2025ലെ ഏഷ്യാ കപ്പിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. ഇതോടെ 15 അംഗ സ്‌ക്വാഡിനെ ഇന്ത്യ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ക്യാപ്റ്റനായി സൂര്യകുമാര്‍ യാദവിനെയും വൈസ് ക്യാപ്റ്റനായി ശുഭ്മന്‍ ഗില്ലിനെയുമാണ് സെലക്ഷന്‍ കമ്മിറ്റി തെരഞ്ഞെടുത്തത്.
സെപ്റ്റംബര്‍ ഒമ്പതിനാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. ഇന്ത്യയുടെ ബൗളിങ് ആക്രമണം ഏറ്റെടുത്തത് ജസ്പ്രീത് ബുംറയാണ്. പതിവ് പോലെ തന്റെ പേസ് അറ്റാക്ക് താരം കാഴ്ചവെക്കുമെന്നാണ് ആരാധകരും വിശ്വസിക്കുന്നത്.
ഇപ്പോള്‍ ബുംറയെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ബൗളിങ് പരിശീലകന്‍ ഭരത് അരുണ്‍. ഉയര്‍ന്ന ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ വിരാടിനെ പോലെ ജസ്പ്രീത് ബുംറ ഏറെ ത്യാഗങ്ങള്‍ സഹിക്കേണ്ടിവന്നു എന്ന് ഭരത് പറഞ്ഞു.
മാത്രമല്ല തുടക്കത്തില്‍ തന്നെ മികച്ച സ്പീഡിലാണ് ബുംറ പന്തറിഞ്ഞതെന്നും താരത്തിന്റെ ആക്ഷന്‍ മാറ്റാന്‍ തങ്ങള്‍ ആഗ്രഹിച്ചിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല ബുംറ ഒരു കാളയെ പോലെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘തുടക്കം മുതല്‍ തന്നെ അദ്ദേഹത്തിന് മികച്ച വേഗത ഉണ്ടായിരുന്നു. ബുംറയുടെ ആക്ഷന്‍ മാറ്റാന്‍ ഞങ്ങള്‍ ആഗ്രഹിച്ചില്ല, കാരണം അത് അതുല്യവും വേഗത വര്‍ദ്ധിപ്പിക്കുന്നതില്‍ അദ്ദേഹത്തെ സഹായിക്കുന്നതുമായിരുന്നു. അവന്റെ ശ്രദ്ധ ഭക്ഷണക്രമത്തിലേക്ക് മാറി, ഒരു ഉയര്‍ന്ന തലത്തിലുള്ള അത്‌ലറ്റാകാന്‍ അവന് ഒരുപാട് കാര്യങ്ങള്‍ ഉപേക്ഷിക്കേണ്ടി വന്നു.
അവന്‍ ഒരു കാളയെപ്പോലെയാകണമെന്ന് ഞങ്ങള്‍ അവനോട് പറഞ്ഞു. അവന്‍ സ്വയം മാറാന്‍ സമ്മതിക്കുകയും ആരോഗ്യകരമായ ഭക്ഷണം കഴിക്കാന്‍ തുടങ്ങുകയും ചെയ്തു. വിരാട് കോഹ്‌ലിയെപ്പോലെ അവനും സമര്‍പ്പിതനായിരുന്നു,’ ബോംബെ സ്‌പോര്‍ട്ടിനോട് ഭരത് അരുണ്‍ പറഞ്ഞു.
അതേസമയം ഇന്ത്യയും പാകിസ്ഥാനും ടൂര്‍ണമെന്റില്‍ ഒരേ ഗ്രൂപ്പില്‍ തന്നെയാണെന്നതും ആരാധകര്‍ക്ക് ആവേശം സൃഷ്ടിക്കുന്ന ഒന്നാണ്. ഗ്രൂപ്പ് ഘട്ടവും ഫൈനലുമടക്കം മൂന്ന് തവണ ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ വരാനുള്ള സാധ്യതകളുമുണ്ട്.