ടി-20യില്‍ തഴഞ്ഞു ഇപ്പോള്‍ ഏകദിനത്തിലും; സഞ്ജുവിനെ ഒഴിവാക്കി ടീം പ്രഖ്യാപിച്ച് ഇതിഹാസം
Sports News
ടി-20യില്‍ തഴഞ്ഞു ഇപ്പോള്‍ ഏകദിനത്തിലും; സഞ്ജുവിനെ ഒഴിവാക്കി ടീം പ്രഖ്യാപിച്ച് ഇതിഹാസം
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 24th November 2022, 4:43 pm

ന്യൂസിലാന്‍ഡ് പര്യടനത്തിലെ ടി-20 പരമ്പര വിജയത്തിന് പിന്നാലെ ഇന്ത്യ ഏകദിന പരമ്പരക്കും ഒരുങ്ങുകയാണ്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം നവംബര്‍ 25നാണ് നടക്കുന്നത്.

ടി-20 പരമ്പരക്ക് പിന്നാലെ ഏകദിന പരമ്പരയും നേടാനുറച്ചാണ് ഇന്ത്യ ഈഡന്‍ പാര്‍ക്കിലേക്കിറങ്ങുന്നത്. വിരാട് കോഹ്‌ലി, രോഹിത് ശര്‍മ എന്നിവരടക്കമുള്ള സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ച പരമ്പരയില്‍ ധവാനൊപ്പം യുവതാരങ്ങളാണ് ന്യൂസിലാന്‍ഡ് കോട്ട പൊളിക്കാന്‍ ഒരുങ്ങുന്നത്.

ഇന്ത്യ – ന്യൂസിലാന്‍ഡ് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിന് മുമ്പ് തന്റെ പ്ലെയിങ് ഇലവനെ പ്രഖ്യാപിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം വസീം ജാഫര്‍.

ടി-20 പരമ്പരക്ക് സ്‌ക്വാഡ് തെരഞ്ഞെടുത്തതിന് സമാനമായി ഏകദിന പരമ്പരയിലും മലയാളി താരം സഞ്ജു സാംസണെ ഒഴിവാക്കിയാണ് ജാഫര്‍ തന്റെ ഏകദിന ടീമും പ്രഖ്യാപിച്ചിരിക്കുന്നത്.

ധവാന്റെ ഡെപ്യൂട്ടിയായി റിഷബ് പന്തിനെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. വിക്കറ്റ് കീപ്പറുടെ റോളിലും പന്ത് തന്നെയാണ്.

ഈഡന്‍ പാര്‍ക്കിലെ ബൗണ്ടറികള്‍ ചെറുതായതിനാല്‍ സ്‌ക്വാഡില്‍ ഒരു റിസ്റ്റ് സ്പിന്നറെ പോലും ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ജാഫര്‍ വിശദീകരിക്കുന്നു. ലോവര്‍ ഓര്‍ഡര്‍ ബാറ്റര്‍മാര്‍ കാമിയോ ഇന്നിങ്‌സുകള്‍ ഗ്രൗണ്ടില്‍ നിര്‍ണായകമാകുമെന്നും താരം പറയുന്നു.

വസീം ജാഫറിന്റെ പ്ലെയിങ് ഇലവന്‍

ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, ശ്രേയസ് അയ്യര്‍, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍, വൈസ് ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, വാഷിങ്ടണ്‍ സുന്ദര്‍, ഷര്‍ദുല്‍ താക്കൂര്‍, ദീപക് ചഹര്‍, അര്‍ഷ്ദീപ് സിങ്, ഉമ്രാന്‍ മാലിക്.

അതേസമയം, ടി-20 പരമ്പരയില്‍ എന്തുകൊണ്ട് സഞ്ജുവിന് അവസരം നല്‍കിയില്ല എന്നതിന് വിശദീകരണവുമായി പരമ്പരയിലെ നായകന്‍ ഹര്‍ദിക് പാണ്ഡ്യ രംഗത്തെത്തിയിരുന്നു.

