രോഹിത് ശര്‍മ റെഡ് ബോള്‍ ഫോര്‍മാറ്റില്‍ നിന്നും പടിയിറങ്ങിയതിന് പിന്നാലെ വിരാട് കോഹ്‌ലിയും ടെസ്റ്റ് മതിയാക്കാന്‍ ഒരുങ്ങുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
ബി.സി.സി.ഐയിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ വിരാടിനോട് വിരമിക്കല്‍ തീരുമാനം പുനഃപരിശോധിക്കാന്‍ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഇന്ത്യന്‍ എക്‌സ്പ്രസ് അടക്കമുള്ള ദേശീയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
വിരാടിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങളില്‍ സീനിയര്‍ താരങ്ങള്‍ അടക്കം പ്രതികരിച്ചിരുന്നു. താരം വിരമിക്കല്‍ തീരുമാനം പിന്‍വലിക്കണമെന്നും ക്രിക്കറ്റില്‍ തുടരണമെന്നുമുള്ള ആവശ്യമാണ് താരങ്ങളും ആരാധകരും ഉന്നയിച്ചത്.
വിരാട് ടീമിനൊപ്പം തുടരണമെന്നാണ് മുന്‍ ഇന്ത്യന്‍ താരം ലാല്‍ ചന്ദ് രാജ്പുത്തും അഭിപ്രായപ്പെട്ടത്. വിരാട് ടീമിലെ അവിഭാജ്യ ഘടകമാണെന്നും ഇംഗ്ലണ്ട് പര്യടനത്തിലെങ്കിലും കൂടെ വേണമെന്ന് ബി.സി.സി.ഐ വിരാടിനോട് ആവശ്യപ്പെടുമെന്ന് കരുതുന്നതായും രാജ്പുത് കൂട്ടിച്ചേര്‍ത്തു.
‘വിരാട് കോഹ്‌ലി എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളാണെന്ന് ഞാന്‍ പറയും. അവന്റെ കണ്‍വേര്‍ഷന്‍ റേറ്റുകളും ചെയ്‌സിങ്ങിലൂടെ വിജയിപ്പിച്ച മത്സരങ്ങളും വളരെ മികച്ചതാണ്. രണ്ട് ഫോര്‍മാറ്റിലും നിന്നായി 75ലധികം സെഞ്ച്വറികളും അവന്‍ നേടിയിട്ടുണ്ട്.
നിങ്ങളവന്റെ റെക്കോഡുകള്‍ പരിശോധിക്കുകയാണെങ്കില്‍, സച്ചിന്‍ ടെന്‍ഡുല്‍ക്കറിനല്ലാതെ മറ്റാര്‍ക്കും ആ റെക്കോഡുകള്‍ക്കൊപ്പമെത്താന്‍ സാധിക്കുമെന്ന് ഞാന്‍ കരുതുന്നില്ല,’ പി.ടി.ഐയോട് രാജ്പുത് പറഞ്ഞു.
‘ഏറെ പരിചയസമ്പന്നനായ താരമാണ് വിരാട്. ഇംഗ്ലണ്ട് പരമ്പരയിലെങ്കിലും കളിക്കണമെന്ന് ബി.സി.സി.ഐ ഉറപ്പായും വിരാടിനോട് അഭ്യര്‍ത്ഥിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. എന്താണ് സംഭവിക്കുന്നതെന്ന് പൂര്‍ണമായും അറിയാത്തതിനാല്‍ അനവസരത്തിലായിരിക്കാം ഇക്കാര്യങ്ങള്‍ സംസാരിക്കുന്നത്.
അവര്‍ വിരാടിനെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടോ ഇല്ലയോ എന്നൊന്നും അറിയില്ല, എന്നാല്‍ ഒരു തീരുമാനമെടുത്തുകഴിഞ്ഞാല്‍ അക്കാര്യത്തില്‍ നമുക്ക് കൃത്യത ലഭിക്കും. വിരാട് ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ കളിക്കുമെന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജൂണിലാണ് ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ മത്സരങ്ങള്‍ ആരംഭിക്കുന്നത്. അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയാണ് ഇന്ത്യ ഇംഗ്ലണ്ടിലെത്തി കളിക്കുക. നേരത്തെ, ഇന്ത്യ ഇംഗ്ലണ്ടില്‍ പര്യടനത്തിനെത്തിയപ്പോള്‍ പരമ്പര 2-2 എന്ന നിലയില്‍ സമനിലയിലായിരുന്നു.