ഓസ്‌ട്രേലിയക്കെതിരെയുള്ള മൂന്ന് ഏകദിന മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ സൂപ്പര്‍ താരങ്ങളായി രോഹിത് ശര്‍മയും വിരാാട് കോഹ്‌ലിയും ഇടം നേടിയിരുന്നു. ഇപ്പോള്‍ രോഹിത് ശര്‍മയെ കുറിച്ചും വിരാട് കോഹ്‌ലിയെക്കുറിച്ചും സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സെലക്ടര്‍ ദിലീപ് വെങ്‌സര്‍ക്കാര്‍.
നിലവില്‍ ഏകദിന ക്രിക്കറ്റില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇരു താരങ്ങളും ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷമുള്ള വലിയ ഇടവേളയ്ക്ക് ശേഷമാണ് കളത്തിലിറങ്ങുന്നതെന്നും അതുകൊണ്ടുതന്നെ അവരുടെ ഫിറ്റ്‌നസ് വിലയിരുത്താന്‍ പ്രയാസമാണെന്നും ദിലീപ് പറഞ്ഞു. മാത്രമല്ല രോഹിത്തിന്റെയും വിരാടിന്റെയും മികച്ച റെക്കോഡുകളുടെ അടിസ്ഥാനത്തിലാണ് അവരെ തെരഞ്ഞെടുത്തതെന്നും എന്നാല്‍ അവര്‍ സാധാരണ കളിക്കാരായിരുന്നു എന്നും മുന്‍ സെലക്ടര്‍ കൂട്ടിച്ചേര്‍ത്തു.
‘രോഹിത്തും വിരാടും വര്‍ഷങ്ങളായി മികച്ച കളിക്കാരാണ്, പക്ഷേ ഇപ്പോള്‍ അവര്‍ ഒരു ഫോര്‍മാറ്റില്‍ മാത്രമാണ് കളിക്കുന്നതെങ്കില്‍ സെലക്ടര്‍മാര്‍ ഒരു തീരുമാനം എടുക്കണമെന്ന് ഞാന്‍ കരുതുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് ഇത്രയും നീണ്ട ഇടവേളയ്ക്ക് ശേഷമാണ് അവര്‍ കളത്തിലേക്ക് വരുന്നത്. പ്രത്യേകിച്ച് അവരുടെ ഫോമും ഫിറ്റ്‌നസും കൃത്യമായി വിലയിരുത്താനും പ്രയാസമാണ്.
പതിവ് പോലെയല്ലാതെ, ശരിയായ വിലയിരുത്തല്‍ നടത്താന്‍ പ്രയാസമാണ്. രോഹിത്തിന്റെയും വിരാടിന്റെയും കരിയറിലെ മികച്ച റെക്കോഡുകളുടെ അടിസ്ഥാനത്തിലാണ് അവരെ തെരഞ്ഞെടുത്തത്. അവര്‍ അസാധാരണ കളിക്കാരായിരുന്നു, എല്ലാ ഫോര്‍മാറ്റുകളിലും മത്സരങ്ങള്‍ വിജയിപ്പിച്ചുകൊണ്ട് ഇന്ത്യന്‍ ക്രിക്കറ്റിന് വലിയ സംഭാവനകള്‍ നല്‍കിയിട്ടുമുണ്ട്,’ ദിലീപ് വെങ്സര്‍ക്കാര്‍ മിഡ്-ഡേയില്‍ പറഞ്ഞു.
അതേസമയം രോഹിത് 273 മത്സരങ്ങളില്‍ നിന്ന് 11168 റണ്‍സ് നേടി. 264 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും 48.8 എന്ന ആവറേജുമാണ് താരത്തിനുള്ളത്. മാത്രമല്ല 92.8 എന്ന സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് വീശിയ രോഹിത് 32 സെഞ്ച്വറികളാണാ ഫോര്‍മാറ്റില്‍ നിന്ന് നേടിയത്. മാത്രമല്ല 58 അര്‍ധ സെഞ്ച്വറികളും താരത്തിനുണ്ട്.