സഞ്ജുവിനെ കളിപ്പിക്കാന്‍ തങ്ങള്‍ ആഗ്രഹിച്ചിരുന്നുവെന്നും അവന്റെ കാര്യത്തില്‍ സംഭവിച്ചത് നിര്‍ഭാഗ്യകരമായ സംഭവമാണെന്നുമാണ് ഹര്‍ദിക് പറഞ്ഞത്.

‘ആദ്യം തന്നെ പറയട്ടെ, ഇത് എന്റെ ടീമാണ്. ഏറ്റവും മികച്ചതെന്നു തോന്നുന്ന ടീമിനെയാണ് ഞാനും കോച്ചും തെരഞ്ഞെടുക്കാറുള്ളത്. ഒരുപാട് സമയം ഇനിയുമുണ്ട്. എല്ലാവര്‍ക്കും അവസരം കിട്ടുക തന്നെ ചെയ്യും.

നന്നായി പെര്‍ഫോം ചെയ്യുന്നവര്‍ക്ക് കൂടുതല്‍ അവസരങ്ങളും മുന്നോട്ട് ലഭിക്കും. പക്ഷെ ഇത് ചെറിയ പരമ്പരയായതിനാല്‍ എല്ലാവര്‍ക്കും അവസരം ലഭിക്കുകയെന്നത് ബുദ്ധിമുട്ടാണ്. ഇത് കൂടുതല്‍ മത്സരങ്ങളുള്ള ദൈര്‍ഘ്യമേറിയ പരമ്പരയായിരുന്നെങ്കില്‍ സ്വാഭാവികമായും കൂടുതല്‍ പേരെ ഉള്‍പ്പെടുത്താമായിരുന്നു.

സഞ്ജുവിന്റേത് നിര്‍ഭാഗ്യകരമായ അവസ്ഥയാണ്. ചില തന്ത്രപരമായ കാരണങ്ങളാല്‍ ഞങ്ങള്‍ക്ക് അവനെ കളിപ്പിക്കാന്‍ സാധിച്ചിരുന്നില്ല. സഞ്ജുവടക്കമുള്ള കളിക്കാരുടെ മാനസികാവസ്ഥ മനസിലാക്കുന്നു. ഒരു ക്രിക്കറ്ററെന്ന നിലയില്‍ വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. ആര് എന്തൊക്കെ പറഞ്ഞാലും സഞ്ജു ഇന്ത്യന്‍ ടീമിന്റെ ഭാഗമാണ്.

എനിക്കിപ്പോള്‍ ഭംഗിവാക്കുകളായി എന്തും പറയാം. നേരിടുന്നവര്‍ക്കേ അതിന്റെ ബുദ്ധിമുട്ട് മനസിലാവുകയുള്ളൂ. പക്ഷെ ടീമിനകത്ത് ആരോഗ്യകരമായ അന്തരീക്ഷം സൃഷ്ടിക്കേണ്ടത് അനിവാര്യമാണ്.

കളിക്കാര്‍ക്ക് എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ എന്നോട് നേരിട്ടു വന്ന് സംസാരിക്കാം. അല്ലെങ്കില്‍ കോച്ചുമായി പങ്കുവെക്കാം. ക്യാപ്റ്റനായി ഞാന്‍ തുടര്‍ന്നാല്‍ പ്രശ്നമാകില്ലെന്നാണ് കരുതുന്നത്. കാരണം ടീം ഒറ്റക്കെട്ടാണെന്നും എല്ലാവരും ഒരുമിച്ചാണെന്നും ചിന്തിക്കുന്നയാളാണ് ഞാനെന്നാണ് എന്റെ വിശ്വാസം,’ എന്നായിരുന്നു ഹര്‍ദിക്കിന്റെ വിശദീകരണം.

 

Content Highlight: Former Indian star Wasim Jaffer announces his playing eleven for India vs New Zealand first ODI