പ്രഥമ ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിക്കായുള്ള ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ ആദ്യ ടെസ്റ്റ് ലീഡ്‌സിലെ ഹെഡിങ്‌ലിയില്‍ തുടരുകയാണ്. ആദ്യ ഇന്നിങ്‌സ് ബാറ്റിങ് പൂര്‍ത്തിയാക്കിയ ഇന്ത്യ രണ്ടാം ദിവസം തന്നെ ഇംഗ്ലണ്ടിന്റെ മൂന്ന് വിക്കറ്റും വീഴ്ത്തിയാണ് ആതിഥേയരെ സമ്മര്‍ദത്തിലേക്ക് തള്ളിയിടാന്‍ ഒരുങ്ങുന്നത്.
ബുംറ പരമ്പരയിലെ എല്ലാ മത്സരത്തിലും കളത്തിലിറങ്ങില്ല എന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. വര്‍ക്ക് ലോഡ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ബുംറ മൂന്ന് മത്സരങ്ങളില്‍ മാത്രമാണ് കളിക്കുന്നത്. തുടര്‍ച്ചയായ ടെസ്റ്റുകളില്‍ ഇന്ത്യ താരത്തെ കളത്തിലിറക്കിയേക്കില്ല.
എന്നാല്‍ ബുംറ പരമ്പരയിലെ എല്ലാ മത്സരങ്ങളും കളിക്കുമെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം ഈശ്വര്‍ പാണ്ഡേ. ബുംറയുടെ ആരോഗ്യ സ്ഥിതി അനുസരിച്ചായിക്കും ഇതുസംബന്ധിച്ച് തീരുമാനങ്ങളെന്നും എന്നാല്‍ അദ്ദേഹം എല്ലാ മത്സരങ്ങളും കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പാണ്ഡേ പറഞ്ഞു.
‘ഇക്കാര്യം ബുംറ നേരത്തെ തന്നെ പറഞ്ഞിട്ടുള്ളതാണ്. എന്നിരുന്നാലും മത്സരങ്ങളില്‍ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി അനുസരിച്ചായിരിക്കും കാര്യങ്ങള്‍. ഈ പരമ്പരയില്‍ അഞ്ച് മത്സരങ്ങളുണ്ട്, ഇത് കൂടുതല്‍ വര്‍ക്ക് ലോഡിനെയാണ് സൂചിപ്പിക്കുന്നത്. പക്ഷേ ബുംറ അഞ്ച് മത്സരത്തിലും പന്തെറിയുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്,’ പാണ്ഡേ പറഞ്ഞു.
നേരത്തെ നടന്ന ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തില്‍ ബുംറയുടെ സാന്നിധ്യം ഇന്ത്യന്‍ നിരയില്‍ നിര്‍ണായകമായിരുന്നു. പരമ്പരയില്‍ ആകെ 104 ഓവറുകള്‍ പന്തെറിഞ്ഞ ബുംറ 19 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്.
ഇംഗ്ലണ്ടില്‍ കളിച്ച ഒമ്പത് മത്സരത്തില്‍ നിന്നും 26.27 ശരാശരിയില്‍ 37 വിക്കറ്റുകളാണ് ബുംറ സ്വന്തമാക്കിയിട്ടുള്ളത്.
അതേസമയം, മത്സരത്തില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 359 എന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിവസം ആരംഭിച്ചത്. രണ്ടാം ദിവസം 20 റണ്‍സ് കൂടി സ്വന്തമാക്കിയ ശേഷം ക്യാപ്റ്റന്‍ പുറത്തായി. 227 പന്ത് നേരിട്ട് 147 റണ്‍സുമായാണ് ശുഭ്മന്‍ ഗില്‍ പുറത്തായത്.
എട്ട് വര്‍ഷത്തിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ കരുണ്‍ നായര്‍ നിരാശപ്പെടുത്തി. പൂജ്യത്തിനാണ് താരം മടങ്ങിയത്.
