2025ലെ ഏഷ്യാ കപ്പിനുള്ള 15 അംഗ സ്‌ക്വാഡിനെ കഴിഞ്ഞ ദിവസമാണ് ഇന്ത്യ പ്രഖ്യാപിച്ചത്. ക്യാപ്റ്റനായി സൂര്യകുമാര്‍ യാദവിനെയും വൈസ് ക്യാപ്റ്റനായി ശുഭ്മന്‍ ഗില്ലിനെയുമാണ് സെലക്ഷന്‍ കമ്മറ്റി തെരഞ്ഞെടുത്തത്. സെപ്റ്റംബര്‍ ഒമ്പതിനാണ് ടൂര്‍ണമെന്റിന് തിരശീല ഉയരുന്നത്.
എന്നാല്‍ മികച്ച ഫോമില്‍ തുടരുന്ന ശ്രേയസ് അയ്യരെയും ഓപ്പണര്‍ യശസ്വി ജെയ്‌സ്വാളിനെയും ഇന്ത്യ സ്‌ക്വാഡില്‍ പരിഗണിച്ചിരുന്നില്ല. ഇതോടെ പല താരങ്ങളും വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ ശ്രേയസ് അയ്യരെ ഇന്ത്യ ഒഴിവാക്കിയതിനെക്കുറിച്ച് എക്‌സില്‍ തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് അസറുദ്ദീന്‍. ‘ശ്രേയസ് സ്‌ക്വാഡില്‍ നിന്ന് പുറത്താണ്. ഇത് വലിയ സര്‍പ്രൈസ് ആണ്’എന്നായിരുന്നു മുന്‍ താരം എഴുതിയത്.
മാത്രമല്ല ശ്രേയസിനെയും ജെയ്‌സ്വാളിനെയും പുറത്താക്കിയതില്‍ മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ അശ്വിനും തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. സെലക്ഷന്‍ ഒരു നന്ദികെട്ട ജോലിയാണെന്നും ഇരു താരങ്ങളോടും തനിക്ക് സങ്കടമുണ്ടെന്നും അശ്വിന്‍ പറഞ്ഞു. മാത്രമല്ല ശ്രേയസിന്റെ പ്രകടനത്തെയും അശ്വിന്‍ പ്രശംസിച്ചു.
‘സെലക്ഷന്‍ ഒരു നന്ദികെട്ട ജോലിയാണ്. നിര്‍ഭാഗ്യവശാല്‍ അവരെ ഒഴിവാക്കേണ്ടി വന്നിട്ടുണ്ട്. ശ്രേയസിനോടും ജെയ്‌സ്വാളിനോടും ആരെങ്കിലും സംസാരിച്ചിട്ടുണ്ടാകും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അവരോട് എനിക്ക് സങ്കടമുണ്ട്, ഇത് ന്യായമല്ല.
ഷോട്ട്‌ബോള്‍ പ്രശ്‌നങ്ങള്‍ മറികടക്കാന്‍ അയ്യര്‍ക്ക് സാധിച്ചിരുന്നു. ഐ.പി.എല്ലില്‍ കഗീസോ റബാദ, ജസ്പ്രീത് ബുംറ എന്നിവരെ അവന്‍ സുഖമായി നേരിട്ടു. കെ.കെ.ആറിനായി അവന്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. അവരെ വിജയിക്കാന്‍ അവന്‍ സഹായിച്ചു. തുടര്‍ന്ന് 2014ന് ശേഷം ആദ്യമായി പഞ്ചാബിനെ ഫൈനലിലേക്ക് നയിച്ചു, അവന്‍ എന്ത് തെറ്റാണ് ചെയ്തത്,’അശ്വിന്‍ പറഞ്ഞു.
അതേസമയം ഇന്ത്യയും പാകിസ്ഥാനും ടൂര്‍ണമെന്റില്‍ ഒരേ ഗ്രൂപ്പില്‍ തന്നെയാണെന്നതും ആരാധകര്‍ക്ക് ആവേശം സൃഷ്ടിക്കുന്ന ഒന്നാണ്. ഗ്രൂപ്പ് ഘട്ടവും ഫൈനലുമടക്കം മൂന്ന് തവണ ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ വരാനുള്ള സാധ്യതകളുമുണ്ട്.