറയുന്നത്.

വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സില്‍ ചെയ്തതുപോലെ ഇന്ത്യ പാകിസ്ഥാനെതിരായ മത്സരത്തില്‍ നിന്നും പിന്‍മാറണെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നായിരുന്നു ബാസിത് അലി പറഞ്ഞത്. ഇന്ത്യ പാകിസ്ഥാനെ പടുകൂറ്റന്‍ തോല്‍വിയിലേക്ക് തള്ളിയിടുമെന്നാണ് ബാസിത് അലിയുടെ നിരീക്ഷണം.

‘വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സിലെന്ന പോലെ ഏഷ്യാ കപ്പിലും പാകിസ്ഥാനെതിരായ മത്സരത്തില്‍ കളത്തിലിറങ്ങാന്‍ ഇന്ത്യ വിസമ്മതിക്കണേ എന്നാണ് ഞാന്‍ പ്രാര്‍ത്ഥിക്കുന്നത്. നമുക്ക് ചിന്തിക്കാന്‍ പോലുമാകാത്ത വമ്പന്‍ തോല്‍വിയായിരിക്കും ഇന്ത്യയ്‌ക്കെതിരെ നേരിടേണ്ടി വരിക,’ ദി ഗെയിം പ്ലാന്‍ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

‘നമ്മള്‍ അഫ്ഗാനിസ്ഥാനെതിരെ പരാജയപ്പെട്ടാലും അത്രകണ്ട് പ്രശ്‌നമുണ്ടായേക്കില്ല, എന്നാല്‍ ഇന്ത്യയോട് തോറ്റാല്‍ ഇവിടെയെല്ലാവര്‍ക്ക് ഭ്രാന്ത് പിടിക്കുന്ന അവസ്ഥ വരും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സില്‍ പാകിസ്ഥാന്‍ ചാമ്പ്യന്‍സിനെതിരെ കളത്തിലിറങ്ങാന്‍ ഇന്ത്യ ചാമ്പ്യന്‍സ് വിസമ്മതിച്ചിരുന്നു. ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ഇരുവരും പോയിന്റ് പങ്കുവെക്കുകയും സെമി ഫൈനലില്‍ ഇന്ത്യ ചാമ്പ്യന്‍സ് കളിക്കാതിരുന്നതോടെ ടീം നേരിട്ട് ഫൈനലില്‍ പ്രവേശിക്കുകയും ചെയ്തു.

എന്നാല്‍ ഫൈനലില്‍ എ.ബി ഡി വില്ലിയേഴ്‌സിന്റെ ക്യാപ്റ്റന്‍സിയില്‍ കളത്തിലിറങ്ങിയ സൗത്ത് ആഫ്രിക്ക ചാമ്പ്യന്‍സ് അഫ്രിദിയെയും സംഘത്തെയും പരാജയപ്പെടുത്തി കപ്പുയര്‍ത്തി.

ടൂര്‍ണമെന്റില്‍ ഇത് തുടര്‍ച്ചയായ രണ്ടാം തവണയാണ് പാകിസ്ഥാന്‍ ചാമ്പ്യന്‍സ് ഫൈനലില്‍ പരാജയപ്പെടുന്നത്. ആദ്യ എഡിഷനില്‍ ഇന്ത്യ ചാമ്പ്യന്‍സിനോടായിരുന്നു ടീമിന്റെ പരാജയം.

കിരീടവുമായി ഇന്ത്യ ചാമ്പ്യന്‍സ്

അതേസമയം, സെപ്റ്റംബര്‍ ഒമ്പതിനാണ് ഏഷ്യാ കപ്പ് ആരംഭിക്കുന്നത്. പതിവ് തെറ്റിക്കാതെ ഇന്ത്യയും പാകിസ്ഥാനും ഇത്തവണയും ഒരേ ഗ്രൂപ്പില്‍ തന്നെയാണ്. ഗ്രൂപ്പ് ഘട്ടവും ഫൈനലുമടക്കം മൂന്ന് തവണ ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ വരാനുള്ള സാധ്യതകളുമുണ്ട്.

ഗ്രൂപ്പ് എ

ഇന്ത്യ

ഒമാന്‍

പാകിസ്ഥാന്‍

യു.എ.ഇ

ഗ്രൂപ്പ് ബി

അഫ്ഗാനിസ്ഥാന്‍

ബംഗ്ലാദേശ്

ഹോങ് കോങ്

ശ്രീലങ്ക

ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍

സെപ്റ്റംബര്‍ 9 – അഫ്ഗാനിസ്ഥാന്‍ vs ഹോങ് കോങ് – അബുദാബി

സെപ്റ്റംബര്‍ 10 – ഇന്ത്യ vs യു.എ.ഇ- ദുബായ്

സെപ്റ്റംബര്‍ 11 – ഹോങ് കോങ് vs ബംഗ്ലാദേശ് – അബുദാബി

സെപ്റ്റംബര്‍ 12 – പാകിസ്ഥാന്‍ vs ഒമാന്‍ – ദുബായ്

സെപ്റ്റംബര്‍ 13 – ബംഗ്ലാദേശ് vs ശ്രീലങ്ക – അബു ദാബി

സെപ്റ്റംബര്‍ 14 – ഇന്ത്യ vs പാകിസ്ഥാന്‍ – ദുബായ്

സെപ്റ്റംബര്‍ 15 – യു.എ.ഇ vs ഒമാന്‍ – അബുദാബി

സെപ്റ്റംബര്‍ 15 – ശ്രീലങ്ക vs ഹോങ് കോങ് – ദുബായ്

സെപ്റ്റംബര്‍ 16 – ബംഗ്ലാദേശ് vs അഫ്ഗാനിസ്ഥാന്‍ – അബുദാബി

സെപ്റ്റംബര്‍ 17 – പാകിസ്ഥാന്‍ vs യു.എ.ഇ – ദുബായ്

സെപ്റ്റംബര്‍ 18 – ശ്രീലങ്ക vs അഫ്ഗാനിസ്ഥാന്‍ – അബുദാബി

സെപ്റ്റംബര്‍ 19 – ഇന്ത്യ vs ഒമാന്‍ – അബുദാബി

Content Highlight: Former Pakistan cricketer Basit Ali says  he is praying India refuse to play us in Asia Cup.

We use cookies to give you the best possible experience. Learn more