കരുണിന് പിന്നാലെ റിഷബ് പന്തിന്റെ വിക്കറ്റും ടീമിന് നഷ്ടമായി. എന്നാല്‍ പുറത്താകും മുമ്പ് തന്നെ പന്ത് കരിയറിലെ മറ്റൊരു സെഞ്ച്വറിയും പൂര്‍ത്തിയാക്കിയിരുന്നു. 178 പന്ത് നേരിട്ട് 134 റണ്‍സുമായാണ് പന്ത് തിരിച്ചുനടന്നത്. ജോഷ് ടംഗിന്റെ പന്തില്‍ വിക്കറ്റിന് മുമ്പില്‍ കുടുങ്ങിയായിരുന്നു പന്തിന്റെ മടക്കം.
പിന്നാലെയെത്തിയവര്‍ക്കൊന്നും ചെറുത്തുനില്‍ക്കാന്‍ പോലും സാധിക്കാതെ വന്നതോടെ ഇന്ത്യ 471ന് പുറത്തായി.
ഇംഗ്ലണ്ടിനായി ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സും ജോഷ് ടംഗും നാല് വിക്കറ്റ് വീതം സ്വന്തമാക്കി. ഷോയ്ബ് ബഷീറും ബ്രൈഡന്‍ കാര്‍സുമാണ് ശേഷിച്ച വിക്കറ്റെടുത്തത്.
ആദ്യ ഇന്നിങ്‌സിനിറങ്ങിയ ഇംഗ്ലണ്ടിന് ആദ്യ ഓവറില്‍ തന്നെ തിരിച്ചടിയേറ്റു. ബുംറയെറിഞ്ഞ ഓവറിലെ അവസാന പന്തില്‍ കരുണ്‍ നായരിന് ക്യാച്ച് നല്‍കി സാക്ക് ക്രോളി മടങ്ങി. നാല് റണ്‍സ് മാത്രമാണ് താരം സ്വന്തമാക്കിയത്.
എന്നാല്‍ വണ്‍ ഡൗണായെത്തിയ വൈസ് ക്യാപ്റ്റന്‍ ഒലി പോപ്പിനൊപ്പം ചേര്‍ന്ന് ബെന്‍ ഡക്കറ്റ് രണ്ടാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ടുമായി ഇംഗ്ലണ്ടിന് അടിത്തറയൊരുക്കി. ടീം സ്‌കോര്‍ 126ല്‍ നില്‍ക്കവെ ബെന്‍ ഡക്കറ്റിനെ കൂടാരം കയറ്റി ജസ്പ്രീത് ബുംറ വീണ്ടും ഇന്ത്യയ്ക്കാവശ്യമായ ബ്രേക് ത്രൂ സമ്മാനിച്ചു. 94 പന്തില്‍ 62 റണ്‍സുമായാണ് ഡക്കറ്റ് മടങ്ങിയത്.
ജോ റൂട്ടാണ് ശേഷം ക്രീസിലെത്തിയത്. റൂട്ടിനെ ഒപ്പം കൂട്ടി പോപ്പ് വീണ്ടും സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. മൂന്നാം വിക്കറ്റില്‍ 80 റണ്‍സിന്റെ കൂട്ടുകെട്ടുമായി ഇരുവരും ചേര്‍ന്ന് ഇന്നിങ്‌സ് കെട്ടിപ്പൊക്കുന്നതിനിടെ റൂട്ടിനെ മടക്കി ബുംറ അടുത്ത ബ്രേക് ത്രൂവും സമ്മാനിച്ചു. 58 പന്തില്‍ 28 റണ്‍സ് നേടിയാണ് റൂട്ട് മടങ്ങിയത്.
ഒടുവില്‍ രണ്ടാം ദിനം അവസാനിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 209 എന്ന നിലയില്‍ ഇംഗ്ലണ്ട് ബാറ്റിങ് തുടരുകയാണ്. 131 പന്തില്‍ 100 റണ്‍സുമായി ഒലി പോപ്പും 12 പന്ത് നേരിട്ട് റണ്‍സൊന്നും നേടാതെ ഹാരി ബ്രൂക്കുമാണ് ക്രീസില്‍.
Content Highlight: Former Indian player Ishwar Pandey says Jasprit Bumrah will play all 5 matches