| Friday, 29th May 2026, 9:29 pm

തുര്‍ക്കിയും ഈജിപ്തും ഇസ്രഈലിന്റെ അടുത്ത സൈനിക ലക്ഷ്യങ്ങള്‍; മുന്നറിയിപ്പുമായി മുന്‍ ചാരന്‍ ജോനാഥന്‍ പൊള്ളാര്‍ഡ്

ആദര്‍ശ് എം.കെ.

ടെല്‍ അവീവ്: ഇറാനുമായുള്ള ഏറ്റുമുട്ടലിന് ശേഷം ഇസ്രഈലിന്റെ അടുത്ത സൈനിക ലക്ഷ്യങ്ങള്‍ തുര്‍ക്കിയും ഈജിപ്തുമായിരിക്കുമെന്ന് മുന്‍ ഇസ്രഈലി ചാരന്‍ ജോനാഥന്‍ പൊള്ളാര്‍ഡ്.

മേഖലയില്‍ ഒരു വലിയ യുദ്ധത്തിന് ഇസ്രഈല്‍ തയ്യാറെടുക്കണമെന്നും വരാനിരിക്കുന്നത് വലിയൊരു കൊടുങ്കാറ്റാണെന്നും ഇയാള്‍ മുന്നറിയിപ്പ് നല്‍കി.

ഇറാനുമായുള്ള പോരാട്ടത്തിന് ശേഷം ഇസ്രഈല്‍ തുര്‍ക്കിയുമായും ഈജിപ്തുമായും യുദ്ധം ചെയ്യേണ്ടി വരുമെന്ന് പൊള്ളാര്‍ഡ് പറയുന്നു.

‘ഇറാനികളുമായി കാര്യങ്ങള്‍ എളുപ്പമായത് പോലെ തുര്‍ക്കികളുമായി എളുപ്പമാകുമെന്ന് എനിക്ക് ഉറപ്പില്ല,’ അദ്ദേഹം പറഞ്ഞു. തുര്‍ക്കിയുടെ തലസ്ഥാനമായ അങ്കാറയെ ഇസ്രഈലിന്റെ പുതിയ തന്ത്രപ്രധാന ശത്രുവായും ‘പുതിയ ഇറാനായും’ മുന്‍ ചാരന്‍ വിശേഷിപ്പിച്ചു.

സിറിയയില്‍ തുര്‍ക്കിയുടെ പിന്തുണയുള്ള താത്കാലിക സര്‍ക്കാര്‍ തെക്കന്‍ മേഖലകളുടെ നിയന്ത്രണം പിടിച്ചെടുക്കുന്നതിനെതിരെയുള്ള മുന്നറിയിപ്പും ജോനാഥന്‍ പൊള്ളാര്‍ഡ് നല്‍കി. ഇത് തുര്‍ക്കി സൈന്യത്തെ ഇസ്രഈല്‍ അതിര്‍ത്തിയില്‍ എത്തിക്കുമെന്ന് ഇയാള്‍ ചൂണ്ടിക്കാട്ടി.

ഇസ്രാഈലിന് പുറത്ത് താമസിക്കുന്ന ജൂതന്മാര്‍ തങ്ങള്‍ നിലവില്‍ ജീവിക്കുന്ന രാജ്യത്തേക്കാള്‍ കൂറും വിശ്വസ്തതയും ഇസ്രഈലിനോട് പുലര്‍ത്തണമെന്നും, ഇസ്രഈലിനായി ചാരവൃത്തികള്‍ നടത്താന്‍ തയ്യാറാകണമെന്നും പൊള്ളാര്‍ഡ് ആവശ്യപ്പെട്ടു.

ഗസ ഇസ്രഈലിനോട് കൂട്ടിച്ചേര്‍ക്കണമെന്നും അവിടെ ജൂത കുടിയേറ്റ കേന്ദ്രങ്ങള്‍ സ്ഥാപിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അമേരിക്കന്‍ നാവികസേനയില്‍ ഇന്റലിജന്‍സ് അനലിസ്റ്റായിരിക്കെ ഇസ്രഈലിന് രഹസ്യവിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ പൊള്ളാര്‍ഡ് പിടിക്കപ്പെടുകയും 1987ല്‍ ജയിലിലടയ്ക്കപ്പെടുകയും ചെയ്തിരുന്നു.

30 വര്‍ഷത്തെ തടവിന് ശേഷം 2015-ല്‍ മോചിതനായ ഇദ്ദേഹം 2020ലാണ് ഇസ്രഈലില്‍ എത്തിയത്. ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നേരിട്ടാണ് അദ്ദേഹത്തെ വിമാനത്താവളത്തില്‍ സ്വീകരിച്ചത്. നിലവില്‍ ഇസ്രായേലിലെ വലതുപക്ഷ ഗ്രൂപ്പുകള്‍ക്കിടയില്‍ ഒരു നാഷണല്‍ ഹീറോ പരിവേഷമാണ് പൊള്ളാര്‍ഡിനുള്ളത്.

പൊള്ളാര്‍ഡിന്റെ പ്രസ്താവനകള്‍ ഇസ്രഈലിലെ തീവ്രവലതുപക്ഷ ചിന്താഗതികളുമായി ചേര്‍ന്നുനില്‍ക്കുന്നതാണ്. മുന്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റും തുര്‍ക്കിയെ ഇസ്രായേലിന്റെ പ്രധാന വെല്ലുവിളിയായി വിശേഷിപ്പിച്ചിട്ടുണ്ട്.

തുര്‍ക്കിയും ഈജിപ്തും തമ്മിലുള്ള പുതിയ ധാരണകള്‍ ഇസ്രായേലിന് ചുറ്റും ഒരു ‘സുന്നി വലയം’ (Sunni ring) സൃഷ്ടിക്കുമോ എന്ന ആശങ്ക ഇസ്രഈല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുണ്ട്.

ജനുവരി 2025ല്‍ ഇസ്രഈല്‍ ഗവണ്‍മെന്റ് നിയോഗിച്ച സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും തുര്‍ക്കിയെ ഒരു ‘പുതിയ പ്രാദേശിക ഭീഷണി’യായിട്ടാണ് അടയാളപ്പെടുത്തിയിരിക്കുന്നത്.

Content highlight: Former Israeli spy Jonathan Pollard says Israel’s next military targets after the confrontation with Iran will be Turkey and Egypt.

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more