| Sunday, 12th December 2021, 10:31 am

രാഷ്ടീയ പകപോക്കലിനായി സ്ഥലം മാറ്റിയ നടപടി അംഗീകരിക്കാന്‍ കഴിയില്ല; അട്ടപ്പാടിയിലെ ഡോ. പ്രഭുദാസിനെ മാറ്റിയതില്‍ ചെന്നിത്തല

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: അട്ടപ്പാടിയില്‍ ശിശു മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ആരോഗ്യമന്ത്രിക്കെതിരെ പരസ്യ വിമര്‍ശനം നടത്തിയ ട്രൈബല്‍ ഹെല്‍ത്ത് നോഡല്‍ ഓഫിസറും കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യലിറ്റി ആശുപത്രി സൂപ്രണ്ടുമായ ഡോ. പ്രഭുദാസിനെ സ്ഥലം മാറ്റിയത് ശരിയായ നടപടിയല്ലെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

തെറ്റുകള്‍ ചൂണ്ടിക്കാട്ടിയ സ്വീകാര്യതയുള്ള ഡോക്ടറെ മാറ്റിയതിലൂടെ സര്‍ക്കാര്‍ തെറ്റായ സന്ദേശമാണ് നല്‍കിയത്. സത്യസന്ധരായ ഉദ്യോഗസ്ഥരെ രാഷ്ടീയ പകപോക്കലിന് വിധേയമാക്കി സ്ഥലം മാറ്റിയ നടപടി ഒട്ടും അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

അട്ടപ്പാടിയിലെ ആദിവാസികള്‍ക്ക് ഏറെ സ്വീകാര്യനായ ഡോ. പ്രഭുദാസിനെ സ്ഥലമാറ്റിയ നടപടി തെറ്റാണ്. ഏറെക്കാലം അട്ടപ്പാടിയില്‍ ജോലി ചെയ്യുകയും പ്രദേശത്തെ ആദിവാസികള്‍ക്ക് ഏറെ സ്വീകാര്യനുമായ പ്രഭുദാസിനെ മാറ്റിയത് ശരിയായ നടപടിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, മലപ്പുറം തിരൂരങ്ങാടി താലൂക്ക് ആശുപത്രി സൂപ്രണ്ടായാണ് ഡാ. പ്രഭുദാസിനെ സ്ഥലം മാറ്റിയത്. പട്ടാമ്പി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. മുഹമ്മദ് അബ്ദുല്‍ റഹ്മാനാണ് കോട്ടത്തറ ആശുപത്രിയുടെ പുതിയ സൂപ്രണ്ട്.

ഭരണ സൗകര്യാര്‍ഥമാണ് സ്ഥലംമാറ്റമെന്നാണ് ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നത്. അട്ടപ്പാടിയില്‍ ശിശുമരണം വിവാദമായിരിക്കെ ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. പ്രഭുദാസിനെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചിരുന്നു.

അന്നുതന്നെ ആരോഗ്യവകുപ്പ് ജില്ലാ ഉദ്യോഗസ്ഥരെ പോലും അറിയിക്കാതെ മന്ത്രി വീണാ ജോര്‍ജ് അട്ടപ്പാടിയില്‍ പരിശോധനയ്‌ക്കെത്തിയതാണു പ്രഭുദാസിനെ ചൊടിപ്പിച്ചത്.

പ്രതിപക്ഷ നേതാവ് എത്തും മുന്‍പ് എത്താനുള്ള വ്യഗ്രത കൊണ്ടാണ് ആരോഗ്യമന്ത്രി അട്ടപ്പാടിയില്‍ എത്തിയതെന്നും അവിടത്തെ കാര്യങ്ങള്‍ താനാണു മന്ത്രിയോടു പറയേണ്ടിയിരുന്നതെന്നും പ്രഭുദാസ് തുറന്നടിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: Former Opposition Leader Ramesh Chennithala has said that relocating Dr. Prabhudas is not the right thing to do 

We use cookies to give you the best possible experience. Learn more