‘ഞാന്‍ ബ്രൂക്കിന്റെ പ്രകടനത്തെ സച്ചിന്‍ ടെന്‍ഡുല്‍ക്കറുമായി താരതമ്യം ചെയ്യും. ഇരു താരങ്ങളുടെയും കരിയറിന്റെ തുടക്കത്തിലുള്ള കണക്കുകള്‍ പരിശോധിക്കുകകയാണെങ്കില്‍ അവന്‍ സച്ചിനെ മറികടക്കുകയും ചെയ്തു,’ ചാപ്പല്‍ അഭിപ്രായപ്പെട്ടു.
‘ഹാരി ബ്രൂക്കിന് ഇപ്പോള്‍ 25 വയസ് മാത്രമാണ് പ്രായമുള്ളത്. എന്നാല്‍ ഇതിനോടകം തന്നെ അവന്റെ പേര് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായിരിക്കുകയാണ്. അവന്റെ ആക്രമണോത്സുക ബാറ്റിങ് പ്രകടനങ്ങള്‍ ടീമിന് ഗുണകരമാണെന്ന് പലതവണ നമ്മള്‍ കണ്ടിട്ടുണ്ട്. സച്ചിനെ പോലെ ക്രീസില്‍ കാര്യമായ മൂവ്‌മെന്റുകളൊന്നും അവന്‍ നടത്താറില്ല.
ഓരോ ഡെലിവെറികളുടെയും ലൈനും ലെങ്ത്തും കൃത്യമായി മനസിലാക്കാന്‍ ബ്രൂക്കിന്റെ ടെക്‌നിക്ക് അവനെ സഹായിക്കുന്നു. ഇതിലൂടെ ഷോട്ട് കളിക്കാന്‍ അവന് കൂടുതല്‍ സമയം ലഭിക്കുന്നു. നേരിടുന്ന മിക്ക പന്തുകളിലും അവന്‍ റണ്‍സ് കണ്ടെത്തുന്നു.
ഇരു ഭാഗങ്ങളിലേക്കും സ്‌കോര്‍ ചെയ്യാന്‍ സച്ചിന്‍ ബൗളര്‍മാരുടെ വേഗതയാണ് ഉപയോഗപ്പെടുത്തിയത്. ബ്രൂക്ക് സച്ചിനേക്കാള്‍ വലുതും ശക്തനും ആണെങ്കില്‍ കൂടിയും ഇതേ രീതി തന്നെയാണ് അവനും പിന്തുടരുന്നത്,’ ചാപ്പല്‍ കൂട്ടിച്ചേര്‍ത്തു.
സഹതാരം ജോ റൂട്ടിനൊപ്പം
ഈ വര്‍ഷം മികച്ച പ്രകടനമാണ് താരം നടത്തിയത്. റെഡ് ബോള്‍ ഫോര്‍മാറ്റില്‍ ഈ കലണ്ടര്‍ ഇയറില്‍ ഏറ്റവുമധികം റണ്‍സ് നേടി താരങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനത്താണ് ഹാരി ബ്രൂക്ക് ഇടം നേടിയിരിക്കുന്നത്.
20 ഇന്നിങ്‌സില്‍ നിന്നും 55.00 എന്ന മികച്ച ശരാശരിയില്‍ 1100 റണ്‍സാണ് 2024ല്‍ താരം സ്വന്തമാക്കിയത്. നാല് സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറിയുമാണ് താരം ഈ വര്‍ഷം സ്വന്തമാക്കിയത്.
കരിയറിലെ ഏറ്റവും മികച്ച പ്രകടനവും ഈ വര്‍ഷം താരം പുറത്തെടുത്തിരുന്നു. ഇംഗ്ലണ്ടിന്റെ പാകിസ്ഥാന്‍ പര്യടനത്തിലെ മുള്‍ട്ടാന്‍ ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടിയാണ് ബ്രൂക്ക് തിളങ്ങിയത്.
ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങിലും താരം നേട്ടമുണ്ടാക്കി. നിലവില്‍ ജോ റൂട്ടിന് കീഴില്‍ രണ്ടാം റാങ്കാണ് താരത്തിനുള്ളത്. കരിയറിലെ ഏറ്റവും മികച്ച റേറ്റിങ്ങും ഈ വര്‍ഷം സ്വന്തമാക്കിയ ബ്രൂക്ക് ഒരുവേള റൂട്ടിനെ മറികടന്ന് ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുമെത്തിയിരുന്നു.
സഹതാരം ജോ റൂട്ടിനൊപ്പം
ഇതിന് പുറമെ ഐ.സി.സി ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍, ഐ.സി.സി ടെസ്റ്റ് ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരങ്ങള്‍ക്കുള്ള അവസാന നാലിലും ബ്രൂക്കിന് ഇടം നേടാന്‍ സാധിച്ചു. ഇന്ത്യന്‍ സൂപ്പര്‍ താരം ജസ്പ്രീത് ബുംറ, ഓസ്‌ട്രേലിയന്‍ വെടിക്കെട്ട് വീരന്‍ ട്രാവിസ് ഹെഡ്, മോഡേണ്‍ ഡെ ലെജന്‍ഡ് ജോ റൂട്ട് എന്നിവര്‍ക്കൊപ്പമാണ് ഐ.സി.സി ക്രിക്കറ്റര്‍ ഓഫ് ദി ഇയറിന്റെ നോമിനേഷനില്‍ താരം ഇടം നേടിയിരിക്കുന്നത്. ഐ.സി.സി ടെസ്റ്റ് ക്രിക്കറ്റര്‍ ഓഫ് ദി ഇയറിലാകട്ടെ ബ്രൂക്കിനൊപ്പം ജോ റൂട്ടും ബുംറയും ഇടം പിടിച്ചു. ലങ്കന്‍ യുവതാരം കാമിന്ദു മെന്‍ഡിസാണ് ഈ പട്ടികയിലെ നാലാമന്‍.
Content Highlight: Former Indian coach Greg Chapeall praises Harry Brook