ഏറെ നാളുകളായി ഇന്ത്യന്‍ ടീമില്‍ ഇടം നേടാന്‍ സാധിക്കാതെ പോയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റും കമന്റേറ്റുമായ ആകാശ് ചോപ്ര. വരാനിരിക്കുന്ന ഐ.പി.എല്‍ ഇഷാന്‍ കിഷനെ സംബന്ധിച്ച് ഏറെ പ്രധാനമാണെന്നും ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്താനുള്ള അവസരമാണെന്നും ചോപ്ര പറഞ്ഞു.
തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എല്ലാവരും മറന്നുപോയ ഇഷാന്‍ കിഷനെ സംബന്ധിച്ച് ഇത് വളരെ വലിയ അവസരമാണ്. ആരും തന്നെ അവനെ കുറിച്ച് ഒന്നും തന്നെ സംസാരിക്കുന്നില്ല. ആഭ്യന്തര തലത്തില്‍ അവന്‍ മികച്ച രീതിയില്‍ സ്‌കോര്‍ ചെയ്തു. പക്ഷേ ആരും അവനെ കുറിച്ച് സംസാരിക്കുകയോ ചര്‍ച്ച ചെയ്യുകയോ ചെയ്യുന്നില്ല,’ ചോപ്ര പറഞ്ഞു.
ഏകദിനത്തില്‍ ഇഷാന്‍ കിഷന്‍ ഇരട്ട സെഞ്ച്വറി നേടിയ കാര്യവും മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഓര്‍മിപ്പിച്ചു.
‘ഇഷാന്‍ കിഷന്‍ ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടിയിട്ടുണ്ട്. 50 ഓവര്‍ ഫോര്‍മാറ്റില്‍ ഏത്ര താരങ്ങള്‍ ഇരുന്നൂറടിച്ചിട്ടുണ്ട്? ഇഷാന്‍ കിഷന് സിക്‌സറുകള്‍ നേടാനും മത്സരത്തിന്റെ ഗതി മാറ്റി മറിക്കാനും സാധിക്കും,’ ചോപ്ര കൂട്ടിച്ചേര്‍ത്തു.
2022ല്‍ ബംഗ്ലാദേശിനെതിരെയായിരുന്നു ഇഷാന്‍ കിഷന്റെ ഇരട്ട സെഞ്ച്വറി പിറവിയെടുത്തത്. 131 പന്ത് നേരിട്ട താരം പത്ത് സിക്‌സറുകളും 24 ഫോറുമടക്കം 210 റണ്‍സാണ് അടിച്ചെടുത്തത്. ഇഷാന്റെ കരുത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 409 റണ്‍സ് നേടുകയും ബംഗ്ലാദേശിനെ 182ല്‍ എറിഞ്ഞിട്ട് 227 റണ്‍സിന്റെ പടുകൂറ്റന്‍ വിജയം സ്വന്തമാക്കുകയും ചെയ്തിരുന്നു.
ഏകദിനത്തില്‍ പത്ത് താരങ്ങളാണ് ഇരട്ട സെഞ്ച്വറി നേടിയത്. ഇതില്‍ അഞ്ച് പേരും ഇന്ത്യന്‍ താരങ്ങളാണ്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വിരേന്ദര്‍ സേവാഗ്, രോഹിത് ശര്‍മ, ശുഭ്മന്‍ ഗില്‍ എന്നിവരാണ് ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടിയ മറ്റ് ഇന്ത്യന്‍ താരങ്ങള്‍.
നേരത്തെ ബി.സി.സി.ഐയുടെ നിര്‍ദേശം അവഗണിച്ച് ഡൊമസ്റ്റിക് ക്രിക്കറ്റ് കളിക്കാതിരിക്കുകയും ഐ.പി.എല്ലിനായി തയ്യാറെടുക്കുകയും ചെയ്തതോടെ ഇഷാന്‍ കിഷന് അപെക്‌സ് ബോര്‍ഡിന്റെ സെന്‍ട്രല്‍ കോണ്‍ട്രാക്ട് നഷ്ടപ്പെട്ടിരുന്നു. ഇതോടെയാണ് ഇന്ത്യന്‍ ടീമില്‍ നിന്നും താരത്തിന് സ്ഥാനം നഷ്ടമായത്.
ഇഷാന് പുറമെ ശ്രേയസ് അയ്യരിനും സെന്‍ട്രല്‍ കോണ്‍ട്രാക്ട് നഷ്ടമായിരുന്നു. ഇതിന് ശേഷമാണ് ഇരുവരും ഡൊമസ്റ്റിക് ക്രിക്കറ്റിലേക്ക് വീണ്ടുമെത്തിയത്.
ഈ സംഭവത്തിന് ശേഷം ഇഷാന്‍ ഇന്ത്യന്‍ ജേഴ്‌സിയില്‍ കളിച്ചില്ലെങ്കിലും ശ്രേയസ് അയ്യരിന് ടീമിലേക്ക് വിളിയെത്തി. ടീമിനൊപ്പം ചാമ്പ്യന്‍സ് ട്രോഫി കിരീടം സ്വന്തമാക്കുകയും ചെയ്തു. ഇതോടെ സെന്‍ട്രല്‍ കോണ്‍ട്രാക്ടിലേക്ക് ശ്രേയസ് അയ്യര്‍ മടങ്ങിയെത്തുമെന്ന് ഉറപ്പായിരിക്കുകയാണ്.
ബി.സി.സി.ഐയുടെ നിര്‍ദേശം അനുസരിച്ച് ആഭ്യന്തര മത്സരങ്ങളില്‍ സജീവമായതോടെ ഇഷാനും കരാര്‍ ലഭിച്ചേക്കുമെന്നാണ് കണക്കുകൂട്ടല്‍.
അതേസമയം, ഐ.പി.എല്ലില്‍ പുതിയ ടീമിനൊപ്പമാണ് ഇഷാന്‍ കിഷന്‍ കളത്തിലിറങ്ങുക. ഏറെ നാളത്തെ ബന്ധം അവസാനിപ്പിച്ച് തങ്ങളുടെ വിക്കറ്റ് കീപ്പര്‍ ബാറ്ററെ മെഗാ ലേലത്തില്‍ ഓക്ഷന്‍ പൂളിലേക്ക് ഇറക്കിവിട്ട മുംബൈ ഇന്ത്യന്‍സിന് താരത്തെ തിരികെയെത്തിക്കാന്‍ സാധിച്ചിരുന്നില്ല. സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് ബീഹാര്‍ താരത്തെ റാഞ്ചിയത്. 11.75 കോടിയാണ് താരത്തിനായി ഹൈദരാബാദ് മുടക്കിയത്.
Content Highlight: Former Indian cricketer Akash Chopra about Ishan Kishan