രോഹിത്ത് ശര്‍മയുടെ കാര്യത്തില്‍ ഒരിക്കലും അത് ചെയ്യരുതായിരുന്നു; ബി.സി.സി.ഐക്കെതിരെ രൂക്ഷവിമര്‍ശനവുമായി ആര്‍.പി. സിംഗ്
Sports News
രോഹിത്ത് ശര്‍മയുടെ കാര്യത്തില്‍ ഒരിക്കലും അത് ചെയ്യരുതായിരുന്നു; ബി.സി.സി.ഐക്കെതിരെ രൂക്ഷവിമര്‍ശനവുമായി ആര്‍.പി. സിംഗ്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 5th June 2022, 3:46 pm

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കാനിരിക്കുന്ന ടി-20 പരമ്പരയില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ ഉള്‍പ്പെടുത്താത്തതിന് പിന്നാലെ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം ആര്‍.പി. സിംഗ്.

പരമ്പരയില്‍ രോഹിത്തിന് വിശ്രമം അനുവദിച്ച നടപടിയെ ചോദ്യം ചെയ്താണ് താരം രംഗത്തെത്തിയിരിക്കുന്നത്.

രോഹിത്തിന് വിശ്രമം ആവശ്യമില്ലെന്നും അദ്ദേഹം എന്തുതന്നെയായാലും കളിക്കണമെന്നുമായിരുന്നു ആര്‍.പി. സിംഗ് പറഞ്ഞത്.

ഇന്ത്യ ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് ആര്‍,പി സിംഗ് വിമര്‍ശനമുന്നയിച്ചത്.

‘രോഹിത് ശര്‍മ എന്തുതന്നെയായാലും കളിക്കേണ്ടിയിരുന്നു. അദ്ദേഹത്തിന് വിശ്രമം ആവശ്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കാന്‍ പോകുന്നത് ദൈര്‍ഘ്യമേറിയ പരമ്പരയാണ്. ക്യാപ്റ്റനായിരിക്കെ തന്നെ രോഹിത്തിനെ ഒഴിവാക്കാന്‍ പാടില്ലായിരുന്നു,’ ആര്‍.പി. സിംഗ് പറയുന്നു.

പരിക്കുമൂലം രോഹിത് ശര്‍മയക്ക് നേരത്തെ നടന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനവും നഷ്ടമായിരുന്നു.

ഇപ്പോള്‍ കഴിഞ്ഞ ഐ.പി.എല്ലിലും രോഹിത്തിന്റെ പ്രകടനം ശരാശരിക്കും താഴെയായിരുന്നു. 14 മത്സരത്തില്‍ നിന്നും 19.14 ശരാശരിയില്‍ 268 റണ്‍സ് മാത്രമായിരുന്നു രോഹിത് ശര്‍മ നേടിയത്. ഒരു അര്‍ധസെഞ്ച്വറി പോലും സീസണില്‍ രോഹിത്തിന് നേടാന്‍ സാധിച്ചിരുന്നില്ല.

രോഹിത് ശര്‍മ എന്ന ക്യാപ്റ്റന്റെ ഫോമില്ലായ്മ മുംബൈ ഇന്ത്യന്‍സ് എന്ന ടീമിനെയും പ്രകടമായി തന്നെ ബാധിച്ചിരുന്നു. ആറ് തവണ കപ്പുയര്‍ത്തിയ രോഹിത് ശര്‍മയും അഞ്ച് തവണ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും തല താഴ്ത്തിയാണ് സീസണോട് വിടപറഞ്ഞത്.

തുടര്‍ച്ചയായ തോല്‍വിയുടെ എണ്ണത്തിലും തുടര്‍ച്ചയായി സീസണിലെ ആദ്യ കളി തോല്‍ക്കുന്നതുമടക്കം പല മോശം റെക്കോഡുകളും പേറി, പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരായിട്ടായിരുന്നു മുംബൈയുടെ മടക്കം.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ ഉള്‍പ്പെട്ടില്ലെങ്കിലും വരാനിരിക്കുന്ന ടെസ്റ്റ് – ഏകദിന പരമ്പരകളില്‍ രോഹിത് തന്നെയാണ് ക്യാപ്റ്റന്‍. ഈ വര്‍ഷം അവസാനം നടക്കുന്ന ടി-20 ലോകകപ്പിവും രോഹിത് ശര്‍മ തന്നെയാവും ഇന്ത്യന്‍ നിരയെ നയിക്കുക.

 

Content highlight:  Former Indian star  RP Singh questions the decision to rest Rohit Sharma for the South Africa series