ആവേശമുയർത്തിയും എട്ടാം ചാമ്പ്യനെയും സമ്മാനിച്ച് ഐ.പി.എൽ കൊടിയിറങ്ങിയിരിക്കുന്നു. ഇനി ആരാധകർ കാത്തിരിക്കുന്നത് ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനാണ്. പുതിയ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന് കീഴിയിൽ ഇന്ത്യൻ ടീം എങ്ങനെ പ്രകടനം നടത്തുമെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. സൂപ്പർ താരങ്ങളായ രോഹിത് ശർമയും വിരാട് കോഹ്‌ലിയുമില്ലാതെയാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരെ ഇറങ്ങുന്നതെന്ന പ്രത്യേകതയുമുണ്ട് ഈ പരമ്പരയ്ക്ക്.
അതുപോലെ ആരാധകർ ഉറ്റുനോക്കുന്ന മറ്റൊരു കാര്യമാണ് സൂപ്പർ ബൗളറായ ജസ്പ്രീത് ബുംറ എത്ര മത്സരങ്ങളിൽ ഇന്ത്യൻ കുപ്പായത്തിലിറങ്ങുമെന്ന്. പരിക്ക് കാരണമാണ് താരത്തിനെ രോഹിത്തിന്റെ പിൻഗാമിയായി നിയമിക്കാത്തതെന്നും ഇംഗ്ലണ്ടിനെതിരെയായ പരമ്പരയിൽ എല്ലാ ടെസ്റ്റിലും താരം കളിച്ചേക്കില്ലെന്നും സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗർക്കാർ വ്യതമാക്കിയിരുന്നു.
ഇപ്പോൾ ബുംറയ്ക്ക് എങ്ങനെ എല്ലാ മത്സരങ്ങളിലും ഇറങ്ങാനാവുമെന്നതിനെ കുറിച്ച് സംസാരിക്കുകയാണ് മുൻ ഇന്ത്യൻ ബൗളിങ് കോച്ച് ഭരത് അരുൺ. ഒരു മത്സരത്തിൽ ബുംറ എറിയുന്ന ഓവറുകൾക്കനുസരിച്ച് പ്രാക്ടീസ് സെഷനുകൾ ക്രമീകരിക്കാവുന്നതാണെന്നും ബുംറയുടെ പ്രസൻസ് മറ്റ് ബൗളറുകളെ പ്രചോദിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘കൂടുതലോ കുറവോ ബൗൾ ചെയ്യുന്നത് ഏതൊരു ബൗളറെയും പരിക്കേൽപ്പിക്കാം. ഒരു ടെസ്റ്റ് മത്സരത്തിൽ അവൻ എത്ര ഓവറുകൾ എറിയുന്നുവെന്ന് നമുക്ക് നിയന്ത്രിക്കാനാവില്ല.
അവൻ എറിയുന്ന ഓവറുകൾക്കനുസരിച്ച് പ്രാക്ടീസ് സെഷനുകൾ ക്രമീകരിക്കാവുന്നതാണ്. അവന് റിക്കവറിയിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ബുംറയുടെ പ്രസൻസ് മറ്റ് ബൗളറുകളെ പ്രചോദിപ്പിക്കുന്നു. അതിനാൽ ടീമിൽ അവനുണ്ടാകേണ്ടത് വളരെ പ്രധാനമാണ്,’ അരുൺ പറഞ്ഞു.
ബുംറ ടീമിന്റെ മൂല്യമേറ്റുന്നുവെന്നും മറ്റെല്ലാ ബൗളർമാരും അവനെ പിന്തുണക്കുകയാണെങ്കിൽ താരത്തിന് എല്ലാ മത്സരങ്ങളിലും കളിക്കാനാവുമെന്നും ഭരത് അരുൺ കൂട്ടിച്ചേർത്തു.
‘ബുംറ ടീമിന്റെ മൂല്യമേറ്റുന്നു. ഇംഗ്ലണ്ടിലെ എല്ലാ ടെസ്റ്റിലും അവൻ കളിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. മറ്റെല്ലാ ബൗളർമാരും അവനെ പിന്തുണക്കുകയാണെങ്കിൽ ബുംറയ്ക്ക് എല്ലാ മത്സരങ്ങളിലും കളിക്കാനാവും. അവൻ മൂന്ന് മത്സരങ്ങൾക്ക് മാത്രമാണ് ഫിറ്റ് എന്ന് പറയുന്നത് തെറ്റാണ്. മറ്റ് ബൗളർമാർ എല്ലാ മത്സരങ്ങളിലും ബുംറയെ പിന്തുണയ്‌ക്കേണ്ടത് അത്യാവശ്യമാണ്,’ ഭരത് അരുൺ കൂട്ടിച്ചേർത്തു.
Content Highlight: Former Indian Bowling Coach Bharat Arun talks about Jasprit Bumrah